അയാള്‍ മദ്യപിക്കാറുണ്ട്. ബീഡി ഇടയ്ക്കൊക്കെ വലിക്കും. ജീവിതത്തില്‍ വലിയ ധാര്മികബോധത്തിന്‍റെ ആവശ്യമുണ്ടെന്നു ഇന്നുവരെ തോന്നിയിട്ടില്ല. ഇരുമ്പ് കൊണ്ട് കത്തി, വാക്കത്തി എന്നിങ്ങനെയുള്ള സാധനങ്ങള്‍ ഉണ്ടാക്കുന്ന കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആണ്. ആ പേരില്‍ മാത്രമേ വലിപ്പത്തരം ഉള്ളു. പല ജോലികളും അയാള്‍ക്കെടുക്കേണ്ടി വന്നിട്ടുണ്ട്. ഇരുമ്പ് ഉരുക്കി തീ നിറത്തില്‍ കോരിയോഴിക്കുന്നത് കാണുമ്പോള്‍ ഉള്ള കൌതുകം ഇന്നും ഉണ്ടയാള്‍ക്ക്. എന്തൊരു നിറമാണത്! തീയും സ്വര്‍ണവും കൂടിച്ചേര്‍ന്ന നിറം.ഈ ഭൂമിയില്‍ അയാള്‍ക്ക് ഏറ്റവും ആകര്‍ഷകമായി തോന്നിയ കാഴ്ച!
കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് അയാളെ ഭ്രമിപ്പിച്ച ഏറെ കാര്യങ്ങള്‍ ഉണ്ടായിരുന്നു. വെളുത്ത കൈത്തണ്ടയിലെ കരിവളകള്‍, വൈകുന്നേരം അഞ്ചു മണിക്ക് വീട്ടിനടുത്തെ ബസ്സ്‌സ്റ്റോപ്പില്‍ എത്തുന്ന രമബസ്സിന്റെ ഹോണ്‍, വാടിയ ജമന്തിയുടെയും, സ്ത്രീവിയര്‍പ്പിന്റെയും കൂടിക്കുഴഞ്ഞ മണം. അന്നയാളുടെ മനസ്സും ഉരുക്കിയൊഴിച്ച തീ നിറത്തിലുള്ള ലാവ പോലെ ആയിരുന്നു. എങ്ങനെ വേണമെങ്കിലും മാറാനും മാറ്റാനും തയ്യാറായിരുന്ന പുതുമനസ്സ്! ഇന്നത് കറുത്ത് ദൃഡമായിരിക്കുന്നു. ഒരു പക്ഷെ അതിന്‍റെ വക്കും മൂലയും തേഞ്ഞിരിക്കുകയും ചെയ്യുന്നു. ഇരുട്ടിയിട്ടും വീട്ടിലേക്കു പോകാന്‍ അയാള്‍ക്ക് തോന്നിയില്ല. വിശ്വേട്ടന്റെ ടൈലര്‍ഷോപ്പിനു മുന്നില്‍ അങ്ങനെ ഏറെ നേരം നില്‍ക്കും. എട്ടുമണി എന്കിലുമാവാതെ വീട്ടില്‍ പോയി എന്ത് ചെയ്യാനാണ് ? പരാതിയും ചുമയും ഒരുപോലെ പുറത്തേയ്ക്ക് വമിക്കുന്ന ഭാര്യയെ ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് ഓക്കാനം വന്നു. മുഷിഞ്ഞതും കരിമ്പുള്ളികള്‍ പറ്റിയതുമായ അടിപ്പാവാട കാണാവുന്ന വിധത്തില്‍ സാരി മുകളിലേക്ക് കുത്തി വെച്ച് പാറിപ്പറന്ന തലമുടിയുമായി അവള്‍ വരുന്നത് കാണുമ്പോള്‍ തന്നെ അയാള്‍ക്ക് താന്‍ കഴിച്ച മദ്യത്തിന്‍റെ ലഹരി നിശ്ശേഷം നഷ്ടപ്പെട്ടതായി തോന്നും.
മുട്ടോളം എത്തുന്ന യുണിഫോം പാവാടയിട്ട് കോല്പോലെ കൈകാലുകളുള്ള മകള്‍ എവിടെയെങ്കിലും പുസ്തകവുമായി പതുങ്ങുന്നത് കാണാം. അവളോടും പ്രത്യേകിച്ച് ഒന്നും തോന്നിയിട്ടില്ല. അവളെ പ്രസവിച്ചു കണ്ടപ്പോള്‍, ആണ്കുട്ടിയാവാത്തതിനാല്‍ അയാള്‍ സങ്കടപ്പെട്ടിട്ടുണ്ട്. അതെന്തിനായിരുന്നു ആ സങ്കടമെന്ന് ഇന്നാലോചിക്കുമ്പോള്‍ അതിനു യാതൊരു ഉത്തരവുമില്ല.
ചുമ, തുമ്മല്‍, ശ്വാസംമുട്ടല്‍ , മരുന്നുകളുടെ മണം, മഴക്കാലത്തെ വലിവ്,പിന്നെ കുറെ പ്രാകല്‍- അതാണയാള്‍ക്ക് ഭാര്യ. അതായതുകൊണ്ടാണ് അയാള്‍ക്ക് അഞ്ചു സെന്റ് സ്ഥലം കിട്ടിയത്. അതില്‍ വീട് പണിയാനും ഭാര്യവീട്ടുകാര്‍ നിര്‍ലോഭം സഹായിച്ചിട്ടുണ്ട്. കുടിച്ചുവന്ന രാത്രികളിലെ ബോധംകെട്ട ചെയ്തികളുടെ ഫലം, ഭാര്യയുടെ തനിപ്പകര്‍പ്പായ മകള്‍. ഇടയ്ക്കവള്‍ ചുമയ്ക്കുമ്പോള്‍ മാത്രം അയാളൊന്നു ഞെട്ടും.
വിശ്വേട്ടന്റെ ടൈലര്‍ഷോപ്പിനു മുമ്പില്‍ അയാളെ പോലെ കഠിനമായ ജോലികള്‍ ചെയ്തു തളര്‍ന്നവര്‍ ഒരുപാട് വരും. നാട്ടിലെയും, രാഷ്ട്രീയത്തിലെയും എല്ലാ മാറ്റങ്ങളും വിശേഷങ്ങളും അയാള്‍ക്ക് അവിടെ വെച്ച് കിട്ടും. അതൊരു ആശ്വാസനേരമാണ്. അതും കഴിഞ്ഞാണ് വീട്ടിലേക്കു മടക്കം. അയാള്‍ ബീഡി ആഞ്ഞുവലിച്ചു .
"രഘൂ.... നീ ഇപ്പോഴും ഇവിടെ നിക്ക്വാ... ? എടാ.. ആ പെണ്‍കുട്ടി വീട്ടില്‍ തനിച്ചല്ലെട.. ഭാര്യ മരിച്ചിട്ട് ഇത്രയല്ലേ ആയുള്ളൂ... മതി.. പോ..പോ.."
വിശ്വേട്ടനാണ്. മറുത്തുപറയാന്‍ തോന്നിയില്ല.ഭാര്യ മരിച്ചിട്ട് ഒരു മാസം ആകുന്നേയുള്ളൂ. മനംപിരട്ടുന്ന ആ ഓര്‍മ്മ ഇല്ലെങ്കിലും അയാള്‍ക്ക് വീട്ടിലേക്കു പോകാന്‍ തോന്നുന്നില്ല. മകള്‍ തനിച്ചാണ് എന്നോര്‍ക്കാതെയല്ല. അവളോട് അയാള്‍ക്ക് ഒരു ദയവ് തോന്നുന്നുണ്ട്. പതിനാലു തികയാത്ത ആ മെലിഞ്ഞ പെണ്‍കുട്ടി എന്തുചെയ്യുമെന്നോര്‍ത്ത്.
അയാള്‍ ഇരുട്ടത്ത് നടന്നു. ഭാര്യ ഉള്ളപ്പോള്‍ ഉമ്മറവാതില്‍ അടയ്ക്കാറില്ല. ഗേറ്റില്‍ നിന്നേ ചുമ കേള്‍ക്കാം. അയാള്‍ അടച്ച വാതിലില്‍ തട്ടി. മകള്‍ വാതില്‍ തുറന്നു. ഏതോ അപരിചിതനെ നോക്കുംപോലെയാണ് അവള്‍ അയാളെ നോക്കുന്നത്. മകള്‍ വിളമ്പിവെച്ച ഭക്ഷണം അയാള്‍ കഴിച്ചു. ഭാര്യ ഉള്ളപ്പോഴും അവള്‍ക്കു ധാരാളം പണികള്‍ ഉണ്ടായിരുന്നു.
അയാള്‍ കട്ടിലില്‍ കയറി കിടന്നു. മകളും ഭാര്യയും വേറെ മുറിയിലാണ് കിടകാറ്. ഭാര്യയുടെ ചുമ ഇടയ്ക്കിടയ്ക്ക് കേള്‍ക്കാമായിരുന്നു. ഉറക്കത്തില്‍ നിന്ന് ഇടയ്ക്കുണരുമ്പോള്‍ അയാള്‍ പല്ല് കടിയ്ക്കും.
"പണ്ടാരം.... ചാവുന്നൂല്ല.."
ഇപ്പോള്‍ ഈ നിശബ്ദതയില്‍ അയാള്‍ക്ക് ഉറങ്ങാന്‍ കഴിയാതെ വരുന്നു. എണീറ്റിരുന്ന് ബീഡി വലിച്ചു. മകള്‍ മുന്‍വാതില്‍ അടച്ചു കിടന്നു കാണണം. അയാള്‍ക്ക് വല്ലാത്ത വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു. മകള്‍ കിടന്നിരുന്ന മുറിയില്‍ നിന്ന് അവളുടെ ചുമ കേട്ടു. അയാള്‍ മുറിയുടെ വാതില്‍ക്കല്‍ നിന്ന് മകളെ നോക്കി. അവള്‍ കിടക്ക വിരിച്ചു ശരിയാക്കുകയാണ്. മകളുടെ മെലിഞ്ഞ മുഖം കണ്ടപ്പോള്‍ അയാള്‍ക്ക് അലിവ് തോന്നി.
" തങ്കം" അയാള്‍ അവളുടെ തോളില്‍ കൈവെച്ച് വിളിച്ചു. പിച്ചവെച്ചു നടക്കുമ്പോള്‍ എന്നോ അയാള്‍ വിളിച്ച വിളി. പിന്നെയൊക്കെ പെണ്ണെന്നായിരുന്നു അയാള്‍ വിളിച്ചു കൊണ്ടിരുന്നത്. മകള്‍ തിരിഞ്ഞ് അയാളെ നോക്കി. അച്ഛന്‍റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ബീഡി വലിച്ചിട്ടാണ് എന്നവള്‍ക്ക് തോന്നി. മദ്യത്തിന്‍റെ മണമില്ലാഞ്ഞിട്ടും, അവളുടെ കണ്ണുകളില്‍ നിന്നുതിര്‍ന്ന സംശയത്തിന്‍റെ മൊട്ടുസൂചികള്‍ അയാളില്‍ വന്നു തറച്ചു. മുഖം താഴ്ത്തി അയാള്‍ മുറിയിലേക്ക് തിരിച്ചു വന്ന് തന്‍റെ കട്ടിലില്‍ ഇരുന്നു. മകള്‍ മുറിയുടെ വാതില്‍ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ടപ്പോള്‍ അയാള്‍ മുഖമുയര്‍ത്തി. തന്‍റെ ഉള്ളില്‍ നിന്ന് ഉരുകിയൊലിച്ച എന്തോ ഒന്നില്‍ അയാള്‍ അകംപുറം പൊള്ളിപ്പിടയുമ്പോള്‍ അടച്ചിട്ട മകളുടെ മുറിയില്‍ നിന്ന്, തേങ്ങല്‍ പോലെ ചുമ ഉയരുന്നുണ്ടായിരുന്നു.