June 03, 2012

അഖിലയുടെ കനല്‍വഴികള്‍

         അശോക്നഗറിലെ പട്ടാളക്വാര്‍ട്ടെഴ്സിനിടയിലൂടെ നടക്കുമ്പോള്‍ തന്‍റെ തലച്ചോര്‍ ഒട്ടും പ്രവര്‍ത്തിക്കുന്നില്ലായെന്ന് അഖിലയ്ക്ക് തോന്നി. അവളുടെ നെഞ്ചില്‍ എന്നും ഒരു തേങ്ങല്‍ കുറുകിക്കുറുകി നിന്നിരുന്നു. കാണുന്നതും, കേള്‍ക്കുന്നതും മാത്രമാണ് ഇപ്പോള്‍ അവള്‍. ഒന്നും ചിന്തിക്കാന്‍ പറ്റാത്തത്ര യന്ത്രമായി മാറിയിരിക്കുന്നു അവളുടെ മനസ്സ്. ഇളബിശ്വാസ് - വെള്ളക്കല്ല് വെച്ച മൂക്കുത്തിയിട്ട്, കാലുകളില്‍ ചുവന്ന ചായം തേച്ച്, കൈകളില്‍ ചുവപ്പും വെള്ളയും കട്ടിവളകളിട്ട ബംഗാളിപെണ്‍കുട്ടി അവളോടൊപ്പം ഉണ്ടായിരുന്നു. അഖില ഭര്‍ത്താവിനോടൊപ്പം പഞ്ചാബിലെത്തിയപ്പോള്‍  അവള്‍ക്ക് ആദ്യമായും, അവസാനമായും കിട്ടിയ കൂട്ടാണ് ഇള. രണ്ടുപേരുടെയും ഭര്‍ത്താക്കന്മാര്‍ രാത്രിജോലിക്ക് പോകുന്ന രാത്രികളില്‍ അവര്‍ ഒരു ക്വാര്‍ട്ടെറില്‍, ഒരു റൂമില്‍ കിടന്നുറങ്ങി. കൊതുകുവലയ്ക്കു താഴെ, രജായിയ്ക്കുള്ളില്‍ ഒരുപാട് മനസ്സടുപ്പത്തോടെ സംസാരിച്ചു. ബംഗാളിചുവയുള്ള ഹിന്ദി ഏറ്റവും ഹൃദ്യമാണെന്ന് അന്നാണ് അഖിലയ്ക്ക് തോന്നിയത്. അഖില അവിടെ പുതിയതാണ്. വിവാഹം പോലും അവള്‍ക്കുള്‍ക്കൊള്ളാന്‍ കഴിയുംമുമ്പ്  അവള്‍ പഞ്ചാബിലെത്തി. ഇരുണ്ട ഒരു പുലരിയില്‍ പഞ്ചാബിലെ ഒരു കൊച്ചുസ്റ്റേഷനില്‍ വണ്ടിയിറങ്ങുമ്പോള്‍ പെട്ടെന്നൊരു ദു:സ്വപ്നതില്‍പ്പെട്ടതു പോലെ അവള്‍ ഞെട്ടിയിരുന്നു. അവര്‍ ഒറ്റയ്ക്കാകുന്ന രാത്രികളിലൊക്കെ ബംഗാളിലേയും, കേരളത്തിലെയും ഗ്രാമങ്ങളിലൂടെ അവര്‍ ഒന്നിച്ചുസഞ്ചരിച്ചു. മാനസികമായി ഒരുപോലെ ചിന്തിക്കുന്നവരാണ് ബംഗാളികളും, മലയാളികളും എന്നവള്‍ തിരിച്ചറിഞ്ഞു. ഇരുണ്ട നിറമുള്ള തൊലിയുടെ അനാകര്‍ഷകത്വം സമ്മാനിച്ച അപകര്‍ഷതാബോധത്തില്‍ നിന്ന് അഖില മോചിതയായത് ഇളയുടെ സൌഹൃദത്തിന്‍റെ തൂവല്‍പുതപ്പിലൂടെയാണ്. പലപ്പോഴും അഖില ഇളയ്ക്കടിമപ്പെട്ടത്‌ പോലെ അവള്‍ക്കരികില്‍ ചെന്നിരിക്കുമായിരുന്നു. തന്നിലും നാലുവയസ്സിനിളയ  ഈ ബംഗാളിപെണ്‍കുട്ടി അഖിലയെ അത്രത്തോളം അത്ഭുതപ്പെടുത്തി. ഒരുപാട് വളവും തിരിവുമുള്ള കാന്‍ടോണ്‍മെന്‍റ് ഏരിയക്കിടയിലൂടെയുള്ള ടാറിട്ട പാതകളിലൂടെ അവര്‍ നടന്നു. അന്ന് കാലം അവര്‍ക്ക് മുന്‍പിലും പിന്പിലും നിശ്ശബ്ദമായി. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത ക്വാര്‍ട്ടെഴ്സുകള്‍! അതില്‍ നിന്ന് ഉയരുന്ന ചില പിറുപിറുക്കലുകള്‍ കാലങ്ങള്‍ താണ്ടി അവരില്‍ മാത്രം എത്തി.

                 കീഴുദ്യോഗസ്ഥരുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശനത്തിനെത്തുന്ന മേലുദ്യോഗസ്ഥന്മാരുടെ കഴുകന്‍കണ്ണിനെക്കുറിച്ചും, വീട്ടില്‍ നില്‍ക്കുന്ന ഓര്‍ഡര്‍ലിമാരുടെ ചോരയൂറ്റിക്കുടിക്കുന്ന യക്ഷികളായ അവരുടെ ഭാര്യമാരെക്കുറിച്ചും, നെയ്ക്കട്ടി പോലുള്ള അവരുടെ മക്കളെക്കുറിച്ചും അവര്‍ സംസാരിച്ചു. മധുവിധുവിന്റെ ഹര്‍ഷോന്‍മാദത്തേക്കാള്‍ അവര്‍ക്ക് സന്തോഷം പകര്‍ന്നത്, കനലെരിയുന്ന പകലുകളില്‍ ഉപ്പും മുളകുപൊടിയും നാരങ്ങാനീരും ചേര്‍ത്ത് ചുട്ട ചോളവും തിന്നുകൊണ്ടുള്ള അലക്ഷ്യമായ നടത്തമായിരുന്നു. തനിക്കുള്ളില്‍ വളരുന്നത് ഒരു പെണ്‍കുഞ്ഞാണെന്നും അവള്‍ക്ക് അപര്‍ണ എന്ന് പേരിട്ട് 'അപു' എന്നുവിളിക്കുമെന്നും അത്തരമൊരു നടത്തത്തില്‍ ഇള പറഞ്ഞു.

                       ഇരുമ്പുചക്രങ്ങള്‍ തിരിഞ്ഞും മറിഞ്ഞും ഒരുപാട് പ്രാവശ്യം സഞ്ചരിച്ചപ്പോള്‍ അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം അഖില പൂനെയില്‍ എത്തി. കല്ലുകൊണ്ട് പണിത ആ കെട്ടിടങ്ങളിലൊന്നില്‍ ഇളയുണ്ടായിരുന്നു. ഇള അവളെ ചേര്‍ത്തുപിടിച്ചപ്പോള്‍ അവര്‍ക്കിടയില്‍ അഞ്ചുവര്‍ഷങ്ങള്‍ ഉരുകിയൊലിച്ചു. അമ്മയും അച്ഛനും മരിച്ച് അനാഥയായിത്തീര്‍ന്ന ഇള, പിറക്കും മുന്‍പ്‌ അപുവിനെ നഷ്ടപ്പെട്ട ഇള. അവള്‍ക്കു മുന്‍പില്‍ ഇരിക്കുമ്പോള്‍  താന്‍ മറ്റൊരു അമ്മയ്ക്ക് മുന്‍പിലാനിരിക്കുന്നതെന്ന് അഖിലയ്ക്ക് തോന്നി.

                             അമ്മ മരിച്ചിട്ടും പോകാന്‍ കഴിയാതിരുന്ന തന്‍റെ ദുര്യോഗത്തെ കുറിച്ച് ഇള പറഞ്ഞത് കാന്‍ടോണ്‍മെന്‍റ് എരിയക്കടുത്തുള്ള ഒരു ചെറുഗ്രാമത്തിലെ ഇരുണ്ട ഇടനാഴിയില്‍ വെച്ചായിരുന്നു. ആ സന്ധ്യാനേരത്ത് ഒരു കല്യാണഘോഷയാത്ര ആ വഴി വരുന്നുണ്ടായിരുന്നു. കൊട്ടിയും നൃത്തം ചെയ്തും വരുന്ന 'ബാരാത്ത്' അടുത്തെത്തവേ അവര്‍ കുട്ടികളെപ്പോലെ ആഹ്ലാദിച്ചു. തിരിച്ചുനടക്കുമ്പോള്‍ വഴിവിളക്കില്‍ നിന്നുള്ള പ്രകാശം തട്ടി ഇളയുടെ മൂക്കുത്തി പ്രകാശിച്ചു.

                           സന്ധ്യയുടെ ഇരുളിലൂടെ രാത്രിയുടെ പ്രകാശം കെട്ടിടങ്ങളുടെ മുകളിലേക്ക് ഒഴുകിപ്പരന്നു. കുട്ടികളുടെ ശബ്ദങ്ങള്‍, പലഭാഷകളിലുള്ള ശകാരവാക്കുകള്‍, വിവിധതരം ഭക്ഷണങ്ങളുടെ മസാലമണം! കുടിച്ചുവന്ന് അമ്മയെ ഉപദ്രവിച്ച അച്ഛനെ വെട്ടിക്കൊന്ന വിദ്യാര്‍ത്ഥിയായ മകന്‍! അവരുടെ ക്വാര്‍ട്ടേഴ്സ് ഇരുണ്ടുകിടന്നിട്ടും അഖിലയ്ക്കൊട്ടും ഭയം തോന്നിയില്ല. അവര്‍ അന്നേരം കൈകള്‍ കോര്‍ത്തുപിടിച്ചിരുന്നു.

                          തിരികെ അഖില ക്വാര്‍ട്ടെഴ്സില്‍ എത്തുമ്പോള്‍ ഭര്‍ത്താവിന്‍റെയും കൂട്ടുകാരുടേയും ആഹ്ലാദിച്ചുള്ള ചിരി കേട്ടു. അവളെ കണ്ടപ്പോള്‍ 'ദീദി നമസ്തേ'  എന്നു പറഞ്ഞവര്‍ അഭിവാദ്യം ചെയ്തു. അതിലെ ഒരു പൊടിമീശക്കാരന്‍ അവളുടെ കാല്‍ തൊടാന്‍ കുനിഞ്ഞപ്പോള്‍ അവള്‍ ഒന്ന് ഞെട്ടി. ഉള്ളിത്തോലും, കാരറ്റ്തൊലിയും, ചെറുനാരങ്ങാത്തോടും ചിതറിക്കിടക്കുന്ന അടുക്കളയില്‍ അഖില പ്രവര്‍ത്തനമറ്റ യന്ത്രത്തെപ്പോലെ നിന്നു. അടുക്കളയിലെ മുക്കാലിയില്‍ കാല്‍മുട്ടുകള്‍ക്കിടയില്‍ മുഖം തിരുകി അവള്‍ ഏറെ നേരം ഇരുന്നു. കണ്ണുതുറന്നപ്പോള്‍ നിശബ്ദത, എട്ടുകാലി വല നെയ്ത രാത്രി പകുതിയായിരുന്നു. ചിതറിക്കിടക്കുന്ന ഗ്ലാസ്സുകള്‍, അച്ചാറിന്റെ 'കട്ടോരികള്‍', ഏതോ ഒരുത്തന്‍ ഉപേക്ഷിച്ചിട്ട തൂവാല, അലങ്കോലപ്പെട്ട കസേരകള്‍ എന്നിവയെ അങ്ങനെതന്നെ വിട്ട്, അഖില വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി. പുറത്തേക്കു തുറക്കാന്‍ ഒരു ജനല്‍ പോലുമില്ലാത്ത മനസ്സുമായി ജീവിക്കുന്ന കോണ്‍ക്രീറ്റ് മനുഷ്യരുടെ മാളങ്ങള്‍ക്ക് മുന്നിലൂടെ അഖില നടന്നു. തന്‍റെ ലക്‌ഷ്യം ഇളയാണെന്നറിഞ്ഞ് അവള്‍ക്കടുത്തെത്തി ആ മടിയില്‍ മുഖമമര്‍ത്തി കിടക്കവേ തന്‍റെ വഴിയും ഇള തന്നെയാണെന്നവള്‍ തിരിച്ചറിഞ്ഞു.

26 comments:

  1. ഇലയിലൂടെയും , അഖിലയിലൂടെയും വരച്ചിട്ട ചിത്രം നന്നായി ആശംസകള്‍ @ PUNYAVAALAN

    ReplyDelete
  2. രണ്ടു വട്ടം വായിക്കേണ്ടി വന്നു വ്യക്തമാകാന്‍...

    കഥ മനോഹരമായി..

    ReplyDelete
  3. ഇഷ്ടമില്ലാത്തത് ഇഷ്ടപ്പെടെണ്ടിവരുമ്പോഴും ഒന്നുപോലെ ചിന്തിക്കുന്ന മനസ്സുകള്‍ ഒത്തുകൂടുമ്പോള്‍ അതൊരാശ്വാസമാകാറുരുണ്ട്, കാത്തിരിക്കാറുണ്ട്. അടുക്കളയിലെ അലങ്കോലങ്ങള്‍ക്ക് വിട നല്‍കി ഇളയുടെ വഴി തെരഞ്ഞെടുക്കുന്ന അഖില.

    ReplyDelete
  4. "പുറത്തേക്ക് തുറക്കാന്‍ ഒരു ജനല്‍ പോലുമില്ലാത്ത മനസ്സുമായി
    ജീവിക്കുന്ന കോണ്‍ക്രീറ്റ് മനുഷ്യരുടെ മാളങ്ങള്‍ക്ക് മുന്നിലൂടെ
    അഖില നടന്നു. തന്‍റെ ലക്ഷ്യം ഇളയാണെന്നറിഞ്ഞ് അവള്‍ അടുത്തെത്തി.ആ മടിയില്‍ മുഖമമര്‍ത്തി കിടക്കവേ തന്‍റെ വഴിയും
    ഇളയാണെന്നവള്‍ തിരിച്ചറിഞ്ഞു."
    സ്ത്രീയുടെ എല്ലാ സഹനവും,വ്യഥയും വ്യക്തമാക്കുന്ന കഥ.
    നല്ല അവതരണം
    ആശംസകള്‍

    ReplyDelete
  5. Replies
    1. ഇതിനു മുന്നേ ഇട്ട പോസ്റ്റിനെ കുറിച്ച് ഞാന്‍ നടത്തിയ അഭിപ്രായപ്രകടനം വേദനിപ്പിചെന്കില്‍ മാപ്പ് ചോദിക്കുന്നു .ഉദ്ദേശശുദ്ധിയില്‍ മാപ്പ് നല്‍കൂ ..

      Delete
    2. മാപ്പ് നല്‍കേണ്ട കാര്യം ഒന്നുമില്ല. താങ്കള്‍ പറഞ്ഞത് വളരെ ശരിയായിരുന്നു. അത് വേറെയും കുറെ പേര്‍ പറഞ്ഞിരുന്നു. സത്യസന്ധമായ വിമര്‍ശനങ്ങള്‍ എന്നെ സ്വയം തിരുത്താന്‍ പ്രേരകമായി.

      Delete
  6. ഒരു പാട് നഷ്ടബോധങ്ങളുടെ കൂട്ടി കിഴിക്കലുകളുമായി ഇത്തരം അഖിലമാര്‍ .. ഏറെയുണ്ട് ഈ ധരണിയില്‍ ... കഥ ഇഷ്ട്ടമായി .. അഭിനന്ദനങ്ങള്‍

    ReplyDelete
  7. മിനി ടീച്ചര്‍
    കഥ വായിച്ചു.കഥ എനിക്കിഷ്ടമായില്ല.കാരണമുണ്ട്.
    കഥയ്ക്ക് ഒരു പ്ലോട്ടോ ക്രാഫ്റ്റോ നിര്‍ബന്ധമാണ്.
    ആ രണ്ടു കാര്യത്തിലും ഇത് പരാജയപ്പെട്ട കഥയാണ്.
    പ്ലോട്ടിലാണ് ശ്രദ്ധിച്ചതെങ്കില്‍ കഥയിലെ പ്രധാന കഥാപാത്രം ഇള ആകുമായിരുന്നു.ക്രാഫ്റ്റില്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇളയുടെ ജീവിതത്തിലെ വ്യഥകള്‍ ഇതിനെക്കാള്‍ തീവ്രവും തീക്ഷ്ണവുമായി അഖിലയിലൂടെ പറയാന്‍ കഴിയുമായിരുന്നു.
    ഇതിപ്പോ അഖിലയുടെ പേരിട്ട് ഇളയുടെ കഥ പറയാന്‍ ശ്രമിച്ച കഥയായി എന്ന് ലളിതമായി വിലയിരുത്താം.
    അനാവശ്യമായ പശ്ചാത്തലങ്ങളും വര്‍ത്തമാനകാല ചിത്രങ്ങളും കൂടിക്കലര്‍ന്നപ്പോള്‍ കഥയുടെ ഏകാഗ്രത നഷ്ടമായി.
    ഇളയുടെ ദുഖങ്ങള്‍ വായനക്കാരനില്‍ ഏശാതെയും പോയി.
    പക്ഷേ,ഇതില്‍ വായിച്ച രണ്ടോ മൂന്നോ കഥയിലൂടെ ഒരു കാര്യം വ്യക്തമാണ്.ടീച്ചറിന് അസ്സലായി കഥ പറയാന്‍ കഴിയും.അതിനുള്ള ഭാഷയും കഥയുടെ രൂപശില്പവും കൈയിലുണ്ട്.ഇനി വായനയും നിരന്തര പരിശ്രമവും മാത്രം മതി.
    എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
    Replies
    1. വിമര്‍ശനങ്ങള്‍ അംഗീകരിക്കുന്നു. വളരെ നന്ദി... ഈ വരവിനും, വായനയ്ക്കും.

      Delete
  8. കഥ വായിച്ചു, ഈളയും അഖിലയും തമ്മിലുള്ള ബന്ധത്തിന്‌റെ കഥ തന്‍മയത്തത്തോടെ പറഞ്ഞിരിക്കുന്നു,,, ജീവിതത്തിന്‌റെ വ്യ്ത്യസ്ഥ ദിശകളില്‍ അനുഭവിക്കേണ്‌ടി വന്ന അഖിലയുടെ ജീവിതത്തിന്‌റെ പച്ചയായ ആവിഷ്ക്കാരം ... ആശംസകള്‍

    ReplyDelete
  9. മിനി... നല്ല കഥാകാരന്‍ സുസ്മേഷ് കഥ വിലയിരുത്തിയിരിക്കുന്നല്ലോ. അത് ഉള്‍ക്കൊള്ളുക. ഞാനെന്തു പറയുവാനാണ്. െവിടെയൊക്കെയോ കഥ നൊമ്പരപ്പെടുത്തി.

    ReplyDelete
  10. . പുറത്തേക്കു തുറക്കാന്‍ ഒരു ജനല്‍ പോലുമില്ലാത്ത മനസ്സുമായി ജീവിക്കുന്ന കോണ്‍ക്രീറ്റ് മനുഷ്യരുടെ മാളങ്ങള്‍ക്ക് മുന്നിലൂടെ അഖില നടന്നു. തന്‍റെ ലക്‌ഷ്യം ഇളയാണെന്നറിഞ്ഞ് അവള്‍ക്കടുത്തെത്തി ആ മടിയില്‍ മുഖമമര്‍ത്തി കിടക്കവേ തന്‍റെ വഴിയും ഇള തന്നെയാണെന്നവള്‍ തിരിച്ചറിഞ്ഞു.

    ഇങ്ങിനെയുള്ള ചില വരികളാണ് മിനിയെ കഥാലോകത്ത് വ്യത്യസ്തമാക്കുന്നത്.കഥ ഇഷ്ടപ്പെട്ടു.
    വിലയിരുത്തി അഭിപ്രായം പറയാനുള്ള യോഗ്യതയെനിക്കുണ്ടോയെന്നറിയില്ല. എങ്കിലും പറയട്ടെ.
    നേരിട്ട് കഥപറയുന്നതു തന്നെയാവും നന്നാവുക. കഥാപാത്രങ്ങളുടെ ഒപ്പംനടന്ന്.. വായനക്കാരനെ ഒപ്പം കൂട്ടി.. അങ്ങിനെ... ചുറ്റുപാടുകള്‍ പലപ്പോഴും നമ്മുടെ ഉദ്ദേശ്യശുദ്ധിയെ ഹനിച്ചുകളയും. അത് ഈ കഥയിലും വന്നുവോയെന്ന് സംശയം...
    ആശംസകള്‍.. പ്രാര്‍ത്ഥനകള്‍.. തുടര്‍ന്നുമെഴുതുക..

    ReplyDelete
  11. ആദ്യ പകുതി നന്നായിട്ടുണ്ട്.
    പിന്നീടങ്ങോട്ട്, പശ്ചാത്തല സംഗീതത്തില്‍ മൂടിപ്പോയ ഗാനശകലം പോലെ,
    ഒന്നും വേര്‍തിരിക്കാനാവാത്തഅവസ്ഥ.
    എന്തോ സംഭവിച്ചു,
    ടീച്ചര്‍ക്ക് ഇത് ഇനിയും നന്നാക്കാന്‍ കഴിഞ്ഞേനേ.
    ആശംസകളോടെ..പുലരി

    ReplyDelete
  12. നന്ദി... എല്ലാവര്ക്കും. പാളിച്ചകള്‍ മനസ്സിലാക്കുന്നു. അഭിപ്രായം എന്ത് തന്നെയായാലും വായിക്കുന്നവര്‍ക്ക് പറയാം.

    ReplyDelete
  13. കഥ ഇഷ്ടമായി, പാളിച്ചകളുണ്ടാവും തിരുത്തി മൌന്നോട്ട് പോവുക ..
    ഭാവുകങ്ങള്‍ ..

    ReplyDelete
  14. കഥ കൊള്ളാം....
    ഇളയും അഖിലയും പരസ്പരം ആശ്വാസങ്ങളായിരിക്കട്ടെ...

    ആശംസകൾ

    ReplyDelete
  15. ..പുറത്തേക്കു തുറക്കാന്‍ ഒരു ജനല്‍ പോലുമില്ലാത്ത മനസ്സുമായി ജീവിക്കുന്ന കോണ്‍ക്രീറ്റ് മനുഷ്യരുടെ മാളങ്ങള്‍ക്ക് മുന്നിലൂടെ അഖില നടന്നു...

    അതിമനോഹരമായ ഒരു ചിത്രം!!!
    ഹൃദയംനിറഞ്ഞ ആശംസകള്‍!!

    ReplyDelete
  16. കഥ വായിച്ചു, എല്ലാ ഭാവുകങ്ങളും നേരുന്നു.ടീച്ചറിന് അസ്സലായി കഥ പറയാന്‍ കഴിയും.

    ReplyDelete
  17. മിനി,ഇത്തവണ ഏകാഗ്രത നഷ്ടപ്പെട്ടുവോ..?
    ഇങ്ങിനെയല്ല മിനി എഴുതുന്നത്. എഴുതേണ്ടതും.

    ReplyDelete
  18. വായിച്ചു ഒരു സൌഹൃത സ്മരണ എണ്ണത്തില്‍ കവിഞ്ഞു കഥയില്‍ ഒന്നും തന്നെ ഇല്ലാന്നാണ്‌ എനിക്ക് തോന്നിയത്

    ReplyDelete
  19. കഥ വായിച്ചു ...അല്ല അഖിലയെ കണ്ടു അവളുടെ ജീവിതം അറിഞ്ഞു ,പക്ഷേ ഇളയെ ശരിക്ക് അറിയാന്‍ സാധിച്ചില്ല ....ഇളയെ അവതിരിപ്പിച്ചപ്പോള്‍ അല്ല്പ്പം വികലമായി പോയി എന്ന് തോനുന്നു ....അത് കൊണ്ട് തന്നെ അഖിലയുടെ ദുഃഖ വ്യാപ്തി ഇളയില്‍ കാണാതെ ആവുകയും ദുഃഖ പുത്രിയായ അഖില എന്തിനു ഇളയെ തേടി പോകുന്നു എന്നതിന്റെ അര്‍ഥം എന്ത് കൊണ്ടോ എനിക്ക് പിടികിട്ട്യില്ല ...

    ശ്രമിച്ചാല്‍ ഈ കഥ ഒന്ന് കൂടി ചുട്ടു എടുക്കാം ....

    ReplyDelete
  20. നന്ദി സുഹൃത്തുക്കളെ...

    ReplyDelete
  21. നല്ല ഭാഷയുള്ള, നന്നായി എഴുതാന്‍ കഴിയുന്ന മിനിടീച്ചറുടെ ഈ കഥ നന്നായില്ല എന്ന് തന്നെ പറയേണ്ടിവരുന്നു ...

    ReplyDelete
  22. ടീച്ചറില്‍ നിന്ന് നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു. ഇത് വായിച്ചപ്പോള്‍ എനിക്കൊന്നും തോന്നിയില്ല.

    ReplyDelete
  23. കഥ ഹൃദ്യമായി അനുഭവപ്പെട്ടു.
    ഒരു ഹാസ്യകഥപോലെ അനായകരമായി വായിക്കുന്നതിനേക്കാള്‍, അല്പം ഗഹനമായ വിഷയമാകുമ്പോള്‍ ഇരുത്തിവായിക്കേന്ടതായി വരുന്നത് കഥയുടെ പോരായ്മയല്ല.
    കാമ്പുള്ള, വ്യത്യസ്തമായ കഥകള്‍ ഇനിയും ഉണ്ടാവട്ടെ.
    ഭാവുകങ്ങള്‍.

    ReplyDelete