Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

September 08, 2012

നിങ്ങളോട് പറയാന്‍ എനിക്കും ചില ഓണവിശേഷങ്ങള്‍

ഏറെ നാളുകളായി വല്ലതും ബ്ലോഗില്‍ എഴുതിയിട്ട്. ഓര്‍ക്കാതെയല്ല. എങ്കിലും വല്ലാത്ത ഒരു നിര്‍വികാരത. അങ്ങനെ പറയാമോ എന്നറിയില്ല. നേരിട്ട് ഒത്തിരി പ്രോത്സാഹനങ്ങളും, വിമര്‍ശനങ്ങളും പിന്നെ ചില സൌഹൃദങ്ങളും തന്ന ഇടമാണ് ബ്ലോഗ്‌. എഴുതുന്നത്‌ തീരെ മോശമല്ല എന്ന് സ്വയം തിരിച്ചറിയാന്‍ എന്നെ സഹായിച്ച എല്ലാവര്ക്കും നന്ദി. എന്‍റെ ചെറിയ സന്തോഷം പറയട്ടെ... ചന്ദ്രികയുടെ ഓണപ്പതിപ്പില്‍ എന്‍റെ ഒരു കഥ പ്രസിദ്ധീകരിച്ചിരുന്നു. സി.വി.ബാലകൃഷ്ണന്‍സാര്‍ തെരഞ്ഞെടുത്ത അഞ്ചു കഥകളിലൊന്ന് എന്റേത്. അദ്ദേഹത്തിന്റെ കുറിപ്പോടുകൂടി. സന്തോഷം....
                      ഓണനാളുകളില്‍ ഒന്നില്‍ ഇതുവരെ കാണാത്ത ഒരു സുഹൃത്തിനെ കണ്ടു. അത്ഭുതം.... ആത്മാര്‍ത്ഥത നിറഞ്ഞ ആ മനസ്സിന് നന്മകള്‍ നേരുന്നു. സ്വാര്‍ത്ഥതയില്ലാതെ മറ്റുള്ളവര്‍ക്ക് നന്മയും സ്നേഹവും പങ്കു വെക്കുന്ന നല്ല മനസ്സുകളെ.. നിങ്ങള്‍ ഈ ജീവിതത്തില്‍ ഒരിക്കലും തോല്‍ക്കുകയില്ല.
                        അകന്ന്നിന്ന് വേദനകളും, മുറിവുകളും തന്നെങ്കിലും ഞാന്‍ ശരിയായിരുന്നു എന്ന് എന്നോട് പറയാതെ പറഞ്ഞ് അടുത്തുവന്നവരേ... നിങ്ങള്‍ക്കും നന്ദി.
                എല്ലാറ്റിനും മീതെയായി, ഈ ജീവിതത്തെ പരാതിയും, പരിഭവവും കൂടാതെ നോക്കിക്കാണാന്‍ പഠിപ്പിച്ച, ചാരം  മൂടിക്കടന്ന എന്‍റെ മനസ്സിലെ കനലിനെ ഊതി ജ്വലിപ്പിച്ച എന്‍റെ പ്രിയമേ... നീയും സ്നേഹിച്ച് എന്‍റെ ഈ ഓണക്കാലത്തെ സന്തുഷ്ടമാക്കിയിരിക്കുന്നു....

October 01, 2011

രാത്രികള്‍ എന്നോട് പറഞ്ഞത്

                          മഴയില്ലാത്ത രാത്രികളില്‍ എനിക്ക് ടെറസില്‍ കൂടി നടക്കാനിഷ്ടമാണ്. ചെറു കാറ്റ് വീശും അപ്പോള്‍. നിലാവില്ലെങ്കിലും നാട്ടു വെളിച്ചമുണ്ടാവും. വീടിനു  ചുറ്റുമുള്ള വാഴയുടെ ഇലകള്‍ എനിക്കടുത്തു എത്താന്‍ ഒന്ന് തല നീട്ടും. ആടുന്ന തെങ്ങോലകള്‍ ! അവയ്ക്കിടയിലൂടെ അമ്പിളിയെ കാണാം. വെളുത്തതും കറുത്തതുമായ മേഘങ്ങള്‍ ചാന്ദ്രവെളിച്ചതില്‍ കാണുമ്പോള്‍  പ്രകൃതി വരച്ച ഏറ്റവും മനോഹരചിത്രം  എന്ന് മനസ് പറയും. നടക്കാന്‍ മറന്നു നില്‍ക്കുമ്പോള്‍ ഞാനും ആ രാത്രിയില്‍ അലിഞ്ഞിരിക്കുന്നതായി തോന്നും.  ഓരോ രാത്രിയ്കും ഓരോ ഭാവമാണ്. പരിഭവത്തിന്റെ, പിണക്കത്തിന്റെ, പ്രണയത്തിന്റെ, വിരഹത്തിന്റെ, ചിലപ്പോള്‍ ശൂന്യതയുടെയും. രാത്രികളില്‍ ആകാശം നോക്കി യിരിക്കുമ്പോള്‍ മനസ് ശാന്തമാവും. ചില സങ്കടങ്ങള്‍ തന്നില്‍ തന്നെ അലിഞ്ഞില്ലാതായതായി  തോന്നും. ചില ആഹ്ലാദങ്ങള്‍ സമചിത്തതയോടെ നോക്കി കാണാനുമാവും.  ഞാന്‍ മാത്രമോര്‍ക്കുന്ന ചില ഓര്മതുണ്ടുകള്‍ മനസിലൂടെ കടന്നു പോകുന്നതും അപ്പോഴാണ്‌. 
                  എന്റെ ചെമ്പകം പൂത്ത കാര്യം ഞാനറിഞ്ഞത് അത്തരമൊരു രാത്രിയിലാണ്. എവിടെ നിന്നാണീ മണം വരുന്നത് എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു. സൂര്യവെളിച്ചത്തില്‍ ഇലകള്‍ക്കിടയില്‍ ഒളിച്ചിരിക്കുകയായിരുന്ന വെള്ളചെമ്പകങ്ങള്‍ ഞാനിവിടെയുണ്ടേ എന്ന് വിളിച്ചുകൂവി. അപ്പോള്‍ ഞാന്‍ നിന്നെ ഓര്‍ത്തു... നിനക്കിഷ്ടമാണല്ലോ ചെമ്പകങ്ങള്‍! ആ മണത്തിലും, ഓര്‍മ്മയിലും  സന്തുഷ്ടയായ ഞാന്‍ മുകളിലേക്ക് നോക്കി.എത്ര നോക്കിയാലും മതി വരാത്ത കാഴ്ച! നടത്തം നിര്‍ത്തി ഞാന്‍ ഒരു മൂലയിലിരുന്നു. അങ്ങനെ നോക്കിയാല്‍  ഏതെങ്കിലും നക്ഷത്രത്തെ ആവാഹിച്ചു വരുത്താന്‍ എനിക്ക് കഴിഞ്ഞേക്കുമെന്ന് പോലും  ഞാന്‍ കരുതി. പക്ഷെ ഞാന്‍ ആകാശത്തേയ്ക് ഉയരുന്നത് പോലെ... 
                        ചിലപ്പോള്‍ ഇരുട്ടുന്നതിനു മുന്‍പ് തന്നെ ഞാനെത്തും. എനിക്ക് മുന്നിലൂടെയാണ്‌ ഇരുളിന്റെ ചായം കലങ്ങുന്നത്‌. അങ്ങനൊരു സന്ധ്യാനേരതാണ് അടുത്ത വീടിന്റെ ടാങ്കില്‍ ഒരു കുഞ്ഞിപ്പക്ഷിയെ കണ്ടത്. അത് എനിക്ക് അറിയാത്ത ഭാഷയില്‍ കലപില പറയുന്നുണ്ടായിരുന്നു. ഇടയ്ക് ആധി കയറിയത് പോലെ തിരിഞ്ഞും മറിഞ്ഞും നോക്കുന്നുമുണ്ടായിരുന്നു. എല്ലാ പക്ഷികളും കൂടണയാന്‍ പോകുന്ന ഈ നേരത്ത് അത് ഇവിടെ എന്ത് ചെയ്യുകയാണെന്ന് ഞാന്‍ ആലോചിച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ മറ്റൊരു പക്ഷി പറന്നു വന്നു. അപ്പോള്‍ ആദ്യത്തെ പക്ഷി അല്‍പ്പമൊന്നു ശാന്തയായത് പോലെ തോന്നി.  ഇപ്പോള്‍ ആ കുഞ്ഞിപ്പക്ഷിയുടെ ഭാഷ എന്റെ മുന്നില്‍ ചുരുളഴിഞ്ഞു. ദിവസം മുഴുവന്‍ നീ  വിളിക്കാതെയും, നിന്നെ  കാണാതെയും ഇരിക്കുമ്പോള്‍  ഞാന്‍ കാണിക്കുന്ന വെപ്രാളമല്ലേ അവള്‍ കാണിച്ചത്. താമസിയാതെ അത് രണ്ടും എങ്ങോട്ടോ പറന്നു പോയി. ഈ രാത്രി സുഖമായി ഉറങ്ങാന്‍ ഈ കാഴ്ച മതി എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ ഭൂമിയിലേക്ക്‌ മടങ്ങി.