December 31, 2011

നാളെ എന്ന സമ്മാനപ്പൊതി തുറക്കുമ്പോള്‍

                  " ഈ ലോകത്തിലെ ഏറ്റവും വലിയ സത്യം എന്താണെന്നോ , ഒരാള്‍ ആരോ എന്തോ ആകട്ടെ, എന്തെങ്കിലുമൊന്നു പൂര്‍ണമനസ്സോടെ തീവ്രമായി ആഗ്രഹിക്കുന്നുവെങ്കില്‍  അത് നടക്കാതെ വരില്ല. കാരണം , സ്വന്തം വിധിയാണ് 
മനസ്സില്‍ ആ മോഹത്തിന്റെ വിത്ത് പാകുന്നത്. അതിന്റെ സാഫല്യമാണ് ആ ജീവിതത്തിന്റെ ഉദ്ദേശ്യം."                                  ----പൌലോ കൊയ്ലോ ----

 ഓരോ ജീവിതവും ഓരോ തേടലാണ്. സ്വന്തം നിയോഗം. അത് തിരിച്ചറിയാനാവാതെ ചിലര്‍, തിരിച്ചറിഞ്ഞിട്ടും എത്തിപ്പിടിക്കാനാവാതെ മറ്റു ചിലര്‍. ഇപ്പോഴും ഡിസംബറില്‍ വീശുന്ന പാലക്കാടന്‍ കാറ്റ് , എന്നില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നു. നിറവും മണവും ഉള്ള കഴിഞ്ഞ കാലങ്ങളുടെ നനുത്ത സ്പര്‍ശവും കൊണ്ടല്ലേ ആ കാറ്റെന്നെ തലോടാന്‍ എത്തുന്നത്‌. ഇന്നലെയുടെ പാഴ്നിഴലിലും, നാളെയുടെ സങ്കല്പ്പ വര്‍ണ ചിത്രങ്ങളിലും ഇന്നിന്റെ നിറം കളയാതവരത്രേ ഭാഗ്യവാന്മാര്‍!     ഇന്നില്‍ പൂര്‍ണമായി മുഴുകാന്‍ കഴിയുന്നവരെ ........ നിങ്ങള്ക്ക് ഉള്ളതാണീ ലോകം.  
                      ജീവിതത്തേക്കാള്‍ വലിയൊരു അത്ഭുതമില്ല. അടുത്ത നിമിഷം എന്തെന്നോ, നാളെ എങ്ങനെയെന്നോ അറിയാത്ത ആ അജ്ഞതയില്‍ അല്ലെ ജീവിതത്തിന്റെ മുഴുവന്‍ രസവും ഇരിക്കുന്നത്?  സങ്കല്‍പ്പവും, സ്നേഹവും, പ്രണയവും, സ്വപ്നങ്ങളും, വേദനകളുമായി  മറ്റൊരു പുതുവത്സരത്തിലേക്ക്... തുറക്കാതെ മുന്നില്‍ വെച്ച ഒരു സമ്മാനപ്പൊതി പോലെ ഒരു പുതുവര്‍ഷം മുന്നില്‍. അതിന്റെ തിളക്കമുള്ള വര്‍ണ ചരട്  അഴിച്ചു തുറക്കുമ്പോള്‍  എന്താവാം അത് നാളേയ്ക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത്?
                                    സന്തോഷമാവട്ടെ......
                                     സമാധാനമാവട്ടെ....
                                     നന്മയും, സ്നേഹവുമാവട്ടെ...
                                      പ്രത്യാശയും വിജയവുമാവട്ടെ...
                        എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍!

December 11, 2011

ജീവിതം പറഞ്ഞ ചില തമാശകള്‍

                                വലതു  കയ്യിലെ കവര്‍ ഇടത്തെ കയ്യിലേക്ക് മാറ്റിപ്പിടിച്ചു കൊണ്ട് ശിവരഞ്ജിനി ഗേറ്റ് തുറന്നു. ഗേറ്റിന്റെ കരകര ശബ്ദം കേട്ടിട്ടാവണം അമ്മ വാതില്‍ തുറന്നു. മക്കള്‍ ഇനിയും സ്കൂളില്‍ നിന്നെത്തിയിട്ടില്ല. പച്ചക്കറി അടുക്കളയില്‍ വെച്ച് ശിവരഞ്ജിനി മേല്‍ കഴുകാന്‍ പോയി. ഒരു ദിവസത്തെ അധ്വാനം മുഴുവന്‍ കഴുകിക്കളഞ്ഞ് സോഫയില്‍ ഇരുന്നു ടിവി ഓണ്‍ ചെയ്തു. അമ്മ കൊണ്ടുവന്ന ചായ കുടിക്കുമ്പോള്‍ അല്‍പനേരം കണ്ണുകളടച്ചു. ഭര്‍ത്താവിന്റെ അകാലത്തിലുള്ള മരണം സങ്കടതെക്കാള്‍ ഏറെ ശൂന്യതയാണ് ശിവരന്ജിനിയില്‍ നിറച്ചത്. കുറെ കാലമായി കൂടെയുണ്ടായിരുന്ന എന്തോ ഒന്നിന്റെ അഭാവം. എന്നാല്‍ അത് ഇപ്പോള്‍ ആവിയായി  അലിഞ്ഞു പോയിരിക്കുന്നു. മറ്റുള്ളവര്‍ പൊഴിക്കുന്ന സഹതാപക്കണ്ണീര്‍ ഒട്ടും അരോചകത്വം കൂടാതെ കാണാന്‍ കഴിയുന്നുമുണ്ട്. വല്ലാത്ത ഒരു സ്വാര്‍ഥത ആയിരുന്നു അദ്ദേഹത്തിന്. ആരോടും ചിരിക്കുന്നതോ സംസാരിക്കുന്നതോ ഇഷ്ടമല്ലാത്ത പ്രകൃതം. ശബ്ദങ്ങളും ബഹളവും ഇഷ്ടമില്ലാതെ മൌനതിനുള്ളില്‍ കുടിയിരിക്കുന്ന സ്വഭാവം. അദ്ദേഹം ജോലിക്ക് പോയാല്‍ ശിവരന്ജിനിയ്കു ചിരിക്കാം.. അയല്പക്കതുള്ളവരോട് സംസാരിക്കാം. . മക്കള്കായി എന്തെങ്കിലും ഉണ്ടാക്കാം. ടിവി കാണാം. അങ്ങനെ കഴിഞ്ഞുപോയ പതിമൂന്നു വര്‍ഷങ്ങള്‍!                        
                                                വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ചപ്പോള്‍ ശിവരന്ജിനിയ്കു കരഞ്ഞു തളര്ന്നിരിക്കാന്‍ സമയം കിട്ടിയില്ല. സമയം കിട്ടിയപ്പോഴാകട്ടെ കരച്ചില്‍ വന്നുമില്ല. ഭര്‍ത്താവിന്റെ ,മരണശേഷം സര്‍ക്കാര്‍ സര്‍വിസില്‍ ജോലിക്ക് കയറാനായി ഒരുപാട് അലഞ്ഞു. നേരത്തെ കയ്യിലുള്ള ബി എഡ് ബിരുദം അവളെ  ബഹളം കൊണ്ട് വിശാലമായ മറ്റൊരു ലോകത്ത് എത്തിച്ചു..ഒരുപാട് നാളത്തെ ഓഫീസ് കയറി ഇറങ്ങല്‍, മക്കളുടെ സ്കൂള്‍  സൌകര്യത്തിനു വേണ്ടി നഗരത്തിലേക്കുള്ള വീടുമാറ്റം, പുതിയ ജോലിയില്‍ പ്രവേശിക്കല്‍, എല്ലാം കഴിഞ്ഞു ജീവിതം ഒട്ടൊരു ശാന്തതയോടെ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ ഭര്‍ത്താവിന്റെ മരണമെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അവള്‍ വല്ലാതെ അകന്നു പോയിരുന്നു.
                                                            ഉമ്മറത്ത്‌ നിന്ന് കലപില ശബ്ദം കേട്ടപ്പോള്‍ ശിവ കണ്ണ് തുറന്നു. മക്കള്‍ എത്തിയിരിക്കുന്നു. അമ്മാ എന്ന് വിളിച്ചുകൊണ്ടു അവര്‍ ഉള്ളിലേക്ക് പോയി. സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തിയായി കുട്ടികള്‍ക്ക്. ഈ രണ്ടു വര്‍ഷങ്ങള്‍ ഒരുപാട് പക്വമാകിയിരിക്കുന്നു, രണ്ടു പെണ്‍കുട്ടികളെയും. അവര്‍ അനാവശ്യമായി സ്വൈര്യം കെടുതാറില്ല, ആശ്രയിക്കാറുമില്ല.
                           " ശിവാ... ഉമ്മറത്താരോ വന്നിരിക്കുന്നു." അമ്മാ വിളിച്ചു പറഞ്ഞു.  സോഫയില്‍ കയറ്റി വെച്ചിരുന്ന കാല്‍ നിവര്‍ത്തി, നൈറ്റി കുടഞ്ഞ്‌ ശിവ ഉമ്മറത്ത്‌ വന്നു. വെളുത്ത മുണ്ടും ഷര്‍ട്ടും ധരിച്ച ഒരാള്‍. മുഖത്ത് ഒരു വല്ലാത്ത ശാന്തഭാവം. അയാള്‍ ഒന്ന് പുഞ്ചിരിച്ചു.
                       " വരൂ... ഇരികു...."        മനസിലായില്ല എന്ന് പറയണോ എന്ന് ശിവ ഒരു നിമിഷം ശങ്കിച്ചു.
               " ഞാന്‍ ജഗദീഷാണ്. എന്നെ മനസിലാവാന്‍ വഴിയില്ല. രഘുനാഥന്റെ കൂടെ പഠിച്ചതാണ്. യു എസില്‍ നിന്ന് ഇപോ വന്നതെയുള്ളു. നാട്ടില്‍ വന്നപ്പോ, രഘുനാഥന്റെ കാര്യം അറിഞ്ഞപ്പോ, ഒന്ന് വന്നു കാണണമെന്ന് തോന്നി."
അയാള്‍ മുറ്റത്തെ മാവിലെയ്കു നോക്കി. നേരം സന്ധ്യയാവുന്നു. ശിവ ഓര്‍ത്തു. അയാള്‍ക് ചായ വെക്കാന്‍ അമ്മ അകത്തു പോയിരിക്കുന്നു. അമ്മ കൂടെയുള്ളത് കൊണ്ട് ഇങ്ങനെയൊക്കെ ചില ആശ്വാസമുണ്ട്.
                    " രഘുനാഥന്‍ പറഞ്ഞിട്ടുണ്ടാവും.. ലെ .."    അയാള്‍ പ്രതീക്ഷയോടെ ശിവയെ നോക്കി. അവള്‍ വെറുതെ ഒന്ന് ചിരിച്ചു. അയാളെ കുറിചെന്നല്ല, ഒരു കൂട്ടുകാരനെ കുറിച്ചും ഭര്‍ത്താവ് ഇന്ന് വരെ പറഞ്ഞിട്ടില്ല. ഇയാള്‍ പോയിട്ട് വേണം വിളക്ക് കൊളുത്താന്‍.പിന്നെ ടിവിയുടെ മുന്‍പില്‍ അല്‍പനേരം ഇരിക്കാം. .

     " കോളേജില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ ക്രിക്കറ്റ്‌ ടീമില്‍ ഉണ്ടായിരുന്നു."   എന്തോ ഓര്‍ത്തിട്ടെന്ന വണ്ണം അയാള്‍ പുഞ്ചിരിച്ചു. ശിവ അപരിചിതത്വത്തോടെ അയാളെ നോക്കി. കുട്ടികള്‍ കളിച്ചു ബഹളം വെക്കുമ്പോള്‍ ശാസിക്കുന്ന ഭര്‍ത്താവിനെ അവള്‍ക്കു ഓര്‍മ്മ വന്നു. കുറച്ചു നേരം അയാള്‍ മൌനമായി ഇരുന്നു.
     " അന്ന് ഊടിയിലേക്ക് പോയ ടൂറ് മറക്കാന്‍ കഴിയില്ല. രഘുനാഥനായിരുന്നു ഞങ്ങടെ ടീമിന്റെ രസം മുഴുവന്‍.... "                  അയാള്‍ അമ്മ കൊണ്ട് വന്ന ചായ പതുക്കെ കുടിക്കാന്‍ തുടങ്ങി. ശിവയ്കു എന്തിനോ അസഹ്യത തോന്നി. എന്തൊക്കെയാണ് ഇയാള്‍ പറയുന്നത്? ചോദ്യങ്ങള്‍ പുറത്തു വരാതെ ഉള്ളില്‍ തന്നെ വറ്റി വരണ്ടു. വല്ലാത്ത ഒരു വിഷാദം അനുഭവപ്പെട്ടു ശിവയ്ക്. അങ്ങനെ രണ്ടു പ്രാവശ്യമേ അവള്‍ക് തോന്നിയിട്ടുള്ളൂ. ഭര്‍ത്താവിന്റെ മരണം കഴിഞ്ഞ് രണ്ടാം ദിവസം ഉമ്മറത്ത്‌ അനാഥമായി കിടക്കുന്ന ഇംഗ്ലീഷ് പത്രം കണ്ടപ്പോഴും,  ഒരിക്കല്‍ ഒരു സഹപ്രവര്‍ത്തക രണ്ടൊപ്പില്‍ തീര്‍ന്നു നമ്മുടെ ഒരു ദിവസത്തെ ജീവിതം എന്ന് പറഞ്ഞപോഴും. ഇപ്പോള്‍ വീണ്ടും അവള്‍ അങ്ങനെ ഒരു മാനസികാവസ്ഥയില്‍ എത്തിച്ചേര്‍ന്നു.
                 " രഘു നന്നായി പാടുമായിരുന്നു. അയാള്കൊരുപാട് ആരാധികമാരുണ്ടായിരുന്നു , കോളേജില്‍."                  
ഇരുള്‍ മൂടാന്‍ തുടങ്ങിയ മാനം നോക്കി അയാള്‍ ഒന്ന് നിശ്വസിച്ചു. മൂളിപ്പാട്ട് പാടുമ്പോള്‍ കടുത്ത നോട്ടത്തോടെ വിലക്കുന്ന ഭര്‍ത്താവിനെ ശിവയ്കോര്‍മ്മ വന്നു. അയാള്‍ കസേരയില്‍ നിന്ന് എണീറ്റു. ശിവയ്കു ഒന്നും മനസ്സിലായില്ല. ഇയാള്‍ ആരെയാണ് തേടി വന്നത്? എന്നവള്‍ ചിന്തിക്കുമ്പോള്‍ അയാളുടെ വെള്ളവസ്ത്രത്തിന്റെ നിറം പടിക്ക് പുറത്തെ ഇരുളില്‍ അലിയാന്‍ തുടങ്ങിയിരുന്നു. അപ്പോള്‍ മുറ്റത്തെ മാവിന്റെ ചില്ലകള്‍ സാരമില്ല, സാരമില്ല എന്ന് പറഞ്ഞ്‌ അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.


November 11, 2011

കഴിഞ്ഞുപോയ സഹനപര്‍വം

                   ഭൂമിയിലെ ഏറ്റവും മനോഹര സങ്കല്‍പം തന്നെയാണ് സ്ത്രീ. സ്ത്രീയെ ഉപഭോഗവസ്തുവായി കാണുന്നു എന്ന പരാതിയ്ക് ഏറെ ആയുസ്സുണ്ട്. സ്ത്രീയെ ഉപഭോഗവസ്തുവായി കാണുന്നതിനു തുടക്കം കുറിക്കുന്നത് എവിടെ നിന്നാണ്? അത് സ്വന്തം വീട്ടില്‍ നിന്ന് തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. അതിനു തുടക്കമിടുന്നതോ സ്വന്തം അമ്മയും. തനിക്കു കഴിയാതെ പോയതും, ആഗ്രഹമുള്ളതുമായ കാര്യങ്ങള്‍ മകളില്‍ കൂടി സാക്ഷാത്കരിക്കാനുള്ള ആഗ്രഹം അമ്മമാരില്‍ ഉണ്ടെന്നുള്ളത് വ്യക്തമായ വസ്തുതയാണ്. തനിക്കിഷ്ടമുള്ള വസ്ത്രങ്ങള്‍ കുഞ്ഞിനെ ധരിപ്പിക്കുക, ഇഷ്ടമുള്ള രീതിയില്‍ മുടി  കെട്ടിക്കൊടുക്കുക, എന്നിങ്ങനെ ഒരു പാവക്കുട്ടിയായി മകളെ കാണുന്നത് അമ്മ തന്നെയാണ്. ആസക്തികളും, ആസുരതകളും നിറഞ്ഞ ലോകത്തില്‍ ജീവിക്കാന്‍ അവളെ പ്രാപ്തയാക്കുന്നതിനു പകരം, അരുതുകള്‍ കൊണ്ടൊരു വേലി കെട്ടി ഇടംവലം തിരിയാനനുവദിക്കാതെ വളര്‍ത്തുന്നു വീട്ടുകാര്‍!
ഫലമോ .. സ്വന്തമായി ഒരു തീരുമാനം പോലും എടുക്കാന്‍ കഴിയാതെ ജീവിതത്തിന്റെ സന്നിഗ്ധ ഘട്ടങ്ങളില്‍ പകച്ചുനില്‍ക്കുകയും, ചിലപ്പോള്‍ നിസ്സാരമായി വലിച്ചെറിഞ്ഞു കളയുകയും ചെയ്യുന്നു ജീവിതം.
                             ഒരു പ്രായമാവുമ്പോള്‍ കൊത്തിയാട്ടുന്നു പക്ഷികള്‍ പോലും. നമ്മുടെ സമൂഹത്തില്‍ അങ്ങനെയൊരു കൊത്തിയാട്ടല്‍ ഇല്ല. സ്വകാര്യമായി സൂക്ഷിക്കേണ്ട ബാധ്യതയേറിയ ഒരു വസ്തുവായി മകളെ കാണാത്ത എത്ര കുടുംബങ്ങള്‍ ഉണ്ടിവിടെ? അവള്‍ക് സ്വന്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള പ്രായമായെന്നുമനസ്സിലാക്കുകയും അവളെ ഒരു വ്യക്തിയായി അന്ഗീകരിക്കുകയും , ചെയ്യുന്ന എത്ര മാതാപിതാക്കള്‍ ഉണ്ടിവിടെ?
                          സ്വതന്ത്രമായ ഒരു പ്രവര്‍ത്തനശൈലി തെരഞ്ഞെടുക്കുമ്പോള്‍ പോലും, താന്‍ ഒരു പെണ്ണാണ് എന്ന് അവള്‍ക്കു ഓര്‍ക്കേണ്ടി വരുന്നു. രാവിലെ പോയി ഇരുട്ടും മുന്‍പ് തിരിച്ചെത്തുന്ന ജോലി സ്വീകരിക്കാന്‍ അവള്‍ നിര്‍ബന്ധിതയാവുന്നു. (രാത്രിയാത്രകളിലും, വൈകിയുള്ള വരവിലും, അവള്‍ക്കു ഏല്‍ക്കേണ്ടി വരുന്ന നോട്ടങ്ങള്‍ ശാരീരിക ഉപദ്രവതെക്കാള്‍ ഒട്ടും കുറവല്ല). തനിക്കു പറഞ്ഞിട്ടുള്ള ജോലി കൂടാതെ  സൃഷ്ടിപരമായി ചെയ്യുവാന്‍ കഴിവുള്ള എത്രയോ സ്ത്രീകള്‍ ഉണ്ട് നമ്മുടെ സമൂഹത്തില്‍. കുടുംബത്തിനു വേണ്ടിയും, സമൂഹത്തെ പേടിച്ചും, തന്റെ തന്നെ സുരക്ഷയ്ക് വേണ്ടിയും, സ്വയം ചമച്ച കൂടിനുള്ളില്‍ കയറിയിരുന്ന്, ഞാനിതില്‍ സംതൃപ്തയെന്നു അവര്‍ സ്വയം ചമയുന്നു. സ്വന്തം ശരീരവും സ്ത്രീത്വവും, അപമാനകരമാം വിധത്തില്‍ മറച്ചുവെയ്ക്കേണ്ട ഒന്നായി സമൂഹതോടൊപ്പം സ്ത്രീകളും കാണുന്നു. വൈകുന്ന യാത്രകളില്‍ ഉടനീളം തന്റെ നേര്‍ക്ക്‌ നീളുന്ന ഒരു ഒറ്റക്കയ്യിനെ കുറിചോര്‍ക്കാതെ യാത്ര ചെയ്യാന്‍ കഴിയുമോ ഇന്നത്തെ സ്ത്രീക്ക്.എന്റെ ശരീരവും, എന്റെ മനസും എന്റെതാണ്, അതിലെ കൂടുതലും, കുറവുകളും എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ് എന്ന് വിചാരിച്ചു തല ഉയര്തിനടക്കാന്‍ കഴിയുമോ നമ്മുടെ പെന്കുഞ്ഞുങ്ങള്‍ക്ക് ?
                       ക്ഷമയും, സാഹചര്യങ്ങളോട് ഇണങ്ങി പ്പോകാനുള്ള കഴിവും, പുരുഷനെ അപേക്ഷിച്ച് സ്ത്രീയ്ക്ക് കൂടുതലാണ്. അത് മുതലെടുക്കപ്പെടുന്നു പലയിടത്തും. ഇന്ന് നാം നമ്മുടെ പെണ്കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കുന്നതും അത് തന്നെ. അഡ്ജസ്റ്റ് ചെയ്യുക! തനിക്കു ഇഷ്ടമില്ലാത്തത് ഒരിക്കലും അഡ്ജസ്റ്റ് ചെയ്യരുതെന്നും, തന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒന്നിനോടും ക്ഷമിക്കുകയും ചെയ്യരുതെന്നും അല്ലെ നാം പറഞ്ഞു കൊടുക്കേണ്ടത്? യാത്രകളില്‍ ശരീരത്തിന് ഏല്‍ക്കുന്ന സ്പര്‍ശനം സഹിക്കാം. പക്ഷെ അതിനെതിരെ പ്രതികരിക്കുമ്പോള്‍ ഏല്‍ക്കേണ്ടി വരുന്ന പരിഹാസം സഹിക്കാന്‍ വയ്യ എന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അപ്പോള്‍ സ്ത്രീയ്ക്ക് ഒറ്റയാള്‍ പട്ടാളമായി രണ്ടിനോടും പൊരുതേണ്ടി  വരുന്നു. അതിനുള്ള ശക്തി അവള്‍ക്കു കൊടുക്കേണ്ടത് കുടുംബവും വിദ്യാഭ്യാസവുമാണ്. അങ്ങേയറ്റം ക്ഷമിച്ച്‌, സഹിച്ച്, കരഞ്ഞ്, പിഴിഞ്ഞ് ജീവിക്കുന്ന വിഡ്ഢികളായ പെണ്‍കുട്ടികള്‍  നായികമാരും,അസഹിഷ്ണുതയും, തന്റേടവും  പ്രകടിപ്പിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ പ്രതിനായികമാരും ആയി മാറുന്ന കാഴ്ചാനുഭവം തരുന്ന ദൃശ്യമാധ്യമങ്ങള്‍! അത് കണ്ടു വളരുകയാണ് നാളത്തെ തലമുറ! അത് കണ്ടു വളര്‍ത്തുകയാണ് ഇന്നത്തെ അമ്മമാര്‍!
                                      "നീ ധരിക്കുന്ന വസ്ത്രമാണ് കുഴപ്പം, നീ വരുന്ന സമയമാണ് കുഴപ്പം, നീ വരുന്ന വഴിയാണ് കുഴപ്പം" എന്നിങ്ങനെ നീ സര്‍വത്ര ഒരു കുഴപ്പമാണ് എന്ന് പറഞ്ഞു വെയ്ക്കുന്നു വീടും സമൂഹവും. വ്യവസ്ഥാപിത ചട്ടക്കൂടുകളില്‍ ഒതുങ്ങി നിന്ന് കൊണ്ട് ആരും ഒന്നും സൃഷ്ടിച്ചിട്ടില്ല, പുതുതായി ഒരു മാറ്റവും ഉണ്ടായിട്ടുമില്ല. ഒതുങ്ങും തോറും അത് നമ്മളെ ഞെരിച്ചു കൊണ്ടേയിരിക്കും. നമുക്ക് സഞ്ചരിക്കാനുള്ള വഴികള്‍ നാം സൃഷ്ടിചെടുക്കുക തന്നെ വേണം. "അര്‍ഹത ഉള്ളവയുടെ  അതിജീവനം" ഇവിടെ പ്രസക്തമാകുന്നു. ചോദ്യങ്ങള്‍ ചോദിച്ചും, അനീതികള്‍ക്കെതിരെ പ്രതികരിച്ചും, മണ്ണ് എഴുത്തും, എന്റെ മരവും മനസ്സിലെറ്റിയും  വളര്‍ന്നു വരുന്ന നാളത്തെ തലമുറ, ഇത്തരമൊരു മൂല്യം പകര്‍ന്നു തരാനുതകുന്ന ഒരു വിദ്യാഭ്യാസ രീതി കൂടി സഹായതിനുന്ടെങ്കില്‍ നമ്മുടെ സമൂഹത്തിന്റെ ദുഷിച്ച കാഴ്ചപ്പാടിനെ ഇനി ഓര്മ വരാത്ത തരത്തില്‍ ദൂരേയ്ക് വലിച്ചെറിയും  എന്ന് തന്നെയാണ് ഒരു അധ്യാപിക കൂടിയായ എന്റെ ശുഭപ്രതീക്ഷ!

October 25, 2011

വഴികളില്‍ നന്മ മണം വിതറുന്നവര്‍

                                        ജീവിതം വളരെ സുന്ദരമെന്നും, ലോകത്തിന്റെ നിറം സ്നേഹമാണെന്നും എനിക്ക് തോന്നിയ കാലമുണ്ടായിരുന്നു. എന്റെ പ്രൈമറി സ്കൂള്‍ കാലഘട്ടം! ഇന്ന് ഞാനവിടെ അധ്യാപികയാണ്. നൂറാം വര്‍ഷത്തിന്റെ തികവിലാണ് ഇന്നെന്റെ സ്കൂള്‍.  എന്നെ ഞാനാക്കിയ ചില അധ്യാപകരുടെ കൂടെ ജോലി ചെയ്യാനും എനിക്ക് ഭാഗ്യം ലഭിച്ചു. എന്തെങ്കിലും എഴുതുമ്പോള്‍, അത് അച്ചടിമഷി പുരളുമ്പോള്‍  ഒക്കെ മനസിലേക്ക് ഓടി എത്താറുള്ള ഒരു മുഖമുണ്ട്. എന്റെ പ്രിയപ്പെട്ട പ്രേമന്‍ മാഷിന്റെ. ഒരു അധ്യാപകന്‍ എങ്ങനെ ആയിരിക്കണമെന്ന് ഞാന്‍ അറിഞ്ഞത് മാഷില്‍ നിന്നാണ്. സ്നേഹവും മനുഷത്വവും പ്രസന്നതയും മാഷില്‍ ഒരു പോലെ കാണാം. അതിന്റെ ഏഴയലത്ത് എത്താന്‍ കഴിഞ്ഞോ എനിക്ക് ? ഇല്ല എന്ന് തന്നെ പറയാം.                 
                             എഴാം തരത്തിലെ മലയാളം ക്ലാസുകള്‍ ! ഇന്നത്തെ വിദ്യാഭ്യാസരീതിയില്‍ പിന്തുടരുന്നതും, അന്നത്തെ തലമുറയ്ക് അന്യമായതുമായ ഒരുപാടു കാര്യങ്ങള്‍ മാഷ് ക്ലാസ്സില്‍ ചെയ്തു. ഞങ്ങളുടെ രചനകള്‍ ഉള്‍പ്പെടുത്തി മാഷ് ഒരു മാസിക തയ്യാറാക്കി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക് വാങ്ങിയതിനു മാഷ് എനിക്ക് തന്ന പുസ്തകം. "" ഒരച്ചന്‍ മകള്‍ക്കയച്ച കത്തുകള്‍" എന്റെ ഭാഷ എനിക്ക് തന്ന ആദ്യത്തെ സമ്മാനം! വായനയുടെയും എഴുത്തിന്റെയും വിശാലമായ ലോകം എനിയ്ക് മുന്‍പില്‍ തുറന്നു തന്നതും മാഷ് തന്നെ. അന്ന് മാഷ്‌ നട്ട ചെടികള്‍ ഇന്ന് വന്മരങ്ങളായി സ്കൂള്‍ വളപ്പിനു തണലേകുന്നു. രസകരമായ അനുഭവമായി മാറി പഠനം ! അങ്ങനെ നീങ്ങുകയായിരുന്നു ഞങ്ങളുടെ ദിനങ്ങള്‍. എന്റെ ഉള്ളില്‍ അഹങ്കാരത്തിന്റെ മുള പൊടിയാന്‍ തുടങ്ങിയിരുന്നോ ... ഉണ്ടെന്നു അധികം വൈകാതെ മാഷ് തന്നെ കണ്ടെത്തി. ഒരു ക്ലാസ്സില്‍ മാഷ് ഞങ്ങള്‍ക്ക് നേരെ ഒരു ചോദ്യമെറിഞ്ഞു. അറിയുന്നവരെ അവഗണിച്ച്‌, മാഷ് പലപ്പോഴും പിന്ബെഞ്ചിലെയ്ക് കൈ ചൂണ്ടും. അറിയുന്നവര്‍ ഉത്തരം  പറയാന്‍ വേണ്ടി വീര്‍പ്പുമുട്ടുമ്പോള്‍ , അറിയാത്തവരില്‍ നിന്നും ഒരു വാക്കെങ്കിലും കണ്ടെത്താനായിരുന്നു മാഷിന്റെ ശ്രമം.പിന്ബെഞ്ചിലെ സ്ഥിരം കുടികിടപ്പുകാരില്‍ ഒരാള്‍ക് നേരെ മാഷ്‌ കൈ ചൂണ്ടി. അവന്‍ എഴുന്നേറ്റു വിഷണ്ണനായി നില്‍ക്കുന്നത് കണ്ടപ്പോള്‍, ഞങ്ങളില്‍ ചിലര്‍ ഒന്ന് ചിരിച്ചു പോയി. പന്ത്രണ്ടാം വയസിന്റെ അറിവില്ലായ്മ. ചിരിയുടെ ശബ്ദം കേട്ട് മാഷ്‌ ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു. എന്റെ കൂടെ ചിരിച്ചവരെ മുഴുവന്‍ അവഗണിച്ച്‌ മാഷ്‌ എന്നോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു. ദേഷ്യം നിറഞ്ഞ ആ ഭാവം എന്നെ നടുക്കികളഞ്ഞു. എഴുന്നേറ്റ എന്നോട് മാഷ്‌ ക്ലാസ്സിനു വെളിയില്‍ പോവാന്‍ ആവശ്യപ്പെട്ടു. ഓര്‍മ്മയിലെ ആദ്യത്തെ അപമാനം. ക്ലാസ്സിനു വെളിയില്‍ ഉരുകിയൊലിച്ചു നിന്ന ആ അഞ്ചു മിനിട്ടിന്റെ ദൈര്‍ഘ്യവും , തീക്ഷ്ണതയും ഞാന്‍ ഇന്നും ഓര്‍ക്കുന്നു. പുറത്തുനിന്നു കൊണ്ട് ഞാന്‍ ചുറ്റും നോക്കി. മറ്റു ക്ലാസ്സിലെ കുട്ടികളോ അധ്യാപകരോ കാണുന്നുണ്ടോ എന്നെ? അപമാനിക്കപ്പെടുന്നതിന്റെ തീക്ഷ്ണത എല്ലാവര്ക്കും ഒന്ന് തന്നെയാണെന്ന് ഞാനറിഞ്ഞു. പിന്നീട് മാഷ്‌ ശാന്തനായി എന്നോട് ക്ലാസില്‍ കയറിക്കോളാന്‍ പറഞ്ഞു. കുറ്റബോധം മാത്രമായിരുന്നു അന്നേരം മനസ്സില്‍.
                      മാഷിന്നു  ആനക്കരയിലെ അധ്യപകപരിശീലനകേന്ദ്രതിലാണ്. ഞങ്ങളുടെ അധ്യാപകപരിശീലനങ്ങളില്‍ മനോഹരമായ പ്രചോദനമായി മാഷ്‌ ഇന്നുമെതുന്നു. മാഷിന്റെ മുഖം എന്നെപ്പോലെ അനേകം പേര്‍  ഓര്‍ക്കുന്നുണ്ടാകണം. അതുപോലെ ഒരാളെങ്കിലും എന്നെയും ഓര്‍ക്കണമെന്ന അത്യാഗ്രഹം ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു. മാഷ്‌ പകര്‍ന്നു തന്ന അനേകം മൂല്യങ്ങള്‍ എനിക്ക് കരുത്താണ്‌. കഴിവുകുറവിന്റെ പേരില്‍ ഒരു കുട്ടിയും പരിഹസിക്കപ്പെടരുത് എന്ന പാഠം! പഠനത്തില്‍ മോശമായ കുട്ടികളെ മുന്നിലേക്ക്‌ കൊണ്ടുവരാനുള്ള തീവ്രശ്രമം! തന്റെ ശിഷ്യരെ തനിക്കൊപ്പം കണക്കാക്കുന്ന സമഭാവം! ഇതെന്റെ ഗുരുദക്ഷിണ! അക്ഷരലോകം തുറന്നു തന്നതിന്റെ മാത്രമല്ല, നന്മയുടെ ജാലകത്തിലൂടെ ലോകത്തെ കാണാന്‍ പഠിപ്പിച്ചതിന്റെയും.











October 01, 2011

രാത്രികള്‍ എന്നോട് പറഞ്ഞത്

                          മഴയില്ലാത്ത രാത്രികളില്‍ എനിക്ക് ടെറസില്‍ കൂടി നടക്കാനിഷ്ടമാണ്. ചെറു കാറ്റ് വീശും അപ്പോള്‍. നിലാവില്ലെങ്കിലും നാട്ടു വെളിച്ചമുണ്ടാവും. വീടിനു  ചുറ്റുമുള്ള വാഴയുടെ ഇലകള്‍ എനിക്കടുത്തു എത്താന്‍ ഒന്ന് തല നീട്ടും. ആടുന്ന തെങ്ങോലകള്‍ ! അവയ്ക്കിടയിലൂടെ അമ്പിളിയെ കാണാം. വെളുത്തതും കറുത്തതുമായ മേഘങ്ങള്‍ ചാന്ദ്രവെളിച്ചതില്‍ കാണുമ്പോള്‍  പ്രകൃതി വരച്ച ഏറ്റവും മനോഹരചിത്രം  എന്ന് മനസ് പറയും. നടക്കാന്‍ മറന്നു നില്‍ക്കുമ്പോള്‍ ഞാനും ആ രാത്രിയില്‍ അലിഞ്ഞിരിക്കുന്നതായി തോന്നും.  ഓരോ രാത്രിയ്കും ഓരോ ഭാവമാണ്. പരിഭവത്തിന്റെ, പിണക്കത്തിന്റെ, പ്രണയത്തിന്റെ, വിരഹത്തിന്റെ, ചിലപ്പോള്‍ ശൂന്യതയുടെയും. രാത്രികളില്‍ ആകാശം നോക്കി യിരിക്കുമ്പോള്‍ മനസ് ശാന്തമാവും. ചില സങ്കടങ്ങള്‍ തന്നില്‍ തന്നെ അലിഞ്ഞില്ലാതായതായി  തോന്നും. ചില ആഹ്ലാദങ്ങള്‍ സമചിത്തതയോടെ നോക്കി കാണാനുമാവും.  ഞാന്‍ മാത്രമോര്‍ക്കുന്ന ചില ഓര്മതുണ്ടുകള്‍ മനസിലൂടെ കടന്നു പോകുന്നതും അപ്പോഴാണ്‌. 
                  എന്റെ ചെമ്പകം പൂത്ത കാര്യം ഞാനറിഞ്ഞത് അത്തരമൊരു രാത്രിയിലാണ്. എവിടെ നിന്നാണീ മണം വരുന്നത് എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു. സൂര്യവെളിച്ചത്തില്‍ ഇലകള്‍ക്കിടയില്‍ ഒളിച്ചിരിക്കുകയായിരുന്ന വെള്ളചെമ്പകങ്ങള്‍ ഞാനിവിടെയുണ്ടേ എന്ന് വിളിച്ചുകൂവി. അപ്പോള്‍ ഞാന്‍ നിന്നെ ഓര്‍ത്തു... നിനക്കിഷ്ടമാണല്ലോ ചെമ്പകങ്ങള്‍! ആ മണത്തിലും, ഓര്‍മ്മയിലും  സന്തുഷ്ടയായ ഞാന്‍ മുകളിലേക്ക് നോക്കി.എത്ര നോക്കിയാലും മതി വരാത്ത കാഴ്ച! നടത്തം നിര്‍ത്തി ഞാന്‍ ഒരു മൂലയിലിരുന്നു. അങ്ങനെ നോക്കിയാല്‍  ഏതെങ്കിലും നക്ഷത്രത്തെ ആവാഹിച്ചു വരുത്താന്‍ എനിക്ക് കഴിഞ്ഞേക്കുമെന്ന് പോലും  ഞാന്‍ കരുതി. പക്ഷെ ഞാന്‍ ആകാശത്തേയ്ക് ഉയരുന്നത് പോലെ... 
                        ചിലപ്പോള്‍ ഇരുട്ടുന്നതിനു മുന്‍പ് തന്നെ ഞാനെത്തും. എനിക്ക് മുന്നിലൂടെയാണ്‌ ഇരുളിന്റെ ചായം കലങ്ങുന്നത്‌. അങ്ങനൊരു സന്ധ്യാനേരതാണ് അടുത്ത വീടിന്റെ ടാങ്കില്‍ ഒരു കുഞ്ഞിപ്പക്ഷിയെ കണ്ടത്. അത് എനിക്ക് അറിയാത്ത ഭാഷയില്‍ കലപില പറയുന്നുണ്ടായിരുന്നു. ഇടയ്ക് ആധി കയറിയത് പോലെ തിരിഞ്ഞും മറിഞ്ഞും നോക്കുന്നുമുണ്ടായിരുന്നു. എല്ലാ പക്ഷികളും കൂടണയാന്‍ പോകുന്ന ഈ നേരത്ത് അത് ഇവിടെ എന്ത് ചെയ്യുകയാണെന്ന് ഞാന്‍ ആലോചിച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ മറ്റൊരു പക്ഷി പറന്നു വന്നു. അപ്പോള്‍ ആദ്യത്തെ പക്ഷി അല്‍പ്പമൊന്നു ശാന്തയായത് പോലെ തോന്നി.  ഇപ്പോള്‍ ആ കുഞ്ഞിപ്പക്ഷിയുടെ ഭാഷ എന്റെ മുന്നില്‍ ചുരുളഴിഞ്ഞു. ദിവസം മുഴുവന്‍ നീ  വിളിക്കാതെയും, നിന്നെ  കാണാതെയും ഇരിക്കുമ്പോള്‍  ഞാന്‍ കാണിക്കുന്ന വെപ്രാളമല്ലേ അവള്‍ കാണിച്ചത്. താമസിയാതെ അത് രണ്ടും എങ്ങോട്ടോ പറന്നു പോയി. ഈ രാത്രി സുഖമായി ഉറങ്ങാന്‍ ഈ കാഴ്ച മതി എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ ഭൂമിയിലേക്ക്‌ മടങ്ങി.    

September 03, 2011

നീ

  നീ എന്റെ സൂര്യനാണ് .
എന്നെ മൂടിയ മഞ്ഞുരുക്കിയ സൂര്യന്‍ .
  നീ എന്റെ കാറ്റാണ്‌
എനിക്കുള്ളത് സുഗന്ധമെന്നു ഉറക്കെ വിളിച്ചു പറഞ്ഞ കാറ്റ്.
  നീ എന്റെ മഴയാണ്.
  എന്റെ മാലിന്യങ്ങളില്‍ നിന്ന് എന്നെ മോചിപ്പിച്ച മഴ.
  നീ എന്റെ പുഴയാണ്.
 പൂര്‍ണമായും എന്നെ അലിയിച്ചു കൂടെ ഒഴുകിയ പുഴ.
  നീ എന്റെ രാത്രിയാണ്.
 എല്ലാ കറുത്ത നോട്ടങ്ങളില്‍ നിന്നും എന്നെ കാക്കുന്ന രാത്രി.
  നീ എന്റെ ചന്ദ്രനാണ്.
 എന്റെ മുറിവുകളില്‍ നിലാച്ചന്ദനം പുരട്ടുന്ന ചന്ദ്രന്‍.
  നീ എന്റെ ഇണയാണ്.
. ഞാന്‍ നിന്റെ പെണ്ണെന്നു എന്നെ ബോധ്യപ്പെടുത്തിയ ഇണ.

July 05, 2011

പിന്‍വിളി കാതോര്‍ക്കുന്നവര്‍

     അയാള്‍ മകളെ തോളില്‍ എടുത്ത് അടഞ്ഞു കിടന്ന വാതിലിലേക്ക് നോക്കി. അത് തുറന്നു. വികാരരഹിതമായ ഒരു മുഖം അവിടെ പ്രത്യക്ഷപ്പെട്ടു. അവള്‍-അയാളുടെ ഭാര്യ, അയാള്കടുതെക്ക് നടന്നെത്തി.            
                   ''പോകാം'' അയാള്‍ പറഞ്ഞു.
                    .''ഉം'' അവള്‍ മൂളി. അവള്‍ക് ബുധിമുട്ടില്ലാതിരിക്കാനായി  അയാള്‍ പതുക്കെ നടന്നു. ആശുപത്രിയുടെ പടവുകള്‍ ഇറങ്ങുമ്പോള്‍ അയാള്‍ അവള്‍ക്കായി ഒരു നിമിഷം കാതുനില്‍ക്കുകയും ചെയ്തു.വെയില്‍ വീണ മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍ അവള്‍ക്കു അടിവയറ്റില്‍ നുറുങ്ങിപ്പിടഞ്ഞ ഒരു വേദന അനുഭവപ്പെട്ടു.വയറില്‍  കൈ  അമര്‍ത്തിയപ്പോള്‍  എങ്ങു  നിന്നോ ഒരു കുഞ്ഞിന്റെ  വികലമായ നിലവിളി അവള്‍ വ്യക്തമായും കേട്ടു. പിറവി നിഷേധിക്കപെട്ടതിന്റെ പ്രതിഷേധമാണോ അതെന്ന്‌ അവള്‍ സന്ദേഹിച്ചു.ആറാം വയസിലും നിവര്‍ന്നു നില്‍കാന്‍ കഴിയാതെ അയാളുടെ തോളില്‍ കുഴഞ്ഞു കിടക്കുന്ന മകള്‍! അവളുടെ ശരീരം പോലെ തന്നെ നോട്ടവും എങ്ങും ഉറയ്ക്കാതെ പതറുന്നു. ചുറ്റുപാടിലേക്ക് മുഴുവന്‍ ചിതറിയ നോട്ടങ്ങളെയ്യുന്ന മകളെ നോക്കിയപ്പോള്‍, ആ കേട്ടത് ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍ ആണെന്നവള്‍ സമാധാനിച്ചു.
               ''ഓട്ടോയെക്കാള്‍  നല്ലത് ബസ്‌ തന്നെയാ..'' അയാള്‍ പറഞ്ഞു.              
                  ''ഉം'' അവള്‍ അതിനും മൂളി. ബസ്‌ വന്നു. ആകാശത്ത് നിന്ന് പെയ്ത  വിഷമഴയില്‍, സ്വപ്‌നങ്ങള്‍ കൂടി   വികലമാക്കപ്പെട്ടവരുടെ കറുത്ത ഭൂമിയിലേക്ക്‌ അവര്‍ ബസ്‌ കയറി.

June 05, 2011

pranayathuruthukal

ഇത് പെരുമഴക്കാലം! മഴ ഒരു മറയാണ്.നമുക്കും ലോകത്തിനും ഇടയ്ക്ക് പ്രകൃതി ഒരുക്കിയ കണ്ണാടി മറ!ചില തുള്ളികള്‍കെങ്കിലും നോവുന്ന ഹൃദയത്തിന്റെ, മുറിയുന്ന അഭിമാനത്തിന്റെ ഉപ്പുരസമുണ്ട്.അനിശ്ചിതത്വത്തിന്റെ ശിശിരവും, ഗൃഹാതുരത്വത്തിന്റെ ഹേമന്തവും,ച്ചുട്ടുനീറ്റിയ വിരഹത്തിന്റെ ഗ്രീഷ്മവും പോയ്മറഞ്ഞു.ഇത് തിരിച്ചറിവിന്റെ പെരുമഴക്കാലം! കാല്‍ വെയ്ക്കും തോറും ഉള്ളിലേയ്ക്ക് പുതഞ്ഞു താഴുന്ന പ്രണയ ചതുപ്പില്‍ ഞാന്‍ ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞ നോവിന്റെ പെരുമഴക്കാലം.വസന്തഗമത്തിന്റെ പൂവിളിയ്ക്കായ്‌ കാതോര്‍തിരിയ്ക്കുന്ന പാതിവിരിഞ്ഞ പൂ പോലെ എന്റെ ഹൃദയം!ലോകത്തെ മുഴുവന്‍ ഒരു തുരുതിലാക്കി ഒറ്റപ്പെടുത്താന്‍ എത്ര തിടുക്കമായിരുന്നു എനിക്ക്.ഒരു കുടക്കീഴില്‍, ഒരു മഴക്കൂടിനുള്ളില്‍ ഒന്നിച്ചു നടകുന്നത് സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് എത്ര നാളുകളായി? വാക്കുകള്‍ കൊണ്ട് മായാജാലം തീര്‍കുന്ന മാന്ത്രികനായ ഒരു ഗന്ധര്‍വസന്ഗീതത്തിന്റെ മാസ്മരികത ചുറ്റുമുള്ള ലോകത്തെ എന്നില്‍ നിന്നും വേര്‍പെടുതിയിരിക്കുന്നു.മഴവില്ലിന്റെ നിറങ്ങളെ എന്റെ കാഴ്ച്ചയില്‍ നിന്നും മായ്ച്ചതും, തേന്‍ മധുരം കയ്പുനീരാക്കി പകര്‍ന്നതും നീ തന്നെ എന്നറിയുന്നു. പ്രണയമെന്ന തുരുത്തില്‍ എന്നെ ഒറ്റയ്ക്കാക്കി നീ വീണ്ടും ഹൃദയങ്ങള്‍ കൊയ്യാനിറങ്ങി.നിന്റെ സംഗീതം എന്റെ കാതില്‍ അലയടിക്കുന്നിടത്തോളം കാലം ഞാന്‍ നിന്റെ അടിമ എന്ന് നീ പുഞ്ചിരിയോടെ മൊഴിയുന്നു. 
                     മഴ കണ്ണീര്‍ പോലെ പൊഴിയുന്നു പുറത്ത്.സ്വപ്‌നങ്ങള്‍ പോലും കവര്‍ന്നെടുക്കപ്പെട്ടവരുടെ തേങ്ങല്‍ പോലെ കാറ്റു വീശിയടിക്കുന്നു.ഈ ഉമ്മറത്തിരിക്കുമ്പോള്‍ നിന്റെ കരുണ പോലെ ഒന്നോ രണ്ടോ തുള്ളി എന്റെ മുഖത്തും വന്നു വീഴുന്നുണ്ട്‌.ഒരു കണ്കെട്ടുകാരന്റെ കൌശലത്തോടെ എത്ര പെട്ടന്നാണ് നീയെന്റെ സങ്കല്‍പ്പങ്ങള്‍ക്ക് മേല്‍ അധീശത്വം സ്ഥാപിച്ചത്? എന്നാല്‍ മുറിവേല്‍ക്കപ്പെട്ട ഹൃദയങ്ങളെ... ഇന്നീ മഴക്കൂട്ടിലിരുന്നുകൊണ്ട് ഞാന്‍ നിങ്ങളോട് മാപ്പിരക്കുന്നു. മുറിപ്പെടാന്‍ ഇനിയൊരു ഇടമില്ലാത്ത പോലെ നൊന്തു തളര്‍ന്നിരിക്കുന്നു എന്റെ മനസ്.അവനാകുന്ന തീയിലേക്ക് എന്റെ ചിറകു കരിഞ്ഞു വീഴും മുന്‍പ് ഞാന്‍ കേഴുന്നു.എന്റെ അവശേഷിച്ച ബോധത്തിന്റെ കാഴ്ചയെ   നിന്റെ മായജാലതിന്റെ കറുത്ത തുണിയാല്‍ മറയ്കു, അല്ലെങ്കില്‍ എന്റെ നഷ്ടപ്പെട്ട ലോകം എനിക്ക് തിരിച്ചു നല്‍കു ....

May 28, 2011

nashtappettavayude kanakkupusthakam

നഷ്ടങ്ങളുടെ കണക്കെഴുതാന്‍ എനിക്കൊരു പുസ്തകം വേണം.    
പൂരപ്പറമ്പില്‍ നഷ്‌ടമായ പാവ 
പുഴയോഴുക്കില്‍ നഷ്‌ടമായ പീലിത്തുണ്ട്    
മാവിന്‍കൊമ്പില്‍ നിന്ന് താഴെ വീണ പകുതി കടിച്ച മാമ്പഴം  
അമ്പലവഴിയില്‍ വീണുപോയ ചന്ദനപൂവിതല്‍
രണ്ടാമതൊന്നു തിരിഞ്ഞു നോക്കാതെ നഷ്ടപ്പെടുത്തിയ സ്നേഹം  
നഷ്ടങ്ങളുടെ കണക്കു കുറിക്കാന്‍ എനിക്കൊരു താളെങ്കിലും വേണം  
ഹൃദയമലിയുമ്പോള്‍ വീഴാത്ത കണ്ണുനീര്‍  
വാക്കുകള്കിടയില്‍ ഒതുങ്ങാത്ത മൌനം  
കണ്ണുകള്‍ മാത്രം തിരിച്ചറിയുന്ന മൊഴി  
ഒരു നോട്ടത്തില്‍ കല്ലില്‍ നിന്ന് സ്ത്രീയായ ശാപമോക്ഷത്തിന്റെ സാഫല്യം  
എന്റെ നഷ്ടങ്ങളുടെ കണക്കു കുറിക്കാന്‍ എനിക്ക് നിന്റെ മനസ് വേണം  
നഷ്ടപ്പെട്ടവയോര്‍ത്തു പൊട്ടിക്കരയനൊരു ചുമല്‍
വാക്കിലോതുങ്ങാത്തത് കേള്‍ക്കാനൊരു ചെവി
കാഴ്ചക്കപ്പുറം കാണാനൊരു കണ്ണ്
എനിക്ക് നഷ്ടങ്ങള്‍ മാത്രം സ്വന്തം എന്ന് എന്നും ഓര്‍മ്മിപ്പിക്കുന്ന നീയും.