April 08, 2012

ഹൃദയപ്പച്ചകള്‍

                 എന്‍റെ മനസ്, മണലെടുത്തു പോയ കുഴികളില്‍ നിന്ന് പുറത്തുചാടാനാവാതെ വീര്‍പ്പുമുട്ടുന്ന പുഴ പോലെ  ഉഴറിനിന്നപ്പോഴാണ്, ആ നിയോഗം എന്നിലേക്ക് സമയമായി എന്ന് പറഞ്ഞുകൊണ്ട് കടന്നുവന്നത്. സത്യത്തില്‍ അതിനു വേണ്ടിയുള്ള ഒരുക്കങ്ങളിലായിരുന്നു  ഏറെക്കാലമായി എന്‍റെ ജീവിതം എന്ന് പിന്നീട് എനിക്ക് തോന്നിപ്പോയിട്ടുണ്ട്. ഭാവനയും, ഭ്രമവും, വിഡ്ഢിത്തവും നിറഞ്ഞ സങ്കല്‍പ്പലോകത്ത് കുരുങ്ങി മരിച്ചു പോവുമായിരുന്ന സര്‍ഗാത്മകത പൊടിച്ചുവന്നു. എനിക്കറിയാം, മഹാവൃക്ഷങ്ങള്‍ക്കിടയില്‍ അതൊരു പുല്‍നാമ്പ് മാത്രമാണെന്ന്. എങ്കിലും പരാതിയില്ല, അപകര്‍ഷതബോധവുമില്ല. പുല്‍നാമ്പിനും  അതിന്‍റെതായ പച്ചപ്പും, ചന്തവുമുണ്ടല്ലോ.
                       ജീവിതത്തില്‍ രണ്ടു തരം മനുഷ്യരുണ്ടെന്നു എനിക്ക് തോന്നിയിട്ടുണ്ട്. സ്വയം ലോകത്തിന്‍റെ കേന്ദ്രമാണെന്ന് കരുതി, ഈ ലോകം മുഴുവന്‍ തനിക്കായി സൃഷ്ടിക്കപ്പെട്ടതാണ് എന്ന മട്ടില്‍ കഴിയുന്നവര്‍. തന്‍റെ ശരിയാവണം ലോകത്തിന്‍റെ ശരി എന്ന് ശാട്യം പിടിച്ച്, ലോകത്തോട് മുഴുവന്‍ പരാതിയും, പരിഭവവുമായി കഴിയും ഇവര്‍. താനൊഴിച്ച് മറ്റുള്ളവര്‍ എല്ലാവരും ശത്രുക്കള്‍ ആണെന്ന് ഇവര്‍ ധരിക്കും. ഏറ്റവും ദുര്‍ബലരായിരിക്കും ഇവര്‍. അടുത്ത കൂട്ടര്‍ ലോകത്ത് താനാരുമല്ല എന്ന മട്ടില്‍ നടക്കുന്നവരാണ്. അവരെ സംബന്ധിച്ചിടത്തോളം  ലോകം എങ്ങനെ ആയാലും ഒന്നുമില്ല. പരാതിയും, കുറ്റപ്പെടുത്തലും,പരിഭവവുമില്ലാതെ ലോകത്തെ മനസ്സിലാക്കും അവര്‍. അവര്‍ ചെയ്യുന്നത് മറ്റുള്ളവര്‍ തിരിച്ചറിയണമെന്ന നിര്‍ബന്ധവുമില്ല. മാനസികമായി ഏറ്റവും ശക്തരായിരിക്കും ഇവര്‍. ആദ്യത്തെ കൂട്ടര്‍ അഹങ്കാരികള്‍ ആണെങ്കില്‍, അഹംബോധം കൂടുതല്‍  രണ്ടാമത്തെ കൂട്ടര്‍ക്കായിരിക്കും. എന്തിനാണ് ഞാന്‍ മനുഷ്യരെ ഇങ്ങനെ വിലയിരുത്തുന്നത്? ഞാനും നീയും ഏതു വിഭാഗത്തില്‍ പെടുമെന്ന് തിരിച്ചറിയുകയാവാം. ജീവിതം മടുത്തു എന്നും എനിക്ക് എന്നോട് പുച്ഛമാണെന്നും ഞാനിപ്പോള്‍ പറയാറില്ല. ബാലിശമായ എന്‍റെ ചപലതകളും, ദുര്‍വാശികളും, അപകര്‍ഷതാബോധത്തില്‍ നിന്നുണ്ടായ അഹങ്കാരവും കണ്ണാടിയില്‍ നിന്നെന്ന പോലെ നിന്നില്‍ നിന്നും ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. ഞാന്‍ നാണിച്ചുപോയി അപ്പോഴൊക്കെ. എന്നാലും ഞാന്‍ എന്നെ വെറുത്തില്ല. കാരണം ഏറ്റവും സാധാരണ സാഹചര്യങ്ങളുള്ള, അസാധാരണമെന്നു പറയാന്‍ ഒന്നുമില്ലാത്ത ഒരു മനുഷ്യജീവിയായിരുന്നു ഞാന്‍. എന്നിട്ടും ഞാന്‍ എന്നെ സ്വയം പരിഹസിച്ചില്ല. എന്തൊക്കെ പറഞ്ഞാലും ഞാന്‍ ഞാനാണ്. അത് അംഗീകരിച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് ലോകത്തോടോ, ജീവിതത്തോടോ ഒരു പരാതിയും തോന്നിയില്ല. എന്നെ ഞാന്‍ തിരിച്ചറിഞ്ഞപ്പോള്‍, ഞാന്‍ ഒന്നുമല്ലെന്ന് മനസ്സിലാക്കിയപ്പോള്‍ നിന്‍റെ ലോകത്ത് നിന്ന് ഓടിയൊളിക്കാന്‍ ഞാന്‍ കൊതിച്ചു. പക്ഷെ ഒരു സ്ഥലവും നിന്‍റെ ലോകമല്ലാത്തതായി ഉണ്ടായിരുന്നില്ല.
                             ഏപ്രില്‍ മാസത്തിലെ ഒരു തിളയ്ക്കുന്ന പകലില്‍, നമ്മള്‍ നഗരമധ്യത്തില്‍ വെച്ച് കണ്ടുമുട്ടി. എന്തൊരു തെളിച്ചമായിരുന്നു അപ്പോള്‍ ചുറ്റുമുള്ള ലോകത്തിനു! എന്‍റെ അഹങ്കാരം അഹംബോധത്തിലേക്ക് ഒരു ചുവടു വെച്ചു.നമുക്കിടയിലുള്ളതിനെ, പ്രണയമെന്നോ , പ്രേമമെന്നോ, സൌഹൃദമെന്നോ, സാഹോദര്യമെന്നോ ഒക്കെയുള്ള കേവലവാക്കുകളുടെ ചട്ടക്കൂടിനുള്ളില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന എന്‍റെ വിഡ്ഢിത്തം അറിയുകയായിരുന്നു ഞാനപ്പോള്‍. വേര്‍പിരിയലിനും, കണ്ടുമുട്ടലിനും നമുക്കിടയില്‍ ഒരു പ്രസക്തിയുമില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വിട്ടുകൊടുക്കലിനും, സ്വന്തമാക്കലിനും ഒരു സ്ഥാനവുമില്ല എന്നും. അനാവശ്യമായ ആകുലതകളും, സന്ദേഹങ്ങളും കൊണ്ട് സ്വയം തീര്‍ത്ത പ്യൂപ്പയില്‍ നിന്ന് ഒരു ശലഭമായി ഞാന്‍ ആഹ്ലാദിച്ചുപറന്നുയര്‍ന്നു. തീവണ്ടിപ്പാത പോലെ സമാന്തരമായിക്കൊള്ളട്ടെ നമ്മുടെ ജീവിതങ്ങള്‍. പക്ഷെ മലയും പുഴയും, മണലാരണ്യവും താണ്ടുന്നത് നാം ഒരുമിച്ചായിരിക്കുമല്ലോ. ലോകത്തോടുള്ള നിലയ്ക്കാത്ത കൌതുകവുമായി നീ നടന്നുപോയി അന്ന്. ഞാന്‍ അത് ഏറെ നേരം നോക്കിനിന്നു. ഞാനങ്ങനെ നോക്കുന്നത് ഒരുപക്ഷെ നിനക്ക് ഇഷ്ടപ്പെടുകയില്ല എന്നെനിക്കറി യാമായിരുന്നു. ചിലപ്പോഴൊക്കെ നീ കടന്നുപോയിക്കഴിഞ്ഞാല്‍ എന്‍റെ ലോകം ശൂന്യമാവുമായിരുന്നു. എന്‍റെ കണ്ണ് നിറയുകയും ചെയ്യുമായിരുന്നു. എന്നാല്‍ നീ പോകുന്നുമില്ല, വരുന്നുമില്ല എന്ന് തിരിച്ചറിയാന്‍ ഞാനെത്ര വൈകി!നീ എപ്പോഴും അവിടെത്തന്നെ ഉണ്ടായിരുന്നു, ഞാനും, പിന്നെ നമ്മുടെ ലോകവും. നീ ഓര്‍ക്കുന്നുവോ ഒരു വിഷുത്തലേന്ന്  ഒരു കണിക്കൊന്നമരം ഒന്നാകെ, നമുക്ക് മുന്‍പില്‍ പെട്ടന്ന് പൂത്തുലഞ്ഞത്!!!

March 28, 2012

ലാവ


                 അയാള്‍ മദ്യപിക്കാറുണ്ട്. ബീഡി ഇടയ്ക്കൊക്കെ വലിക്കും. ജീവിതത്തില്‍ വലിയ ധാര്മികബോധത്തിന്‍റെ ആവശ്യമുണ്ടെന്നു ഇന്നുവരെ തോന്നിയിട്ടില്ല. ഇരുമ്പ് കൊണ്ട് കത്തി, വാക്കത്തി എന്നിങ്ങനെയുള്ള സാധനങ്ങള്‍ ഉണ്ടാക്കുന്ന കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആണ്. ആ പേരില്‍ മാത്രമേ വലിപ്പത്തരം ഉള്ളു. പല ജോലികളും അയാള്‍ക്കെടുക്കേണ്ടി വന്നിട്ടുണ്ട്. ഇരുമ്പ് ഉരുക്കി തീ നിറത്തില്‍ കോരിയോഴിക്കുന്നത് കാണുമ്പോള്‍ ഉള്ള കൌതുകം ഇന്നും ഉണ്ടയാള്‍ക്ക്. എന്തൊരു നിറമാണത്! തീയും സ്വര്‍ണവും കൂടിച്ചേര്‍ന്ന നിറം.ഈ ഭൂമിയില്‍ അയാള്‍ക്ക്‌ ഏറ്റവും ആകര്‍ഷകമായി തോന്നിയ കാഴ്ച!
                                കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് അയാളെ ഭ്രമിപ്പിച്ച ഏറെ കാര്യങ്ങള്‍ ഉണ്ടായിരുന്നു. വെളുത്ത കൈത്തണ്ടയിലെ കരിവളകള്‍, വൈകുന്നേരം അഞ്ചു മണിക്ക് വീട്ടിനടുത്തെ ബസ്സ്‌സ്റ്റോപ്പില്‍ എത്തുന്ന രമബസ്സിന്റെ ഹോണ്‍, വാടിയ ജമന്തിയുടെയും, സ്ത്രീവിയര്‍പ്പിന്റെയും കൂടിക്കുഴഞ്ഞ മണം. അന്നയാളുടെ മനസ്സും ഉരുക്കിയൊഴിച്ച തീ നിറത്തിലുള്ള ലാവ പോലെ ആയിരുന്നു. എങ്ങനെ വേണമെങ്കിലും മാറാനും മാറ്റാനും തയ്യാറായിരുന്ന പുതുമനസ്സ്! ഇന്നത്‌ കറുത്ത് ദൃഡമായിരിക്കുന്നു. ഒരു പക്ഷെ  അതിന്‍റെ വക്കും മൂലയും തേഞ്ഞിരിക്കുകയും ചെയ്യുന്നു. ഇരുട്ടിയിട്ടും വീട്ടിലേക്കു പോകാന്‍ അയാള്‍ക്ക്‌ തോന്നിയില്ല. വിശ്വേട്ടന്റെ ടൈലര്‍ഷോപ്പിനു മുന്നില്‍ അങ്ങനെ ഏറെ നേരം നില്‍ക്കും. എട്ടുമണി എന്കിലുമാവാതെ വീട്ടില്‍ പോയി എന്ത് ചെയ്യാനാണ് ? പരാതിയും ചുമയും ഒരുപോലെ പുറത്തേയ്ക്ക് വമിക്കുന്ന ഭാര്യയെ ഓര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ ഓക്കാനം വന്നു. മുഷിഞ്ഞതും കരിമ്പുള്ളികള്‍ പറ്റിയതുമായ അടിപ്പാവാട കാണാവുന്ന വിധത്തില്‍ സാരി മുകളിലേക്ക്  കുത്തി വെച്ച് പാറിപ്പറന്ന തലമുടിയുമായി അവള്‍ വരുന്നത് കാണുമ്പോള്‍ തന്നെ അയാള്‍ക്ക്‌  താന്‍ കഴിച്ച മദ്യത്തിന്‍റെ ലഹരി നിശ്ശേഷം നഷ്ടപ്പെട്ടതായി തോന്നും.
                                      മുട്ടോളം എത്തുന്ന യുണിഫോം പാവാടയിട്ട് കോല്പോലെ കൈകാലുകളുള്ള മകള്‍ എവിടെയെങ്കിലും പുസ്തകവുമായി പതുങ്ങുന്നത് കാണാം. അവളോടും പ്രത്യേകിച്ച് ഒന്നും തോന്നിയിട്ടില്ല. അവളെ പ്രസവിച്ചു കണ്ടപ്പോള്‍, ആണ്കുട്ടിയാവാത്തതിനാല്‍  അയാള്‍ സങ്കടപ്പെട്ടിട്ടുണ്ട്. അതെന്തിനായിരുന്നു ആ സങ്കടമെന്ന് ഇന്നാലോചിക്കുമ്പോള്‍ അതിനു യാതൊരു ഉത്തരവുമില്ല.
                                           ചുമ, തുമ്മല്‍, ശ്വാസംമുട്ടല്‍ , മരുന്നുകളുടെ മണം, മഴക്കാലത്തെ വലിവ്,പിന്നെ കുറെ പ്രാകല്‍- അതാണയാള്‍ക്ക് ഭാര്യ. അതായതുകൊണ്ടാണ് അയാള്‍ക്ക്‌ അഞ്ചു സെന്റ്‌ സ്ഥലം കിട്ടിയത്. അതില്‍ വീട് പണിയാനും ഭാര്യവീട്ടുകാര്‍ നിര്‍ലോഭം സഹായിച്ചിട്ടുണ്ട്. കുടിച്ചുവന്ന രാത്രികളിലെ ബോധംകെട്ട ചെയ്തികളുടെ ഫലം, ഭാര്യയുടെ തനിപ്പകര്‍പ്പായ മകള്‍. ഇടയ്ക്കവള്‍ ചുമയ്ക്കുമ്പോള്‍ മാത്രം അയാളൊന്നു ഞെട്ടും.
                        വിശ്വേട്ടന്റെ ടൈലര്‍ഷോപ്പിനു മുമ്പില്‍ അയാളെ പോലെ കഠിനമായ ജോലികള്‍ ചെയ്തു തളര്‍ന്നവര്‍ ഒരുപാട് വരും. നാട്ടിലെയും, രാഷ്ട്രീയത്തിലെയും എല്ലാ മാറ്റങ്ങളും വിശേഷങ്ങളും അയാള്‍ക്ക്‌ അവിടെ വെച്ച് കിട്ടും. അതൊരു ആശ്വാസനേരമാണ്. അതും കഴിഞ്ഞാണ് വീട്ടിലേക്കു മടക്കം. അയാള്‍ ബീഡി ആഞ്ഞുവലിച്ചു .
    "രഘൂ.... നീ ഇപ്പോഴും ഇവിടെ നിക്ക്വാ... ? എടാ.. ആ പെണ്‍കുട്ടി വീട്ടില്‍ തനിച്ചല്ലെട.. ഭാര്യ മരിച്ചിട്ട് ഇത്രയല്ലേ ആയുള്ളൂ... മതി.. പോ..പോ.."
വിശ്വേട്ടനാണ്. മറുത്തുപറയാന്‍ തോന്നിയില്ല.ഭാര്യ മരിച്ചിട്ട് ഒരു മാസം ആകുന്നേയുള്ളൂ. മനംപിരട്ടുന്ന ആ ഓര്‍മ്മ ഇല്ലെങ്കിലും അയാള്‍ക്ക്‌ വീട്ടിലേക്കു പോകാന്‍ തോന്നുന്നില്ല. മകള്‍ തനിച്ചാണ് എന്നോര്‍ക്കാതെയല്ല. അവളോട്‌ അയാള്‍ക്ക്‌ ഒരു ദയവ് തോന്നുന്നുണ്ട്. പതിനാലു തികയാത്ത ആ മെലിഞ്ഞ പെണ്‍കുട്ടി എന്തുചെയ്യുമെന്നോര്‍ത്ത്.
                        അയാള്‍ ഇരുട്ടത്ത്‌ നടന്നു. ഭാര്യ ഉള്ളപ്പോള്‍ ഉമ്മറവാതില്‍ അടയ്ക്കാറില്ല. ഗേറ്റില്‍ നിന്നേ ചുമ കേള്‍ക്കാം. അയാള്‍ അടച്ച വാതിലില്‍ തട്ടി. മകള്‍ വാതില്‍ തുറന്നു. ഏതോ അപരിചിതനെ നോക്കുംപോലെയാണ് അവള്‍ അയാളെ നോക്കുന്നത്. മകള്‍ വിളമ്പിവെച്ച ഭക്ഷണം അയാള്‍ കഴിച്ചു. ഭാര്യ ഉള്ളപ്പോഴും അവള്‍ക്കു ധാരാളം പണികള്‍ ഉണ്ടായിരുന്നു.
                         അയാള്‍ കട്ടിലില്‍ കയറി കിടന്നു. മകളും ഭാര്യയും വേറെ മുറിയിലാണ് കിടകാറ്. ഭാര്യയുടെ ചുമ ഇടയ്ക്കിടയ്ക്ക് കേള്‍ക്കാമായിരുന്നു. ഉറക്കത്തില്‍ നിന്ന് ഇടയ്ക്കുണരുമ്പോള്‍ അയാള്‍ പല്ല് കടിയ്ക്കും.
                     "പണ്ടാരം.... ചാവുന്നൂല്ല.."
ഇപ്പോള്‍ ഈ നിശബ്ദതയില്‍ അയാള്‍ക്ക്‌ ഉറങ്ങാന്‍ കഴിയാതെ വരുന്നു. എണീറ്റിരുന്ന് ബീഡി വലിച്ചു. മകള്‍ മുന്‍വാതില്‍ അടച്ചു കിടന്നു കാണണം. അയാള്‍ക്ക്‌ വല്ലാത്ത വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു. മകള്‍ കിടന്നിരുന്ന മുറിയില്‍ നിന്ന് അവളുടെ ചുമ കേട്ടു. അയാള്‍ മുറിയുടെ വാതില്‍ക്കല്‍ നിന്ന് മകളെ നോക്കി. അവള്‍ കിടക്ക വിരിച്ചു ശരിയാക്കുകയാണ്. മകളുടെ മെലിഞ്ഞ മുഖം കണ്ടപ്പോള്‍ അയാള്‍ക്ക്‌ അലിവ് തോന്നി.
                          " തങ്കം"    അയാള്‍ അവളുടെ തോളില്‍ കൈവെച്ച് വിളിച്ചു. പിച്ചവെച്ചു നടക്കുമ്പോള്‍ എന്നോ അയാള്‍ വിളിച്ച വിളി. പിന്നെയൊക്കെ പെണ്ണെന്നായിരുന്നു അയാള്‍ വിളിച്ചു കൊണ്ടിരുന്നത്. മകള്‍ തിരിഞ്ഞ് അയാളെ നോക്കി. അച്ഛന്‍റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ബീഡി വലിച്ചിട്ടാണ് എന്നവള്‍ക്ക് തോന്നി. മദ്യത്തിന്‍റെ മണമില്ലാഞ്ഞിട്ടും, അവളുടെ കണ്ണുകളില്‍ നിന്നുതിര്‍ന്ന സംശയത്തിന്‍റെ മൊട്ടുസൂചികള്‍ അയാളില്‍ വന്നു തറച്ചു. മുഖം താഴ്ത്തി അയാള്‍ മുറിയിലേക്ക് തിരിച്ചു വന്ന് തന്‍റെ കട്ടിലില്‍ ഇരുന്നു. മകള്‍ മുറിയുടെ വാതില്‍ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ടപ്പോള്‍ അയാള്‍ മുഖമുയര്‍ത്തി. തന്‍റെ ഉള്ളില്‍ നിന്ന് ഉരുകിയൊലിച്ച എന്തോ ഒന്നില്‍ അയാള്‍ അകംപുറം പൊള്ളിപ്പിടയുമ്പോള്‍ അടച്ചിട്ട മകളുടെ മുറിയില്‍ നിന്ന്, തേങ്ങല്‍ പോലെ ചുമ ഉയരുന്നുണ്ടായിരുന്നു.

March 01, 2012

ഗീതാഹിരണ്യന്‍റെ കഥകളും, ചില സ്ത്രീപക്ഷചിന്തകളും.

          ഒരു സുഹൃത്തിന്റെ കയ്യില്‍ നിന്നാണ് ഗീതാഹിരണ്യന്‍റെ കഥകള്‍ എനിക്ക് ലഭിച്ചത്. വായിച്ചുകഴിഞ്ഞാല്‍ സാധാരണയായി ഉടനെ മടക്കി കൊടുക്കുകയാണ് പതിവ്, പണ്ട് മുതലേ. അതിനൊരു മറുവശമുണ്ട്. എന്റെ പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ വായിച്ചുകഴിഞ്ഞാല്‍ മറക്കാതെ തിരിച്ചു തരണം എന്ന നിര്‍ബന്ധമാണ് അത്. എന്നാല്‍ ഈ കഥകള്‍ ഞാന്‍ തിരിച്ചുകൊടുത്തിട്ടില്ല, ഈ നിമിഷം വരെ. വായിച്ചുകഴിഞ്ഞിട്ടും അതില്‍ ഇനിയും എന്തോ ബാക്കിയുള്ളത് പോലെ ഞാന്‍ പുസ്തകം സൂക്ഷിച്ചു. വെറുതെ എടുത്തു വീണ്ടും വീണ്ടും മറിച്ചുനോക്കി. അതിശയിപ്പിക്കുന്ന തെളിമയാണ് ആ കഥകള്‍ക്ക്. ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവില്ല ഒരു ജീവിതസത്യം, ഹൃദയ പരമാര്‍ത്ഥി, വിഴുപ്പ്, അസംഘടിത, ഘരെ ബായരെ, എന്നിങ്ങനെ സ്ത്രീയുടെ  വിവിധ ഭാവങ്ങളെ ഒരു വജ്രത്തില്‍ എന്നോണം പ്രകാശിപ്പിക്കുന്ന കഥകള്‍! കുഴപ്പിക്കുന്ന ബിംബങ്ങളോ അനാവശ്യ ഉപമകളോ ഇല്ലാതെ നേരെ കാര്യം പറഞ്ഞു പോകുന്ന രീതി. സാധാരണ ആശയങ്ങള്‍ അസാധാരണമായി പറഞ്ഞിരിക്കുന്ന അവതരണരീതി. യാഥാസ്ഥിതിക സമീപനങ്ങള്‍ക്കെതിരെ ശക്തമായ ഒരു കുതറല്‍ അതിലെ പല സ്ത്രീകഥപാത്രങ്ങളിലും കാണാന്‍ കഴിയും.                                    
                        കഥകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ അനുബന്ധത്തിലൂടെ കടന്നുപോയി. അപ്പോഴാണല്ലോ നാം എഴുത്തുകാരെ അറിയുന്നത്. കഥയെഴുത്തിലേക്ക് അവര്‍ വന്നതിനെ കുറിച്ച് അവരുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍      "കുട്ടിക്കാലം മുതല്‍ കാത്തുവെച്ച പ്രണയത്തെ പില്‍ക്കാലം ഒരാള്‍ത്തിരക്കില്‍  കണ്ടറിഞ്ഞ്, ശിശുവിനെയും കയ്യിലെടുത്ത് അതിവേഗം അവരോടൊപ്പം ഓടിപ്പോയ ക്ലേശജന്മമായ കാമുകിയെപ്പോലെ, ഞാന്‍ കഥയോടൊപ്പം ഒളിച്ചോടി."  അവര്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം അവരുടെ ഭര്‍ത്താവ് എഴുതിയതാണെന്ന് വാദിക്കുന്ന ഒരു പരിചയക്കാരനെ അവര്‍ വാശിയോടെ ഓര്‍ക്കുന്നുണ്ട്. ആ വകവെയ്ക്കായ്കയാണ് അവരില്‍ എഴുത്തുകാരിയാവനുള്ള ഊര്‍ജം നിറച്ചത്. എഴുതുന്നതൊക്കെ എഴുത്തുകാരിയുടെ ജീവിതവും അനുഭവവും ആണെന്ന് കരുതുന്ന മറ്റു ചില വായനക്കാരെയും അല്‍പ്പം വേദനയോടെ അവര്‍ ഓര്‍ക്കുന്നു. എഴുത്തിന്റെ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് വന്ന, എഴുത്തുകാരനായ ജീവിതപങ്കാളിയുള്ള, കോളേജ് അധ്യാപികയായ ഒരു എഴുത്തുകാരിയുടെ അനുഭവം ഇതാണെങ്കില്‍ ഇതൊന്നുമല്ലാത്ത സാധാരണ സ്ത്രീ എഴുത്തുകാരികളുടെ കാര്യമോ? സ്ത്രീകളായ എഴുത്തുകാരെ മാത്രം ഇത്തരമൊരു കണ്ണോടെ സമൂഹം കാണുന്നത് എന്തുകൊണ്ടാണ്? അങ്ങനെ ചിന്തിച്ചപ്പോള്‍ ഞാന്‍ രാജലക്ഷ്മിയില്‍ എത്തി.  "ജീവിച്ചിരുന്നാല്‍ ഞാന്‍ ഇനിയും എഴുതും, അതുകൊണ്ട് പോകുന്നു" എന്നെഴുതി ഇരുളിലേക്ക് സ്വയം പിന്‍വലിഞ്ഞ  കഥാകാരി. മൌനമായി അവര്‍ കടന്നുപോയിട്ട് ഇത്രയും ദശകങ്ങളായി... എന്നിട്ടും അവരുടെ മേല്‍ ചെളി വാരിപ്പൂശാന്‍ ആളുണ്ടായി. അതും സാഹിത്യരംഗത്ത് നിന്ന് തന്നെ... മലയാളിയെന്ന് ലോകം മുഴുവന്‍ ആരാധിക്കുന്ന നമ്മുടെ പ്രിയകഥാകാരി കേരളത്തില്‍ ജീവിക്കാന്‍ കഴിയാതെ പൂനെയിലേക്ക് പറിച്ചുനടപ്പെട്ടു, ഇഷ്ടമില്ലാതെ. മാധവിക്കുട്ടി എന്ന കമലസുരയ്യ. സദാചാര പോലീസുകാര്‍ വര്‍ധിക്കുന്ന കേരളത്തില്‍ വ്യക്തിസ്വാതന്ത്ര്യം എന്നൊന്ന് ഇല്ലാതാവുന്നു പലപ്പോഴും. അടക്കി വെയ്ക്കപ്പെട്ട വികാരങ്ങളും, കപടസദാചാര ബോധവും കൊണ്ട് വെറി പിടിച്ച ഒരു സമൂഹത്തില്‍ വിശാലമായി ചിന്തിക്കുകയും, തുറന്നെഴുതുകയും ചെയ്യുന്ന എഴുത്തുകാരികള്‍ കൌരവ സഭയിലെ ദ്രൗപതിമാരല്ലാതെ മറ്റെന്ത്?

February 06, 2012

ചില വാര്‍ദ്ധക്യ ചിന്തകള്‍

                  വാര്‍ദ്ധക്യം ഒരു ഭീകരാവസ്ഥയായി കാണുന്ന ഒരു സുഹൃത്ത്‌ എനിക്കുണ്ട്. യൌവനം മുഴുവന്‍ നശിച്ചു കഴിഞ്ഞാല്‍ പിന്നെ എന്തിനു ജീവിക്കണം എന്നാണവര്‍ പറയുന്നത്. സത്യത്തില്‍ ഇത്രയും ഭീകരമാണോ വാര്‍ദ്ധക്യം? നമ്മുടെ സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. പക്ഷെ മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാന്‍ കഴിയാത്തവരാണ് ഏറെയും. പണ്ട് നമ്മള്‍ ഗോത്രങ്ങള്‍ ആയി താമസിച്ചു. കൃഷിയും വേട്ടയാടലും മാത്രമായിരുന്നു ഉപജീവനമാര്‍ഗ്ഗം. പിന്നീട് പതുക്കെ കൂട്ടുകുടുംബവ്യവസ്ഥിതി  വന്നു.അപ്പോഴും പ്രധാന ഉപജീവനമാര്‍ഗ്ഗം കൃഷി തന്നെയായിരുന്നു. കൃഷി എന്ന് പറയുമ്പോള്‍, ആരോഗ്യമുള്ളവര്‍ പ്രധാന പണികള്‍ എടുക്കുമ്പോള്‍ ആരോഗ്യം കുറഞ്ഞവരും, വയസായവരും  കൃഷിയോടനുബന്ധിച്ചുള്ള ഉപജോലികള്‍ ചെയ്തുവന്നു. കാലം മാറിയപ്പോള്‍ കൂട്ടുകുടുംബം അണുകുടുംബം ആയി മാറി. സ്ത്രീയും, പുരുഷനും ഒരുപോലെ ജോലിക്ക് പോകേണ്ടതായി വന്നു. പഠിക്കാന്‍ പ്രായമാവാത്ത കുട്ടികളും, വൃദ്ധരായ മാതാപിതാക്കളും ഒരു പ്രശ്നമായി.  ഇത്തരം പരിതസ്ഥിതികളില്‍ പലപ്പോഴും  പണം മാത്രമല്ല പ്രശ്നമാവുന്നത്. മക്കള്‍ക്ക്‌ നേരിട്ട് മാതാപിതാക്കളെ നോക്കാന്‍ കഴിയാത്ത സാഹചര്യങ്ങളാണ്. അത്തരം അവസരങ്ങളില്‍ മാതാപിതാക്കളെ വൃദ്ധസദനം പോലുള്ള സ്ഥാപനങ്ങളില്‍ ആക്കുന്ന മക്കള്‍ ക്രൂരതയുടെ പര്യായമായി മാറി. ഒരു വയസു പോലും തികയാത്ത കുഞ്ഞുങ്ങളെ ക്രഷിലാക്കുന്ന അമ്മമാരെ ആരും ക്രൂരകളെന്നു പറയാറില്ല. അതും ഒരു സാഹചര്യമാണ്.                                                         
                           മക്കളെ വളര്‍ത്തി, പഠിപ്പിച്ചു, ജോലിയാക്കി, ഇപ്പോള്‍ അവന്‍ തിരിഞ്ഞു നോക്കുന്നില്ല, എന്ന് എത്രയോ നമ്മള്‍ കേട്ടിരിക്കുന്നു. ചിലപ്പോഴെങ്കിലും ഇതിനൊരു മറുവശമില്ലേ ? മക്കളെ വളര്‍ത്തുന്നതും, പഠിപ്പിക്കുന്നതും അവരോടു അച്ഛനമ്മമാര്‍ ചെയ്യുന്ന ത്യാഗമാണോ? എല്ലാ ജീവികളിലും ജന്മം നല്‍കുന്ന കുഞ്ഞുങ്ങളോട് കരുതലും, വാല്സല്യവും ഉണ്ട്.മനുഷ്യരില്‍ നീണ്ടു നില്‍ക്കുന്ന ഈ സ്നേഹമാണ് ബന്ധങ്ങളെ നില നിര്‍ത്തുന്നത്. തന്റെ യൌവനത്തില്‍ ഒരു ജീവിതപങ്കാളിയെ ആഗ്രഹിക്കുകയും, കുടുംബമായി ജീവിക്കുകയും മക്കളുണ്ടാവുകയും ചെയ്യുന്നു. തനിക്കുണ്ടാവുന്ന മക്കള്‍, അവരുടെ ജനനം മുതല്‍ വിവിധഘട്ടങ്ങളിലൂടെ കടന്നു പോകുന്ന അവരുടെ വളര്‍ച്ച തരുന്ന സന്തോഷമല്ലേ യഥാര്‍ത്ഥത്തില്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ ഉണ്ടാവുന്ന സംതൃപ്തി ?  കുട്ടികള്‍ വളര്‍ന്നു പ്രാപ്തിയാവുമ്പോള്‍, വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളോട് സ്നേഹം തോന്നേണ്ടതുണ്ട്. മാതാപിതാക്കളോട് മാത്രമോ... തന്റെ സഹജീവിയോട്, തന്റെ സമൂഹത്തോട്, തന്റെ രാജ്യത്തോട്, ഈ ഭൂമിയോട്...  എന്നാല്‍ നിന്നെയൊക്കെ വളര്‍ത്തിയത്‌ നാളെ എന്നെ നോക്കാനാണ് എന്ന നിലയില്‍ പിടിച്ചുവാങ്ങേണ്ടതാണോ സ്നേഹം? തന്റെ വാര്‍ദ്ധക്യജീവിതം  സുരക്ഷിതമാക്കാനുള്ള "പെന്ഷന്‍സ്കീം " ആണോ മക്കള്‍? പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളെ  ആഗ്രഹിക്കുന്നവരുടെ മാനസികവികാരം ഇത് തന്നെയാണ്.                                                                               
                                  എവിടെ കണക്കുകളും, കടപ്പാടും തുടങ്ങുന്നോ അവിടെ സ്നേഹം മരിക്കുന്നു. പിന്നെയുള്ളത് വാങ്ങിയത് തിരിച്ചു കൊടുക്കാനുള്ള ഒരുതരം തത്രപ്പാടാണ്. നൊന്തു പ്രസവിച്ചതിന്റെ കണക്ക്, മുലപ്പാലൂട്ടിയതിന്റെ കണക്ക്, വളര്‍ത്തിയതിന്റെ കണക്ക്,... പഠിക്കാന്‍ ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുക്കുമ്പോള്‍ മുതല്‍ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ വരെ ഈ കണക്കുകള്‍ തല പൊക്കുന്നു. മകന്റെ അച്ഛന്‍ എന്ന സിനിമയില്‍  മകനെ പഠിപ്പിച്ചതിന്റെ കണക്ക് നിരത്തുന്ന ശ്രീനിവാസനോട് മകന്‍ ചോദിക്കുന്ന ചോദ്യമുണ്ട് " എന്നെ കോച്ചിങ്ങിനു അയയ്കാനും ഇത്ര പണം ചെലവാക്കാനും ഞാന്‍ പറഞ്ഞോ" എന്ന്. എത്ര പ്രസക്തം ആണത്. അച്ഛനമ്മമാരുടെ നിര്‍ബന്ധത്തിനു വഴങ്ങി എഞ്ചിനീയറിങ്ങിനു പോയി, ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്ന വിരക്തിയോടെ ഒരു പാലമോ, കെട്ടിടമോ കെട്ടിയാല്‍... അങ്ങനെ ഒരു മാനസികാവസ്ഥയില്‍ ഡോക്ടര്‍ ആയി ഓപ്പറേഷന്‍ നടത്തിയാല്‍.... അച്ഛനമ്മമാര്‍ക് വേണ്ടി ഇഷ്ടമില്ലാത്ത ജീവിതപങ്കാളിയോടൊത്ത് അസംതൃപ്തമായ വിവാഹജീവിതം നയിക്കേണ്ടി വരുന്നവരുടെ കാര്യമോ?
                    ഈ ലോകത്ത്  തനിക്ക് വേണ്ടി മാത്രം ജീവിക്കുന്നവര്‍ എത്ര പേരുണ്ട്? തനിക്ക് പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ജീവിക്കുമ്പോള്‍, അവരെ സ്നേഹിക്കുമ്പോള്‍, അവര്‍ക്ക് സന്തോഷം ഉണ്ടാവുമ്പോള്‍,അതിനു ചിലപ്പോഴൊക്കെ താനും കാരണമാവുമ്പോള്‍, നമുക്ക് സന്തോഷം ഉണ്ടാവുന്നില്ലേ.. അങ്ങനെ ചിന്തിക്കുമ്പോള്‍ എല്ലാവരും ജീവിക്കുന്നത് അവനവന് വേണ്ടി തന്നെയാണ്. സ്വന്തമായി വസ്ത്രം വാങ്ങി ധരിക്കുമ്പോള്‍  തോന്നുന്ന സന്തോഷതെക്കാള്‍ വലുതായിരിക്കും, ചിലപ്പോള്‍ തനിക്ക് പ്രിയപ്പെട്ടവര്‍ക്ക് വാങ്ങികൊടുക്കുമ്പോള്‍ ഉണ്ടാവുന്നത്. അച്ഛനമ്മമാര്‍ തനിക്ക് തന്ന സംസ്കാരം എന്തെന്ന് മനസ്സിലാക്കേണ്ടത് മക്കളാണ്. അത്തരം നല്ല സംസ്കാരം പകര്‍ന്നു നല്‍കപ്പെട്ട മക്കള്‍ അച്ഛനമ്മമാരോടെന്നല്ല, ആരോടും നീതികേട്‌ കാണിക്കുകയില്ല.
                               സമൂഹം മാറുകയാണ്. തലമുറകളുടെ വിടവ് കൂടുന്നു. അമ്പത്തഞ്ചോ അറുപതോ വയസില്‍ ജീവിതം അവസാനിക്കുന്നില്ല. എന്നാല്‍ സ്വന്തം മക്കള്കൊപ്പം പാഞ്ഞെത്താന്‍ കഴിഞ്ഞില്ലെന്നിരിക്കും. ജീവിതത്തില്‍ ചെയ്യനാഗ്രഹിച്ചതും, സമയം കിട്ടാത്തതിന്റെ പേരില്‍ മാറ്റി വെയ്ക്കപ്പെട്ടതുമായ പലതും കാണില്ലേ അപ്പോഴും. നമുക്ക് സ്നേഹിക്കാം... ആരോടും കണക്ക് പറയാതെ. ജീവിക്കാന്‍ മണ്ണ് തന്നതിന് ഭൂമി ആരോടും കണക്ക് പറയുന്നില്ല, ശുദ്ധവായുവും, തണലും, ഭക്ഷണവും തന്നതിന് മരങ്ങള്‍ ആരോടും കണക്കുകള്‍ പറയുന്നില്ല, വെളിച്ചം തന്നതിന് സൂര്യന്‍ ആരോടും കണക്ക് പറയുന്നില്ല... സ്നേഹിക്കുമ്പോള്‍,നമുക്ക് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോള്‍ നമുക്ക് കിട്ടുന്ന ആത്മസംതൃപ്തി തന്നെയാണ് ഏറ്റവും വലിയ പ്രതിഫലം. അത് തിരിച്ചറിയപ്പെടുന്നെങ്കില്‍ തിരിച്ചറിയപ്പെടട്ടെ... ഇല്ലെങ്കിലും നമുക്ക് സ്നേഹിക്കാം, നമ്മുടെ മക്കളെ, അച്ഛനമ്മമാരെ, ഈ സമൂഹത്തെ, പ്രകൃതിയെ, ഭൂമിയെ, നമ്മളെ തന്നെ.











January 27, 2012

സ്വാതന്ത്ര്യത്തിന്റെ താക്കോല്‍

   
എന്റെ കാലില്‍ ചരട് കെട്ടി
നീ എന്നെ പറത്താന്‍ വിടരുത് 
ഞാന്‍ ചരട് പൊട്ടിച്ചു പറന്നുപോകും 
എന്റെ ചിറകൊടിച്ചു 
നീ എന്നെ തത്താന്‍ വിടരുത് 
ഞാന്‍ പിടഞ്ഞു ചാടിക്കളയും 
സംശയത്തിന്റെ കുന്തമുനക്കണ്ണുകളുമായി 
നീ എന്നെ പിന്തുടരരുത് .
ഞാനൊരു കഴുകന്‍കൊക്കിലേക്കായാലും 
ചെന്നടുത്തുകളയും 
നീ എന്നെ സ്വതന്ത്രമായി പറക്കാന്‍ വിടൂ...
ഞാന്‍ നിന്റെ കൂട്ടിലേക്ക് തന്നെ തിരിച്ചു വരും 
അല്ലെങ്കില്‍ നീ എന്നെ അവിശ്വസിച്ചോളൂ 
നിന്റെ അവിശ്വാസമാണല്ലോ 
എന്റെ സ്വാതന്ത്ര്യത്തിന്റെ താക്കോല്‍!!!

December 31, 2011

നാളെ എന്ന സമ്മാനപ്പൊതി തുറക്കുമ്പോള്‍

                  " ഈ ലോകത്തിലെ ഏറ്റവും വലിയ സത്യം എന്താണെന്നോ , ഒരാള്‍ ആരോ എന്തോ ആകട്ടെ, എന്തെങ്കിലുമൊന്നു പൂര്‍ണമനസ്സോടെ തീവ്രമായി ആഗ്രഹിക്കുന്നുവെങ്കില്‍  അത് നടക്കാതെ വരില്ല. കാരണം , സ്വന്തം വിധിയാണ് 
മനസ്സില്‍ ആ മോഹത്തിന്റെ വിത്ത് പാകുന്നത്. അതിന്റെ സാഫല്യമാണ് ആ ജീവിതത്തിന്റെ ഉദ്ദേശ്യം."                                  ----പൌലോ കൊയ്ലോ ----

 ഓരോ ജീവിതവും ഓരോ തേടലാണ്. സ്വന്തം നിയോഗം. അത് തിരിച്ചറിയാനാവാതെ ചിലര്‍, തിരിച്ചറിഞ്ഞിട്ടും എത്തിപ്പിടിക്കാനാവാതെ മറ്റു ചിലര്‍. ഇപ്പോഴും ഡിസംബറില്‍ വീശുന്ന പാലക്കാടന്‍ കാറ്റ് , എന്നില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നു. നിറവും മണവും ഉള്ള കഴിഞ്ഞ കാലങ്ങളുടെ നനുത്ത സ്പര്‍ശവും കൊണ്ടല്ലേ ആ കാറ്റെന്നെ തലോടാന്‍ എത്തുന്നത്‌. ഇന്നലെയുടെ പാഴ്നിഴലിലും, നാളെയുടെ സങ്കല്പ്പ വര്‍ണ ചിത്രങ്ങളിലും ഇന്നിന്റെ നിറം കളയാതവരത്രേ ഭാഗ്യവാന്മാര്‍!     ഇന്നില്‍ പൂര്‍ണമായി മുഴുകാന്‍ കഴിയുന്നവരെ ........ നിങ്ങള്ക്ക് ഉള്ളതാണീ ലോകം.  
                      ജീവിതത്തേക്കാള്‍ വലിയൊരു അത്ഭുതമില്ല. അടുത്ത നിമിഷം എന്തെന്നോ, നാളെ എങ്ങനെയെന്നോ അറിയാത്ത ആ അജ്ഞതയില്‍ അല്ലെ ജീവിതത്തിന്റെ മുഴുവന്‍ രസവും ഇരിക്കുന്നത്?  സങ്കല്‍പ്പവും, സ്നേഹവും, പ്രണയവും, സ്വപ്നങ്ങളും, വേദനകളുമായി  മറ്റൊരു പുതുവത്സരത്തിലേക്ക്... തുറക്കാതെ മുന്നില്‍ വെച്ച ഒരു സമ്മാനപ്പൊതി പോലെ ഒരു പുതുവര്‍ഷം മുന്നില്‍. അതിന്റെ തിളക്കമുള്ള വര്‍ണ ചരട്  അഴിച്ചു തുറക്കുമ്പോള്‍  എന്താവാം അത് നാളേയ്ക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത്?
                                    സന്തോഷമാവട്ടെ......
                                     സമാധാനമാവട്ടെ....
                                     നന്മയും, സ്നേഹവുമാവട്ടെ...
                                      പ്രത്യാശയും വിജയവുമാവട്ടെ...
                        എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍!

December 11, 2011

ജീവിതം പറഞ്ഞ ചില തമാശകള്‍

                                വലതു  കയ്യിലെ കവര്‍ ഇടത്തെ കയ്യിലേക്ക് മാറ്റിപ്പിടിച്ചു കൊണ്ട് ശിവരഞ്ജിനി ഗേറ്റ് തുറന്നു. ഗേറ്റിന്റെ കരകര ശബ്ദം കേട്ടിട്ടാവണം അമ്മ വാതില്‍ തുറന്നു. മക്കള്‍ ഇനിയും സ്കൂളില്‍ നിന്നെത്തിയിട്ടില്ല. പച്ചക്കറി അടുക്കളയില്‍ വെച്ച് ശിവരഞ്ജിനി മേല്‍ കഴുകാന്‍ പോയി. ഒരു ദിവസത്തെ അധ്വാനം മുഴുവന്‍ കഴുകിക്കളഞ്ഞ് സോഫയില്‍ ഇരുന്നു ടിവി ഓണ്‍ ചെയ്തു. അമ്മ കൊണ്ടുവന്ന ചായ കുടിക്കുമ്പോള്‍ അല്‍പനേരം കണ്ണുകളടച്ചു. ഭര്‍ത്താവിന്റെ അകാലത്തിലുള്ള മരണം സങ്കടതെക്കാള്‍ ഏറെ ശൂന്യതയാണ് ശിവരന്ജിനിയില്‍ നിറച്ചത്. കുറെ കാലമായി കൂടെയുണ്ടായിരുന്ന എന്തോ ഒന്നിന്റെ അഭാവം. എന്നാല്‍ അത് ഇപ്പോള്‍ ആവിയായി  അലിഞ്ഞു പോയിരിക്കുന്നു. മറ്റുള്ളവര്‍ പൊഴിക്കുന്ന സഹതാപക്കണ്ണീര്‍ ഒട്ടും അരോചകത്വം കൂടാതെ കാണാന്‍ കഴിയുന്നുമുണ്ട്. വല്ലാത്ത ഒരു സ്വാര്‍ഥത ആയിരുന്നു അദ്ദേഹത്തിന്. ആരോടും ചിരിക്കുന്നതോ സംസാരിക്കുന്നതോ ഇഷ്ടമല്ലാത്ത പ്രകൃതം. ശബ്ദങ്ങളും ബഹളവും ഇഷ്ടമില്ലാതെ മൌനതിനുള്ളില്‍ കുടിയിരിക്കുന്ന സ്വഭാവം. അദ്ദേഹം ജോലിക്ക് പോയാല്‍ ശിവരന്ജിനിയ്കു ചിരിക്കാം.. അയല്പക്കതുള്ളവരോട് സംസാരിക്കാം. . മക്കള്കായി എന്തെങ്കിലും ഉണ്ടാക്കാം. ടിവി കാണാം. അങ്ങനെ കഴിഞ്ഞുപോയ പതിമൂന്നു വര്‍ഷങ്ങള്‍!                        
                                                വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ചപ്പോള്‍ ശിവരന്ജിനിയ്കു കരഞ്ഞു തളര്ന്നിരിക്കാന്‍ സമയം കിട്ടിയില്ല. സമയം കിട്ടിയപ്പോഴാകട്ടെ കരച്ചില്‍ വന്നുമില്ല. ഭര്‍ത്താവിന്റെ ,മരണശേഷം സര്‍ക്കാര്‍ സര്‍വിസില്‍ ജോലിക്ക് കയറാനായി ഒരുപാട് അലഞ്ഞു. നേരത്തെ കയ്യിലുള്ള ബി എഡ് ബിരുദം അവളെ  ബഹളം കൊണ്ട് വിശാലമായ മറ്റൊരു ലോകത്ത് എത്തിച്ചു..ഒരുപാട് നാളത്തെ ഓഫീസ് കയറി ഇറങ്ങല്‍, മക്കളുടെ സ്കൂള്‍  സൌകര്യത്തിനു വേണ്ടി നഗരത്തിലേക്കുള്ള വീടുമാറ്റം, പുതിയ ജോലിയില്‍ പ്രവേശിക്കല്‍, എല്ലാം കഴിഞ്ഞു ജീവിതം ഒട്ടൊരു ശാന്തതയോടെ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ ഭര്‍ത്താവിന്റെ മരണമെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അവള്‍ വല്ലാതെ അകന്നു പോയിരുന്നു.
                                                            ഉമ്മറത്ത്‌ നിന്ന് കലപില ശബ്ദം കേട്ടപ്പോള്‍ ശിവ കണ്ണ് തുറന്നു. മക്കള്‍ എത്തിയിരിക്കുന്നു. അമ്മാ എന്ന് വിളിച്ചുകൊണ്ടു അവര്‍ ഉള്ളിലേക്ക് പോയി. സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തിയായി കുട്ടികള്‍ക്ക്. ഈ രണ്ടു വര്‍ഷങ്ങള്‍ ഒരുപാട് പക്വമാകിയിരിക്കുന്നു, രണ്ടു പെണ്‍കുട്ടികളെയും. അവര്‍ അനാവശ്യമായി സ്വൈര്യം കെടുതാറില്ല, ആശ്രയിക്കാറുമില്ല.
                           " ശിവാ... ഉമ്മറത്താരോ വന്നിരിക്കുന്നു." അമ്മാ വിളിച്ചു പറഞ്ഞു.  സോഫയില്‍ കയറ്റി വെച്ചിരുന്ന കാല്‍ നിവര്‍ത്തി, നൈറ്റി കുടഞ്ഞ്‌ ശിവ ഉമ്മറത്ത്‌ വന്നു. വെളുത്ത മുണ്ടും ഷര്‍ട്ടും ധരിച്ച ഒരാള്‍. മുഖത്ത് ഒരു വല്ലാത്ത ശാന്തഭാവം. അയാള്‍ ഒന്ന് പുഞ്ചിരിച്ചു.
                       " വരൂ... ഇരികു...."        മനസിലായില്ല എന്ന് പറയണോ എന്ന് ശിവ ഒരു നിമിഷം ശങ്കിച്ചു.
               " ഞാന്‍ ജഗദീഷാണ്. എന്നെ മനസിലാവാന്‍ വഴിയില്ല. രഘുനാഥന്റെ കൂടെ പഠിച്ചതാണ്. യു എസില്‍ നിന്ന് ഇപോ വന്നതെയുള്ളു. നാട്ടില്‍ വന്നപ്പോ, രഘുനാഥന്റെ കാര്യം അറിഞ്ഞപ്പോ, ഒന്ന് വന്നു കാണണമെന്ന് തോന്നി."
അയാള്‍ മുറ്റത്തെ മാവിലെയ്കു നോക്കി. നേരം സന്ധ്യയാവുന്നു. ശിവ ഓര്‍ത്തു. അയാള്‍ക് ചായ വെക്കാന്‍ അമ്മ അകത്തു പോയിരിക്കുന്നു. അമ്മ കൂടെയുള്ളത് കൊണ്ട് ഇങ്ങനെയൊക്കെ ചില ആശ്വാസമുണ്ട്.
                    " രഘുനാഥന്‍ പറഞ്ഞിട്ടുണ്ടാവും.. ലെ .."    അയാള്‍ പ്രതീക്ഷയോടെ ശിവയെ നോക്കി. അവള്‍ വെറുതെ ഒന്ന് ചിരിച്ചു. അയാളെ കുറിചെന്നല്ല, ഒരു കൂട്ടുകാരനെ കുറിച്ചും ഭര്‍ത്താവ് ഇന്ന് വരെ പറഞ്ഞിട്ടില്ല. ഇയാള്‍ പോയിട്ട് വേണം വിളക്ക് കൊളുത്താന്‍.പിന്നെ ടിവിയുടെ മുന്‍പില്‍ അല്‍പനേരം ഇരിക്കാം. .

     " കോളേജില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ ക്രിക്കറ്റ്‌ ടീമില്‍ ഉണ്ടായിരുന്നു."   എന്തോ ഓര്‍ത്തിട്ടെന്ന വണ്ണം അയാള്‍ പുഞ്ചിരിച്ചു. ശിവ അപരിചിതത്വത്തോടെ അയാളെ നോക്കി. കുട്ടികള്‍ കളിച്ചു ബഹളം വെക്കുമ്പോള്‍ ശാസിക്കുന്ന ഭര്‍ത്താവിനെ അവള്‍ക്കു ഓര്‍മ്മ വന്നു. കുറച്ചു നേരം അയാള്‍ മൌനമായി ഇരുന്നു.
     " അന്ന് ഊടിയിലേക്ക് പോയ ടൂറ് മറക്കാന്‍ കഴിയില്ല. രഘുനാഥനായിരുന്നു ഞങ്ങടെ ടീമിന്റെ രസം മുഴുവന്‍.... "                  അയാള്‍ അമ്മ കൊണ്ട് വന്ന ചായ പതുക്കെ കുടിക്കാന്‍ തുടങ്ങി. ശിവയ്കു എന്തിനോ അസഹ്യത തോന്നി. എന്തൊക്കെയാണ് ഇയാള്‍ പറയുന്നത്? ചോദ്യങ്ങള്‍ പുറത്തു വരാതെ ഉള്ളില്‍ തന്നെ വറ്റി വരണ്ടു. വല്ലാത്ത ഒരു വിഷാദം അനുഭവപ്പെട്ടു ശിവയ്ക്. അങ്ങനെ രണ്ടു പ്രാവശ്യമേ അവള്‍ക് തോന്നിയിട്ടുള്ളൂ. ഭര്‍ത്താവിന്റെ മരണം കഴിഞ്ഞ് രണ്ടാം ദിവസം ഉമ്മറത്ത്‌ അനാഥമായി കിടക്കുന്ന ഇംഗ്ലീഷ് പത്രം കണ്ടപ്പോഴും,  ഒരിക്കല്‍ ഒരു സഹപ്രവര്‍ത്തക രണ്ടൊപ്പില്‍ തീര്‍ന്നു നമ്മുടെ ഒരു ദിവസത്തെ ജീവിതം എന്ന് പറഞ്ഞപോഴും. ഇപ്പോള്‍ വീണ്ടും അവള്‍ അങ്ങനെ ഒരു മാനസികാവസ്ഥയില്‍ എത്തിച്ചേര്‍ന്നു.
                 " രഘു നന്നായി പാടുമായിരുന്നു. അയാള്കൊരുപാട് ആരാധികമാരുണ്ടായിരുന്നു , കോളേജില്‍."                  
ഇരുള്‍ മൂടാന്‍ തുടങ്ങിയ മാനം നോക്കി അയാള്‍ ഒന്ന് നിശ്വസിച്ചു. മൂളിപ്പാട്ട് പാടുമ്പോള്‍ കടുത്ത നോട്ടത്തോടെ വിലക്കുന്ന ഭര്‍ത്താവിനെ ശിവയ്കോര്‍മ്മ വന്നു. അയാള്‍ കസേരയില്‍ നിന്ന് എണീറ്റു. ശിവയ്കു ഒന്നും മനസ്സിലായില്ല. ഇയാള്‍ ആരെയാണ് തേടി വന്നത്? എന്നവള്‍ ചിന്തിക്കുമ്പോള്‍ അയാളുടെ വെള്ളവസ്ത്രത്തിന്റെ നിറം പടിക്ക് പുറത്തെ ഇരുളില്‍ അലിയാന്‍ തുടങ്ങിയിരുന്നു. അപ്പോള്‍ മുറ്റത്തെ മാവിന്റെ ചില്ലകള്‍ സാരമില്ല, സാരമില്ല എന്ന് പറഞ്ഞ്‌ അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.