June 05, 2011

pranayathuruthukal

ഇത് പെരുമഴക്കാലം! മഴ ഒരു മറയാണ്.നമുക്കും ലോകത്തിനും ഇടയ്ക്ക് പ്രകൃതി ഒരുക്കിയ കണ്ണാടി മറ!ചില തുള്ളികള്‍കെങ്കിലും നോവുന്ന ഹൃദയത്തിന്റെ, മുറിയുന്ന അഭിമാനത്തിന്റെ ഉപ്പുരസമുണ്ട്.അനിശ്ചിതത്വത്തിന്റെ ശിശിരവും, ഗൃഹാതുരത്വത്തിന്റെ ഹേമന്തവും,ച്ചുട്ടുനീറ്റിയ വിരഹത്തിന്റെ ഗ്രീഷ്മവും പോയ്മറഞ്ഞു.ഇത് തിരിച്ചറിവിന്റെ പെരുമഴക്കാലം! കാല്‍ വെയ്ക്കും തോറും ഉള്ളിലേയ്ക്ക് പുതഞ്ഞു താഴുന്ന പ്രണയ ചതുപ്പില്‍ ഞാന്‍ ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞ നോവിന്റെ പെരുമഴക്കാലം.വസന്തഗമത്തിന്റെ പൂവിളിയ്ക്കായ്‌ കാതോര്‍തിരിയ്ക്കുന്ന പാതിവിരിഞ്ഞ പൂ പോലെ എന്റെ ഹൃദയം!ലോകത്തെ മുഴുവന്‍ ഒരു തുരുതിലാക്കി ഒറ്റപ്പെടുത്താന്‍ എത്ര തിടുക്കമായിരുന്നു എനിക്ക്.ഒരു കുടക്കീഴില്‍, ഒരു മഴക്കൂടിനുള്ളില്‍ ഒന്നിച്ചു നടകുന്നത് സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് എത്ര നാളുകളായി? വാക്കുകള്‍ കൊണ്ട് മായാജാലം തീര്‍കുന്ന മാന്ത്രികനായ ഒരു ഗന്ധര്‍വസന്ഗീതത്തിന്റെ മാസ്മരികത ചുറ്റുമുള്ള ലോകത്തെ എന്നില്‍ നിന്നും വേര്‍പെടുതിയിരിക്കുന്നു.മഴവില്ലിന്റെ നിറങ്ങളെ എന്റെ കാഴ്ച്ചയില്‍ നിന്നും മായ്ച്ചതും, തേന്‍ മധുരം കയ്പുനീരാക്കി പകര്‍ന്നതും നീ തന്നെ എന്നറിയുന്നു. പ്രണയമെന്ന തുരുത്തില്‍ എന്നെ ഒറ്റയ്ക്കാക്കി നീ വീണ്ടും ഹൃദയങ്ങള്‍ കൊയ്യാനിറങ്ങി.നിന്റെ സംഗീതം എന്റെ കാതില്‍ അലയടിക്കുന്നിടത്തോളം കാലം ഞാന്‍ നിന്റെ അടിമ എന്ന് നീ പുഞ്ചിരിയോടെ മൊഴിയുന്നു. 
                     മഴ കണ്ണീര്‍ പോലെ പൊഴിയുന്നു പുറത്ത്.സ്വപ്‌നങ്ങള്‍ പോലും കവര്‍ന്നെടുക്കപ്പെട്ടവരുടെ തേങ്ങല്‍ പോലെ കാറ്റു വീശിയടിക്കുന്നു.ഈ ഉമ്മറത്തിരിക്കുമ്പോള്‍ നിന്റെ കരുണ പോലെ ഒന്നോ രണ്ടോ തുള്ളി എന്റെ മുഖത്തും വന്നു വീഴുന്നുണ്ട്‌.ഒരു കണ്കെട്ടുകാരന്റെ കൌശലത്തോടെ എത്ര പെട്ടന്നാണ് നീയെന്റെ സങ്കല്‍പ്പങ്ങള്‍ക്ക് മേല്‍ അധീശത്വം സ്ഥാപിച്ചത്? എന്നാല്‍ മുറിവേല്‍ക്കപ്പെട്ട ഹൃദയങ്ങളെ... ഇന്നീ മഴക്കൂട്ടിലിരുന്നുകൊണ്ട് ഞാന്‍ നിങ്ങളോട് മാപ്പിരക്കുന്നു. മുറിപ്പെടാന്‍ ഇനിയൊരു ഇടമില്ലാത്ത പോലെ നൊന്തു തളര്‍ന്നിരിക്കുന്നു എന്റെ മനസ്.അവനാകുന്ന തീയിലേക്ക് എന്റെ ചിറകു കരിഞ്ഞു വീഴും മുന്‍പ് ഞാന്‍ കേഴുന്നു.എന്റെ അവശേഷിച്ച ബോധത്തിന്റെ കാഴ്ചയെ   നിന്റെ മായജാലതിന്റെ കറുത്ത തുണിയാല്‍ മറയ്കു, അല്ലെങ്കില്‍ എന്റെ നഷ്ടപ്പെട്ട ലോകം എനിക്ക് തിരിച്ചു നല്‍കു ....