June 17, 2012

പച്ചവീട്

 പൊടിയും പുകയും കൊണ്ട് കാളിമയാര്‍ന്ന വര്‍ത്തമാനത്തിന്റെ പകലിലേക്ക് അമേയ കണ്ണുകള്‍ തുറന്നു.
                                "അമ്മാ......"
അവള്‍ പതുക്കെ വിളിച്ചു. രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചതിന്റെ ക്ഷീണത്തില്‍ അറിയാതെ ഒന്നു മയങ്ങിയ ശൈലജ ഞെട്ടിയുണര്‍ന്നു.
                                 "അമ്മൂ...."
ശൈലജ നെറ്റിയില്‍ തൊട്ടുനോക്കി. ചൂട് കുറവുണ്ട്. മകളുടെ വാടിയ മുഖവും പരിക്ഷീണിതമായ നോട്ടവും അവളുടെ നെഞ്ചില്‍ കല്ലിപ്പായി വീണുവെങ്കിലും പനി കുറഞ്ഞത് അവളെ ആശ്വസിപ്പിച്ചു.
           "അമ്മാ... ഞാന്‍ സ്വപ്നം കണ്ടു."
ശൈലജ ആധിയുടെ ലോകത്തു നിന്ന് അമ്മുവിന്‍റെ അരികത്തെത്തി.
  "എന്താ എന്‍റെ അമ്മു കണ്ടത്? ഇനി ചേരാന്‍ പോണ പുതിയ സ്കൂളാണോ?"
ആ അഞ്ചു വയസ്സുകാരിയുടെ കണ്ണുകള്‍ ശൈലജയില്‍ തറഞ്ഞുനിന്നു.
                                         "നമ്മടെ പച്ചവീട്"

ശൈലജയെ ബധിരയാക്കിക്കൊണ്ട് ഒരു മുഴക്കമുള്ള ശബ്ദം ചെവിയില്‍ മുഴങ്ങി.അവള്‍ ഒരു നിമിഷം ചലനമറ്റ് നിന്നു. ജീവനില്ലാത്ത ഒരു സങ്കല്‍പ്പത്തിലാണ് മകളുടെ മനസ്സത്രയും. അവള്‍ പുറത്തേയ്ക്കുള്ള ജനല്‍ തുറന്നു. എന്നും കറുത്തിട്ടാണ് ഇവിടെ ആകാശം. കരിയും പുകയും കൊണ്ട് മേനി മിനുപ്പിക്കുന്ന നഗരപ്രാന്തപ്രദേശം. വേരൊന്നുറപ്പിക്കാന്‍ പാടുപെടുകയാണ് പറിച്ചുനടപ്പെട്ട ജീവിതങ്ങള്‍. വാതില്‍ക്കല്‍ കേട്ട ശബ്ദം ശൈലജയെ ഉണര്‍ത്തി. അവള്‍ വാതില്‍ തുറന്നു . അനിരുദ്ധനാണ്. അമ്മുവിന്‍റെ പനി കുറഞ്ഞെന്നു പറയാതെ, അനിയേട്ടാ എന്നുവിളിച്ച് ആ നെഞ്ചില്‍ വീഴാതെ ശൈലജ നോക്കിയ നനഞ്ഞ ഒരു നോട്ടം അയാളുടെ ഹൃദയത്തില്‍ ചെന്ന് പതിച്ചു. അവളുടെ ഉള്ളിലെ വേവുകളത്രയും അയാള്‍ സ്വന്തം നെഞ്ചിലേക്ക് ഏറ്റുവാങ്ങി.

                     "എങ്ങനുണ്ട് അമ്മൂന്?"
മറുപടിയ്ക്ക് കാത്തുനില്‍ക്കാതെ അയാള്‍ മകളുടെ അരികില്‍ ഇരുന്നു. മകളുടെ കണ്ണിലെ തിളക്കത്തിനു പോലും കരിവാളിപ്പ് ബാധിച്ചിരിക്കുന്നതായി അനിരുദ്ധന് തോന്നി.
       "അച്ഛന്‍റെ അമ്മുക്കുട്ടിയ്ക്ക് സുഖായല്ലോ...."
സ്നിഗ്ദ്ധത നഷ്ടപ്പെട്ട അവളുടെ തലമുടി അയാള്‍ കൈ കൊണ്ട് ഒതുക്കിവെച്ചു.
"അച്ഛാ.... അമ്മുക്കുട്ടി പച്ചവീട് സ്വപ്നം കണ്ടു. സ്വപ്നത്തില് ഹാച്ചിയുമുണ്ടായിരുന്നു. ഓടിപ്പോയില്ലേ..... അവനുമുണ്ടായിരുന്നു."

         അസുഖകരമായ ഒരു നിശബ്ദത ആ അണുകുടുംബത്തില്‍ പറന്നു. ഒരു ദീര്‍ഘനിശ്വാസത്തില്‍ ആ അന്തരീക്ഷത്തിന് അയവു വരുത്തിക്കൊണ്ട് ശൈലജ അടുക്കളയിലേക്ക് നടന്നു. അടുക്കള എന്ന് പറയാനില്ല. ഒരാള്‍ക്ക്‌ കഷ്ടി നിന്നുതിരിയാം. അവിടെ ആദ്യം വന്നപ്പോള്‍ ദിക്കറിയാത്തവളെ പോലെ ശൈലജ വട്ടം കരങ്ങിയിരുന്നു. മൂന്നംഗകുടുംബത്തിന് അത് മതിയെന്നുവെയ്ക്കാം. പക്ഷെ കറുത്തുമൂടപ്പെട്ട ആകാശം അവരുടെ ലോകത്തെ ഒന്നാകെ ഞെരുക്കികളഞ്ഞു.ഫാക്ടറിയില്‍ നിന്നുയരുന്ന സൈറന്‍ അമേയയെന്ന അഞ്ചുവയസ്സുകാരിയെ വല്ലാതെ ഭയപ്പെടുത്തി. തന്‍റെ പച്ചവീട്ടിലേക്ക് പോകണമെന്ന വാശി, കരച്ചില്‍, പിന്നെ അത് പനിയായി. പനിയുടെ ഒഴുക്കില്‍ ഒരു സ്വപ്നത്തോണിയുണ്ടാക്കി പച്ചവീട്ടിലേക്ക് പോകുകതന്നെ ചെയ്തു, അമേയ. അവളുടെ പച്ചവീട് സ്വപ്നങ്ങളില്‍ മാത്രമാണ് അവശേഷിക്കുന്നത് എന്ന സത്യം ശൈലജ പറഞ്ഞില്ല, അനിരുദ്ധനും. സത്യത്തില്‍ അവരുടെ വീടിന് പച്ചനിറമായിരുന്നില്ല. മുഷിഞ്ഞ മഞ്ഞനിറമായിരുന്നു. ബോഗന്‍വില്ലകള്‍ കൊണ്ട് മതില്‍ മൂടുകയും അവരുടെ വീടിന്‍റെ നിറം പുറത്തേയ്ക്ക് കാണാതാവുകയും ചെയ്തതോടെ പുറത്തുള്ളവര്‍ പറഞ്ഞുതുടങ്ങി, ആ പാടത്തെ പച്ചവീട്.

     ഭാര്യ മരിച്ച ശേഷം പത്തുവയസ്സുകരനായ അനിരുദ്ധന്‍റെ കയ്യും പിടിച്ച് അനിരുദ്ധന്‍റെ അച്ഛന്‍ കയറിവന്നത് ഇവിടേക്കാണ്. അച്ഛന്‍റെ മരണശേഷം അനിരുദ്ധന്‍ ശൈലജയെ വിവാഹം കഴിച്ചുകൊണ്ടുവന്നതും ഇവിടേയ്ക്കു തന്നെ. നീലടര്‍ക്കിയില്‍ പൊതിഞ്ഞ് ചോരക്കുഞ്ഞായ അമേയയേയും കൊണ്ട് ശൈലജയും അനിരുദ്ധനും വന്നുകയറിയപ്പോള്‍ ഒരു അമ്മയെപ്പോലെ ഈ വീട് സഹര്‍ഷം സ്വാഗതം ചെയ്തത് പോലും അനിരുദ്ധന്‍റെ ഓര്‍മ്മയിലുണ്ട്. അമേയ പിച്ചവെച്ചു നടന്നു തുടങ്ങിയപ്പോള്‍ കൂടെ നടക്കാന്‍ ഹാച്ചിയുമുണ്ടായിരുന്നു. അമേയയുടെ ഒന്നാംപിറന്നാളിന് അനിരുദ്ധന്‍റെ സുഹൃത്ത് സമ്മാനമായി കൊടുത്ത ഹാച്ചി എന്ന പട്ടിക്കുഞ്ഞ്. ശൈലജ അടുക്കളയില്‍ പണിയെടുക്കുമ്പോള്‍ അമേയയ്ക്ക് കാവലായി ഹാച്ചിയുമുണ്ടായിരുന്നു. അമേയ ഗേറ്റിനു പുറത്തേയ്ക്ക് കാലെടുത്തുവെച്ചാല്‍ ഹാച്ചി ഉറക്കെ കുരച്ചു ബഹളം വെയ്ക്കും.എക്സ്പ്രസ്സ്‌ ഹൈവേ വീടിന് മുന്നിലൂടെയാണ് പോകുന്നതെന്ന അഭിമാനം ശൈലജയോടു പങ്കുവെയ്ക്കും മുന്‍പുതന്നെ സ്വന്തം വീടിന്‍റെ മുറ്റവും പൂമുഖവും ഹൈവെയായി മാറുമെന്ന സത്യം അനിരുദ്ധനെ തകര്‍ത്തുകളഞ്ഞിരുന്നു.വീടിനടുത്തുള്ള മണ്‍തിട്ട ഇടിയ്ക്കാന്‍ മണ്ണുമാന്തിയന്ത്രം വന്നത് ഹാച്ചിയും അമേയയും ഒന്നിച്ചാണ് കണ്ടത്. മണ്‍തിട്ട ഇടിക്കുന്ന യന്ത്രത്തെ അമേയ കൌതുകത്തോടെയും ഹാച്ചി അമര്‍ഷത്തോടെയും നോക്കി. അതിന്‍റെ ഭീകരശബ്ദം കേട്ട് ഗേറ്റ് കടന്നോടിയ ഹാച്ചി പിന്നെ തിരിച്ചുവന്നില്ല. അന്നാണ് അമേയയ്ക്ക് ആദ്യമായി പനി വന്നത്. അധികം വൈകാതെ സര്‍ക്കാര്‍ കൊടുത്ത പൈസയും വാങ്ങി, അനിരുദ്ധനും കുടുംബത്തിനും അവിടം വിടേണ്ടിയും വന്നു. ഓടിപ്പോയ ഹാച്ചി പച്ചവീട്ടില്‍ തിരിച്ചെത്തിക്കാണുമെന്ന് തന്നെ അമേയ ഉറച്ചു വിശ്വസിച്ചു. ഫാക്ടറിക്കടുത്ത ക്വാര്‍ട്ടെഴ്സിലെ പൊടിയും പുകയും തട്ടി അമേയയുടെ ഓര്‍മ്മകള്‍ കൂടി കരിവാളിക്കാന്‍ തുടങ്ങിയിരുന്നു. അവള്‍ ചുമയ്ക്കാന്‍ തുടങ്ങി. അവളുടെ ശരീരം പച്ചവീടിന്റെ കുളിര്‍മയ്ക്കായി കൊതിച്ചു. പാടത്തു നിന്നടിക്കുന്ന ഊഷ്മളമായ കാറ്റ് കിട്ടാതെ അവളുടെ ശ്വാസകോശങ്ങള്‍ പിടയാന്‍ തുടങ്ങി. പണിയും ശ്വാസംമുട്ടലുംകൊണ്ട് നാലുദിവസം ഹോസ്പിറ്റലില്‍ കിടന്ന് തിരിച്ചുവന്ന അമേയ വീണ്ടും സ്വപ്നം കണ്ടു, പച്ചവീടിനെ, ഹാച്ചിയെ...

                  ശൈലജ അനിരുദ്ധന് ചോറ് വിളമ്പി . പിന്നെ ഒരല്‍പം കഞ്ഞി ഒരു പാത്രത്തില്‍ എടുത്ത് മകള്‍ക്കരികിലേക്ക്  നടന്നു. സ്വന്തം വിധി സ്വീകരിച്ചതു പോലെ അമേയ അപ്പോള്‍ തീര്‍ത്തും ശാന്തയായിരുന്നു. അവള്‍ ചേരാന്‍ പോകുന്ന സ്കൂളിനെ കുറിച്ച് ശൈലജ വെറുതെ പറഞ്ഞു  തുടങ്ങി. അമേയ അമ്മയെ ആര്‍ദ്രഭാവത്തില്‍ നോക്കി. അവളുടെ ആഴ്ന്നിറങ്ങുന്ന നോട്ടത്തില്‍ ഒളിപ്പിച്ചതെല്ലാം അനാവൃതമായ പോലെ ശൈലജ  തല താഴ്ത്തി. പെട്ടന്ന്‍ താന്‍ സ്വയം ഒരു വിഡ്ഢി ആയതായി ശൈലജക്ക് തോന്നി. മരുന്ന് വായിലൊഴിച്ച് വെള്ളം കൊണ്ട് മകളുടെ മുഖം കഴുകി, സാരിത്തുമ്പ് കൊണ്ട് തുടച്ച് ശൈലജ അടുക്കളയിലേക്ക് നടന്നു. പാത്രങ്ങള്‍ കഴുകി തിരിച്ചുവരുമ്പോള്‍ അനിരുദ്ധന്‍ പോകാനൊരുങ്ങുകയായിരുന്നു. വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിയ അനിരുദ്ധനെ പെട്ടന്ന് ഒരു ഇരുള്‍ വന്ന് മൂടുന്നത് ശൈലജ കണ്ടു. ആകാശം മൂടിയ കരിനിഴല്‍ ഭൂമിയിലേക്കിറങ്ങി തന്‍റെ ലോകം മുഴുവന്‍ കവര്‍ന്നെടുക്കുന്നത് കണ്ട് ശൈലജ നിലവിളിയോടെ നിലത്ത് വീണു. ഒരു പട്ടിക്കുഞ്ഞിന്റെ ദീനദീനമുള്ള കരച്ചില്‍ മാത്രം അവിടമെങ്ങും മുഴങ്ങി.






June 03, 2012

അഖിലയുടെ കനല്‍വഴികള്‍

         അശോക്നഗറിലെ പട്ടാളക്വാര്‍ട്ടെഴ്സിനിടയിലൂടെ നടക്കുമ്പോള്‍ തന്‍റെ തലച്ചോര്‍ ഒട്ടും പ്രവര്‍ത്തിക്കുന്നില്ലായെന്ന് അഖിലയ്ക്ക് തോന്നി. അവളുടെ നെഞ്ചില്‍ എന്നും ഒരു തേങ്ങല്‍ കുറുകിക്കുറുകി നിന്നിരുന്നു. കാണുന്നതും, കേള്‍ക്കുന്നതും മാത്രമാണ് ഇപ്പോള്‍ അവള്‍. ഒന്നും ചിന്തിക്കാന്‍ പറ്റാത്തത്ര യന്ത്രമായി മാറിയിരിക്കുന്നു അവളുടെ മനസ്സ്. ഇളബിശ്വാസ് - വെള്ളക്കല്ല് വെച്ച മൂക്കുത്തിയിട്ട്, കാലുകളില്‍ ചുവന്ന ചായം തേച്ച്, കൈകളില്‍ ചുവപ്പും വെള്ളയും കട്ടിവളകളിട്ട ബംഗാളിപെണ്‍കുട്ടി അവളോടൊപ്പം ഉണ്ടായിരുന്നു. അഖില ഭര്‍ത്താവിനോടൊപ്പം പഞ്ചാബിലെത്തിയപ്പോള്‍  അവള്‍ക്ക് ആദ്യമായും, അവസാനമായും കിട്ടിയ കൂട്ടാണ് ഇള. രണ്ടുപേരുടെയും ഭര്‍ത്താക്കന്മാര്‍ രാത്രിജോലിക്ക് പോകുന്ന രാത്രികളില്‍ അവര്‍ ഒരു ക്വാര്‍ട്ടെറില്‍, ഒരു റൂമില്‍ കിടന്നുറങ്ങി. കൊതുകുവലയ്ക്കു താഴെ, രജായിയ്ക്കുള്ളില്‍ ഒരുപാട് മനസ്സടുപ്പത്തോടെ സംസാരിച്ചു. ബംഗാളിചുവയുള്ള ഹിന്ദി ഏറ്റവും ഹൃദ്യമാണെന്ന് അന്നാണ് അഖിലയ്ക്ക് തോന്നിയത്. അഖില അവിടെ പുതിയതാണ്. വിവാഹം പോലും അവള്‍ക്കുള്‍ക്കൊള്ളാന്‍ കഴിയുംമുമ്പ്  അവള്‍ പഞ്ചാബിലെത്തി. ഇരുണ്ട ഒരു പുലരിയില്‍ പഞ്ചാബിലെ ഒരു കൊച്ചുസ്റ്റേഷനില്‍ വണ്ടിയിറങ്ങുമ്പോള്‍ പെട്ടെന്നൊരു ദു:സ്വപ്നതില്‍പ്പെട്ടതു പോലെ അവള്‍ ഞെട്ടിയിരുന്നു. അവര്‍ ഒറ്റയ്ക്കാകുന്ന രാത്രികളിലൊക്കെ ബംഗാളിലേയും, കേരളത്തിലെയും ഗ്രാമങ്ങളിലൂടെ അവര്‍ ഒന്നിച്ചുസഞ്ചരിച്ചു. മാനസികമായി ഒരുപോലെ ചിന്തിക്കുന്നവരാണ് ബംഗാളികളും, മലയാളികളും എന്നവള്‍ തിരിച്ചറിഞ്ഞു. ഇരുണ്ട നിറമുള്ള തൊലിയുടെ അനാകര്‍ഷകത്വം സമ്മാനിച്ച അപകര്‍ഷതാബോധത്തില്‍ നിന്ന് അഖില മോചിതയായത് ഇളയുടെ സൌഹൃദത്തിന്‍റെ തൂവല്‍പുതപ്പിലൂടെയാണ്. പലപ്പോഴും അഖില ഇളയ്ക്കടിമപ്പെട്ടത്‌ പോലെ അവള്‍ക്കരികില്‍ ചെന്നിരിക്കുമായിരുന്നു. തന്നിലും നാലുവയസ്സിനിളയ  ഈ ബംഗാളിപെണ്‍കുട്ടി അഖിലയെ അത്രത്തോളം അത്ഭുതപ്പെടുത്തി. ഒരുപാട് വളവും തിരിവുമുള്ള കാന്‍ടോണ്‍മെന്‍റ് ഏരിയക്കിടയിലൂടെയുള്ള ടാറിട്ട പാതകളിലൂടെ അവര്‍ നടന്നു. അന്ന് കാലം അവര്‍ക്ക് മുന്‍പിലും പിന്പിലും നിശ്ശബ്ദമായി. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത ക്വാര്‍ട്ടെഴ്സുകള്‍! അതില്‍ നിന്ന് ഉയരുന്ന ചില പിറുപിറുക്കലുകള്‍ കാലങ്ങള്‍ താണ്ടി അവരില്‍ മാത്രം എത്തി.

                 കീഴുദ്യോഗസ്ഥരുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശനത്തിനെത്തുന്ന മേലുദ്യോഗസ്ഥന്മാരുടെ കഴുകന്‍കണ്ണിനെക്കുറിച്ചും, വീട്ടില്‍ നില്‍ക്കുന്ന ഓര്‍ഡര്‍ലിമാരുടെ ചോരയൂറ്റിക്കുടിക്കുന്ന യക്ഷികളായ അവരുടെ ഭാര്യമാരെക്കുറിച്ചും, നെയ്ക്കട്ടി പോലുള്ള അവരുടെ മക്കളെക്കുറിച്ചും അവര്‍ സംസാരിച്ചു. മധുവിധുവിന്റെ ഹര്‍ഷോന്‍മാദത്തേക്കാള്‍ അവര്‍ക്ക് സന്തോഷം പകര്‍ന്നത്, കനലെരിയുന്ന പകലുകളില്‍ ഉപ്പും മുളകുപൊടിയും നാരങ്ങാനീരും ചേര്‍ത്ത് ചുട്ട ചോളവും തിന്നുകൊണ്ടുള്ള അലക്ഷ്യമായ നടത്തമായിരുന്നു. തനിക്കുള്ളില്‍ വളരുന്നത് ഒരു പെണ്‍കുഞ്ഞാണെന്നും അവള്‍ക്ക് അപര്‍ണ എന്ന് പേരിട്ട് 'അപു' എന്നുവിളിക്കുമെന്നും അത്തരമൊരു നടത്തത്തില്‍ ഇള പറഞ്ഞു.

                       ഇരുമ്പുചക്രങ്ങള്‍ തിരിഞ്ഞും മറിഞ്ഞും ഒരുപാട് പ്രാവശ്യം സഞ്ചരിച്ചപ്പോള്‍ അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം അഖില പൂനെയില്‍ എത്തി. കല്ലുകൊണ്ട് പണിത ആ കെട്ടിടങ്ങളിലൊന്നില്‍ ഇളയുണ്ടായിരുന്നു. ഇള അവളെ ചേര്‍ത്തുപിടിച്ചപ്പോള്‍ അവര്‍ക്കിടയില്‍ അഞ്ചുവര്‍ഷങ്ങള്‍ ഉരുകിയൊലിച്ചു. അമ്മയും അച്ഛനും മരിച്ച് അനാഥയായിത്തീര്‍ന്ന ഇള, പിറക്കും മുന്‍പ്‌ അപുവിനെ നഷ്ടപ്പെട്ട ഇള. അവള്‍ക്കു മുന്‍പില്‍ ഇരിക്കുമ്പോള്‍  താന്‍ മറ്റൊരു അമ്മയ്ക്ക് മുന്‍പിലാനിരിക്കുന്നതെന്ന് അഖിലയ്ക്ക് തോന്നി.

                             അമ്മ മരിച്ചിട്ടും പോകാന്‍ കഴിയാതിരുന്ന തന്‍റെ ദുര്യോഗത്തെ കുറിച്ച് ഇള പറഞ്ഞത് കാന്‍ടോണ്‍മെന്‍റ് എരിയക്കടുത്തുള്ള ഒരു ചെറുഗ്രാമത്തിലെ ഇരുണ്ട ഇടനാഴിയില്‍ വെച്ചായിരുന്നു. ആ സന്ധ്യാനേരത്ത് ഒരു കല്യാണഘോഷയാത്ര ആ വഴി വരുന്നുണ്ടായിരുന്നു. കൊട്ടിയും നൃത്തം ചെയ്തും വരുന്ന 'ബാരാത്ത്' അടുത്തെത്തവേ അവര്‍ കുട്ടികളെപ്പോലെ ആഹ്ലാദിച്ചു. തിരിച്ചുനടക്കുമ്പോള്‍ വഴിവിളക്കില്‍ നിന്നുള്ള പ്രകാശം തട്ടി ഇളയുടെ മൂക്കുത്തി പ്രകാശിച്ചു.

                           സന്ധ്യയുടെ ഇരുളിലൂടെ രാത്രിയുടെ പ്രകാശം കെട്ടിടങ്ങളുടെ മുകളിലേക്ക് ഒഴുകിപ്പരന്നു. കുട്ടികളുടെ ശബ്ദങ്ങള്‍, പലഭാഷകളിലുള്ള ശകാരവാക്കുകള്‍, വിവിധതരം ഭക്ഷണങ്ങളുടെ മസാലമണം! കുടിച്ചുവന്ന് അമ്മയെ ഉപദ്രവിച്ച അച്ഛനെ വെട്ടിക്കൊന്ന വിദ്യാര്‍ത്ഥിയായ മകന്‍! അവരുടെ ക്വാര്‍ട്ടേഴ്സ് ഇരുണ്ടുകിടന്നിട്ടും അഖിലയ്ക്കൊട്ടും ഭയം തോന്നിയില്ല. അവര്‍ അന്നേരം കൈകള്‍ കോര്‍ത്തുപിടിച്ചിരുന്നു.

                          തിരികെ അഖില ക്വാര്‍ട്ടെഴ്സില്‍ എത്തുമ്പോള്‍ ഭര്‍ത്താവിന്‍റെയും കൂട്ടുകാരുടേയും ആഹ്ലാദിച്ചുള്ള ചിരി കേട്ടു. അവളെ കണ്ടപ്പോള്‍ 'ദീദി നമസ്തേ'  എന്നു പറഞ്ഞവര്‍ അഭിവാദ്യം ചെയ്തു. അതിലെ ഒരു പൊടിമീശക്കാരന്‍ അവളുടെ കാല്‍ തൊടാന്‍ കുനിഞ്ഞപ്പോള്‍ അവള്‍ ഒന്ന് ഞെട്ടി. ഉള്ളിത്തോലും, കാരറ്റ്തൊലിയും, ചെറുനാരങ്ങാത്തോടും ചിതറിക്കിടക്കുന്ന അടുക്കളയില്‍ അഖില പ്രവര്‍ത്തനമറ്റ യന്ത്രത്തെപ്പോലെ നിന്നു. അടുക്കളയിലെ മുക്കാലിയില്‍ കാല്‍മുട്ടുകള്‍ക്കിടയില്‍ മുഖം തിരുകി അവള്‍ ഏറെ നേരം ഇരുന്നു. കണ്ണുതുറന്നപ്പോള്‍ നിശബ്ദത, എട്ടുകാലി വല നെയ്ത രാത്രി പകുതിയായിരുന്നു. ചിതറിക്കിടക്കുന്ന ഗ്ലാസ്സുകള്‍, അച്ചാറിന്റെ 'കട്ടോരികള്‍', ഏതോ ഒരുത്തന്‍ ഉപേക്ഷിച്ചിട്ട തൂവാല, അലങ്കോലപ്പെട്ട കസേരകള്‍ എന്നിവയെ അങ്ങനെതന്നെ വിട്ട്, അഖില വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി. പുറത്തേക്കു തുറക്കാന്‍ ഒരു ജനല്‍ പോലുമില്ലാത്ത മനസ്സുമായി ജീവിക്കുന്ന കോണ്‍ക്രീറ്റ് മനുഷ്യരുടെ മാളങ്ങള്‍ക്ക് മുന്നിലൂടെ അഖില നടന്നു. തന്‍റെ ലക്‌ഷ്യം ഇളയാണെന്നറിഞ്ഞ് അവള്‍ക്കടുത്തെത്തി ആ മടിയില്‍ മുഖമമര്‍ത്തി കിടക്കവേ തന്‍റെ വഴിയും ഇള തന്നെയാണെന്നവള്‍ തിരിച്ചറിഞ്ഞു.