ഇടക്കാലത്ത് വിവാദം കത്തിനിന്ന "മതമില്ലാത്ത ജീവന്‍" എന്ന ആ പാഠഭാഗത്തെ ഇപ്പോള്‍ വീണ്ടും ഓര്‍ക്കാന്‍ കാരണമുണ്ട്. അടുത്തിടെ പത്രത്തില്‍ കണ്ട ചില വാര്‍ത്തകളാണ് അത്. അന്യമതത്തില്‍ പെട്ടവരോട് കൂടുതല്‍ ഇടപഴകിയാല്‍, മതത്തെ വിമര്‍ശിച്ചാല്‍ ഒക്കെ കൈകാര്യം ചെയ്യാന്‍ ഒരു സമാന്തരപോലിസ് രൂപീകരിച്ചിരിക്കുന്നു എന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വാര്‍ത്തയാണ് ഒന്ന് . മറ്റൊന്ന് ഭഗവദ് ഗീത ഒരു മതഗ്രന്ഥമല്ല എന്ന് പറഞ്ഞതിന് സ്വാമി സന്ദീപാനന്ദഗിരിയെ ഭീഷണിപ്പെടുത്തി എന്നതും. എന്‍റെ ചെറിയ ബുദ്ധിയിലെ സംശയം ഇതാണ്. ദൈവം എന്നെ കാക്കുന്നു എന്നാണു ഞാന്‍ ഇതുവരെ വിശ്വസിച്ചുവെച്ചിരിക്കുന്നത്. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ എന്നെ തിരിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. എല്ലാം നിയന്ത്രിക്കുന്ന ആ ശക്തിയെ നമ്മളാണോ സംരക്ഷിക്കുന്നത്? എന്‍റെ ഒരു കൂട്ടുകാരി പറഞ്ഞ ഒരു തമാശ ഞാന്‍ ഓര്‍ക്കുന്നു. "ഞാന്‍ ഒരു നിവേദ്യം കഴിച്ചു.. നമ്മളീ കൊടുക്കുന്നതല്ലേ ദൈവത്തിനുള്ളു... അല്ലെങ്കില്‍ അദ്ദേഹം പട്ടിണിയാവില്ലേ.." അസഹിഷ്ണുക്കള്‍ ആയിരിക്കുന്നു നമ്മള്‍. മറ്റൊരാളുടെ അഭിപ്രായം തെറ്റോ ശരിയോ, അത് പറയാനുള്ള അവകാശം അംഗീകരിച്ചുകൊടുക്കാന്‍ നമുക്ക് കഴിയുന്നില്ല. എങ്ങോട്ടാണ് നമ്മുടെ യാത്ര?
ഇനി മതമില്ലാത്ത ജീവനെപ്പറ്റി.ഇസ്ലാമായ അച്ഛനും ഹിന്ദുവായ അമ്മയും ആണ് ജീവനുള്ളത്. സ്കൂളില്‍ ജീവനെ ചേര്‍ക്കുന്ന സമയത്ത് അച്ഛന്റെയും അമ്മയുടെയും പേരിനു ശേഷം ഹെഡ്‌മാസ്റ്റര്‍ കുട്ടിയുടെ മതം ചോദിക്കുന്നു. അച്ഛന്‍ പറയുന്നത് ഇതാണ് "ജീവന് മതമില്ല. അവന്‍ എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കട്ടെ.. എന്നിട്ട് വലുതാകുമ്പോള്‍ ഇഷ്ടമുള്ള മതം സ്വീകരിക്കട്ടെ ". ഈ ഒരു പാഠഭാഗത്തില്‍ ഒരു മതത്തെയും നിന്ദിക്കുന്നില്ല. മതം മോശമാണെന്ന് പറയുന്നില്ല. മതത്തില്‍ വിശ്വസിക്കുന്നത് പോലെ, മതം വേണ്ടെന്നു വെക്കാനും ഒരാള്‍ക്ക് അവകാശമുണ്ടെന്നും, ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ കഴിയുമെന്നും എല്ലാ മതങ്ങള്‍ക്കും ഭരണഘടന തുല്യ പരിഗണന തരുന്നുവെന്നുമുള്ള അവബോധം മാത്രമാണ് തരുന്നത്. ജനിച്ച മതം ഉപേക്ഷിച്ച്, ഇഷ്ടമുള്ള മതം സ്വീകരിച്ചവര്‍ നമുക്കിടയില്‍ കുറവല്ല. ബാലചന്ദ്രന്‍ ചുള്ളിക്കാട്, മാധവിക്കുട്ടി എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.
ഒരു ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ അയാള്‍ ഏതു മതത്തില്‍ പെട്ടയാളാണ് എന്ന് നാം ചിന്തിക്കാറില്ല. അയാള്‍ നല്ലൊരു ഡോക്ടര്‍ ആണോ എന്ന് മാത്രമല്ലേ നാം നോക്കുന്നത്? ഒരു ഹോട്ടലില്‍ കയറുമ്പോള്‍ നല്ല ഭക്ഷണം കിട്ടുമോ എന്നതിലുപരി ഏതു മതത്തില്‍ പെട്ടയാളുടെ ഹോട്ടലാണ് എന്ന് നാം ചിന്തിക്കാറുണ്ടോ?
വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രേമലേഖനം എന്ന നോവലിലെ നായിക സാറാമ്മ നായകന്‍ കേശവന്‍ നായരോട് ചോദിക്കുന്നുണ്ട്. "നമ്മുടെ മക്കള്‍ ഏതു മതത്തില്‍ വളരും ?' എന്ന്. അവര്‍ നിര്‍മതരായി വളരട്ടെ എന്നും, എല്ലാ മതങ്ങളെയും കുറിച്ച് അവര്‍ക്ക് പഠിപ്പിച്ചു കൊടുക്കണം എന്നും, എന്നിട്ട് ഇഷ്ടമുള്ള മതം അവര്‍ സ്വീകരിക്കട്ടെ എന്നും അദ്ദേഹം പറയുന്നു. ഒരു മതത്തെയും പ്രതിനിധാനം ചെയ്യാത്ത പേര് തെരഞ്ഞ് അവര്‍ കണ്ടെത്തുന്നത് ആകാശമിട്ടായി എന്ന പേരാണ്. ഇന്നാണ് അദ്ദേഹം അതെഴുതിയതെങ്കിലോ... അദ്ദേഹത്തെ ഇവര്‍ വെറുതെ വിടുമോ? എന്‍റെ പ്രിയ ആകാശമിട്ടായികളെ... നിങ്ങള്‍ക്കുള്ളതല്ല ഈ ലോകം. തിരിച്ചു പോവുക ഗര്‍ഭത്തിലേക്ക്...
..