ജീവിതം വളരെ സുന്ദരമെന്നും, ലോകത്തിന്റെ നിറം സ്നേഹമാണെന്നും എനിക്ക് തോന്നിയ കാലമുണ്ടായിരുന്നു. എന്റെ പ്രൈമറി സ്കൂള്‍ കാലഘട്ടം! ഇന്ന് ഞാനവിടെ അധ്യാപികയാണ്. നൂറാം വര്‍ഷത്തിന്റെ തികവിലാണ് ഇന്നെന്റെ സ്കൂള്‍. എന്നെ ഞാനാക്കിയ ചില അധ്യാപകരുടെ കൂടെ ജോലി ചെയ്യാനും എനിക്ക് ഭാഗ്യം ലഭിച്ചു. എന്തെങ്കിലും എഴുതുമ്പോള്‍, അത് അച്ചടിമഷി പുരളുമ്പോള്‍ ഒക്കെ മനസിലേക്ക് ഓടി എത്താറുള്ള ഒരു മുഖമുണ്ട്. എന്റെ പ്രിയപ്പെട്ട പ്രേമന്‍ മാഷിന്റെ. ഒരു അധ്യാപകന്‍ എങ്ങനെ ആയിരിക്കണമെന്ന് ഞാന്‍ അറിഞ്ഞത് മാഷില്‍ നിന്നാണ്. സ്നേഹവും മനുഷത്വവും പ്രസന്നതയും മാഷില്‍ ഒരു പോലെ കാണാം. അതിന്റെ ഏഴയലത്ത് എത്താന്‍ കഴിഞ്ഞോ എനിക്ക് ? ഇല്ല എന്ന് തന്നെ പറയാം.
എഴാം തരത്തിലെ മലയാളം ക്ലാസുകള്‍ ! ഇന്നത്തെ വിദ്യാഭ്യാസരീതിയില്‍ പിന്തുടരുന്നതും, അന്നത്തെ തലമുറയ്ക് അന്യമായതുമായ ഒരുപാടു കാര്യങ്ങള്‍ മാഷ് ക്ലാസ്സില്‍ ചെയ്തു. ഞങ്ങളുടെ രചനകള്‍ ഉള്‍പ്പെടുത്തി മാഷ് ഒരു മാസിക തയ്യാറാക്കി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക് വാങ്ങിയതിനു മാഷ് എനിക്ക് തന്ന പുസ്തകം. "" ഒരച്ചന്‍ മകള്‍ക്കയച്ച കത്തുകള്‍" എന്റെ ഭാഷ എനിക്ക് തന്ന ആദ്യത്തെ സമ്മാനം! വായനയുടെയും എഴുത്തിന്റെയും വിശാലമായ ലോകം എനിയ്ക് മുന്‍പില്‍ തുറന്നു തന്നതും മാഷ് തന്നെ. അന്ന് മാഷ് നട്ട ചെടികള്‍ ഇന്ന് വന്മരങ്ങളായി സ്കൂള്‍ വളപ്പിനു തണലേകുന്നു. രസകരമായ അനുഭവമായി മാറി പഠനം ! അങ്ങനെ നീങ്ങുകയായിരുന്നു ഞങ്ങളുടെ ദിനങ്ങള്‍. എന്റെ ഉള്ളില്‍ അഹങ്കാരത്തിന്റെ മുള പൊടിയാന്‍ തുടങ്ങിയിരുന്നോ ... ഉണ്ടെന്നു അധികം വൈകാതെ മാഷ് തന്നെ കണ്ടെത്തി. ഒരു ക്ലാസ്സില്‍ മാഷ് ഞങ്ങള്‍ക്ക് നേരെ ഒരു ചോദ്യമെറിഞ്ഞു. അറിയുന്നവരെ അവഗണിച്ച്, മാഷ് പലപ്പോഴും പിന്ബെഞ്ചിലെയ്ക് കൈ ചൂണ്ടും. അറിയുന്നവര്‍ ഉത്തരം പറയാന്‍ വേണ്ടി വീര്‍പ്പുമുട്ടുമ്പോള്‍ , അറിയാത്തവരില്‍ നിന്നും ഒരു വാക്കെങ്കിലും കണ്ടെത്താനായിരുന്നു മാഷിന്റെ ശ്രമം.പിന്ബെഞ്ചിലെ സ്ഥിരം കുടികിടപ്പുകാരില്‍ ഒരാള്‍ക് നേരെ മാഷ് കൈ ചൂണ്ടി. അവന്‍ എഴുന്നേറ്റു വിഷണ്ണനായി നില്‍ക്കുന്നത് കണ്ടപ്പോള്‍, ഞങ്ങളില്‍ ചിലര്‍ ഒന്ന് ചിരിച്ചു പോയി. പന്ത്രണ്ടാം വയസിന്റെ അറിവില്ലായ്മ. ചിരിയുടെ ശബ്ദം കേട്ട് മാഷ് ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു. എന്റെ കൂടെ ചിരിച്ചവരെ മുഴുവന്‍ അവഗണിച്ച് മാഷ് എന്നോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു. ദേഷ്യം നിറഞ്ഞ ആ ഭാവം എന്നെ നടുക്കികളഞ്ഞു. എഴുന്നേറ്റ എന്നോട് മാഷ് ക്ലാസ്സിനു വെളിയില്‍ പോവാന്‍ ആവശ്യപ്പെട്ടു. ഓര്‍മ്മയിലെ ആദ്യത്തെ അപമാനം. ക്ലാസ്സിനു വെളിയില്‍ ഉരുകിയൊലിച്ചു നിന്ന ആ അഞ്ചു മിനിട്ടിന്റെ ദൈര്‍ഘ്യവും , തീക്ഷ്ണതയും ഞാന്‍ ഇന്നും ഓര്‍ക്കുന്നു. പുറത്തുനിന്നു കൊണ്ട് ഞാന്‍ ചുറ്റും നോക്കി. മറ്റു ക്ലാസ്സിലെ കുട്ടികളോ അധ്യാപകരോ കാണുന്നുണ്ടോ എന്നെ? അപമാനിക്കപ്പെടുന്നതിന്റെ തീക്ഷ്ണത എല്ലാവര്ക്കും ഒന്ന് തന്നെയാണെന്ന് ഞാനറിഞ്ഞു. പിന്നീട് മാഷ് ശാന്തനായി എന്നോട് ക്ലാസില്‍ കയറിക്കോളാന്‍ പറഞ്ഞു. കുറ്റബോധം മാത്രമായിരുന്നു അന്നേരം മനസ്സില്‍.
മാഷിന്നു ആനക്കരയിലെ അധ്യപകപരിശീലനകേന്ദ്രതിലാണ്. ഞങ്ങളുടെ അധ്യാപകപരിശീലനങ്ങളില്‍ മനോഹരമായ പ്രചോദനമായി മാഷ് ഇന്നുമെതുന്നു. മാഷിന്റെ മുഖം എന്നെപ്പോലെ അനേകം പേര്‍ ഓര്‍ക്കുന്നുണ്ടാകണം. അതുപോലെ ഒരാളെങ്കിലും എന്നെയും ഓര്‍ക്കണമെന്ന അത്യാഗ്രഹം ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു. മാഷ് പകര്‍ന്നു തന്ന അനേകം മൂല്യങ്ങള്‍ എനിക്ക് കരുത്താണ്. കഴിവുകുറവിന്റെ പേരില്‍ ഒരു കുട്ടിയും പരിഹസിക്കപ്പെടരുത് എന്ന പാഠം! പഠനത്തില്‍ മോശമായ കുട്ടികളെ മുന്നിലേക്ക് കൊണ്ടുവരാനുള്ള തീവ്രശ്രമം! തന്റെ ശിഷ്യരെ തനിക്കൊപ്പം കണക്കാക്കുന്ന സമഭാവം! ഇതെന്റെ ഗുരുദക്ഷിണ! അക്ഷരലോകം തുറന്നു തന്നതിന്റെ മാത്രമല്ല, നന്മയുടെ ജാലകത്തിലൂടെ ലോകത്തെ കാണാന്‍ പഠിപ്പിച്ചതിന്റെയും.