July 05, 2011

പിന്‍വിളി കാതോര്‍ക്കുന്നവര്‍

     അയാള്‍ മകളെ തോളില്‍ എടുത്ത് അടഞ്ഞു കിടന്ന വാതിലിലേക്ക് നോക്കി. അത് തുറന്നു. വികാരരഹിതമായ ഒരു മുഖം അവിടെ പ്രത്യക്ഷപ്പെട്ടു. അവള്‍-അയാളുടെ ഭാര്യ, അയാള്കടുതെക്ക് നടന്നെത്തി.            
                   ''പോകാം'' അയാള്‍ പറഞ്ഞു.
                    .''ഉം'' അവള്‍ മൂളി. അവള്‍ക് ബുധിമുട്ടില്ലാതിരിക്കാനായി  അയാള്‍ പതുക്കെ നടന്നു. ആശുപത്രിയുടെ പടവുകള്‍ ഇറങ്ങുമ്പോള്‍ അയാള്‍ അവള്‍ക്കായി ഒരു നിമിഷം കാതുനില്‍ക്കുകയും ചെയ്തു.വെയില്‍ വീണ മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍ അവള്‍ക്കു അടിവയറ്റില്‍ നുറുങ്ങിപ്പിടഞ്ഞ ഒരു വേദന അനുഭവപ്പെട്ടു.വയറില്‍  കൈ  അമര്‍ത്തിയപ്പോള്‍  എങ്ങു  നിന്നോ ഒരു കുഞ്ഞിന്റെ  വികലമായ നിലവിളി അവള്‍ വ്യക്തമായും കേട്ടു. പിറവി നിഷേധിക്കപെട്ടതിന്റെ പ്രതിഷേധമാണോ അതെന്ന്‌ അവള്‍ സന്ദേഹിച്ചു.ആറാം വയസിലും നിവര്‍ന്നു നില്‍കാന്‍ കഴിയാതെ അയാളുടെ തോളില്‍ കുഴഞ്ഞു കിടക്കുന്ന മകള്‍! അവളുടെ ശരീരം പോലെ തന്നെ നോട്ടവും എങ്ങും ഉറയ്ക്കാതെ പതറുന്നു. ചുറ്റുപാടിലേക്ക് മുഴുവന്‍ ചിതറിയ നോട്ടങ്ങളെയ്യുന്ന മകളെ നോക്കിയപ്പോള്‍, ആ കേട്ടത് ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍ ആണെന്നവള്‍ സമാധാനിച്ചു.
               ''ഓട്ടോയെക്കാള്‍  നല്ലത് ബസ്‌ തന്നെയാ..'' അയാള്‍ പറഞ്ഞു.              
                  ''ഉം'' അവള്‍ അതിനും മൂളി. ബസ്‌ വന്നു. ആകാശത്ത് നിന്ന് പെയ്ത  വിഷമഴയില്‍, സ്വപ്‌നങ്ങള്‍ കൂടി   വികലമാക്കപ്പെട്ടവരുടെ കറുത്ത ഭൂമിയിലേക്ക്‌ അവര്‍ ബസ്‌ കയറി.

June 05, 2011

pranayathuruthukal

ഇത് പെരുമഴക്കാലം! മഴ ഒരു മറയാണ്.നമുക്കും ലോകത്തിനും ഇടയ്ക്ക് പ്രകൃതി ഒരുക്കിയ കണ്ണാടി മറ!ചില തുള്ളികള്‍കെങ്കിലും നോവുന്ന ഹൃദയത്തിന്റെ, മുറിയുന്ന അഭിമാനത്തിന്റെ ഉപ്പുരസമുണ്ട്.അനിശ്ചിതത്വത്തിന്റെ ശിശിരവും, ഗൃഹാതുരത്വത്തിന്റെ ഹേമന്തവും,ച്ചുട്ടുനീറ്റിയ വിരഹത്തിന്റെ ഗ്രീഷ്മവും പോയ്മറഞ്ഞു.ഇത് തിരിച്ചറിവിന്റെ പെരുമഴക്കാലം! കാല്‍ വെയ്ക്കും തോറും ഉള്ളിലേയ്ക്ക് പുതഞ്ഞു താഴുന്ന പ്രണയ ചതുപ്പില്‍ ഞാന്‍ ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞ നോവിന്റെ പെരുമഴക്കാലം.വസന്തഗമത്തിന്റെ പൂവിളിയ്ക്കായ്‌ കാതോര്‍തിരിയ്ക്കുന്ന പാതിവിരിഞ്ഞ പൂ പോലെ എന്റെ ഹൃദയം!ലോകത്തെ മുഴുവന്‍ ഒരു തുരുതിലാക്കി ഒറ്റപ്പെടുത്താന്‍ എത്ര തിടുക്കമായിരുന്നു എനിക്ക്.ഒരു കുടക്കീഴില്‍, ഒരു മഴക്കൂടിനുള്ളില്‍ ഒന്നിച്ചു നടകുന്നത് സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് എത്ര നാളുകളായി? വാക്കുകള്‍ കൊണ്ട് മായാജാലം തീര്‍കുന്ന മാന്ത്രികനായ ഒരു ഗന്ധര്‍വസന്ഗീതത്തിന്റെ മാസ്മരികത ചുറ്റുമുള്ള ലോകത്തെ എന്നില്‍ നിന്നും വേര്‍പെടുതിയിരിക്കുന്നു.മഴവില്ലിന്റെ നിറങ്ങളെ എന്റെ കാഴ്ച്ചയില്‍ നിന്നും മായ്ച്ചതും, തേന്‍ മധുരം കയ്പുനീരാക്കി പകര്‍ന്നതും നീ തന്നെ എന്നറിയുന്നു. പ്രണയമെന്ന തുരുത്തില്‍ എന്നെ ഒറ്റയ്ക്കാക്കി നീ വീണ്ടും ഹൃദയങ്ങള്‍ കൊയ്യാനിറങ്ങി.നിന്റെ സംഗീതം എന്റെ കാതില്‍ അലയടിക്കുന്നിടത്തോളം കാലം ഞാന്‍ നിന്റെ അടിമ എന്ന് നീ പുഞ്ചിരിയോടെ മൊഴിയുന്നു. 
                     മഴ കണ്ണീര്‍ പോലെ പൊഴിയുന്നു പുറത്ത്.സ്വപ്‌നങ്ങള്‍ പോലും കവര്‍ന്നെടുക്കപ്പെട്ടവരുടെ തേങ്ങല്‍ പോലെ കാറ്റു വീശിയടിക്കുന്നു.ഈ ഉമ്മറത്തിരിക്കുമ്പോള്‍ നിന്റെ കരുണ പോലെ ഒന്നോ രണ്ടോ തുള്ളി എന്റെ മുഖത്തും വന്നു വീഴുന്നുണ്ട്‌.ഒരു കണ്കെട്ടുകാരന്റെ കൌശലത്തോടെ എത്ര പെട്ടന്നാണ് നീയെന്റെ സങ്കല്‍പ്പങ്ങള്‍ക്ക് മേല്‍ അധീശത്വം സ്ഥാപിച്ചത്? എന്നാല്‍ മുറിവേല്‍ക്കപ്പെട്ട ഹൃദയങ്ങളെ... ഇന്നീ മഴക്കൂട്ടിലിരുന്നുകൊണ്ട് ഞാന്‍ നിങ്ങളോട് മാപ്പിരക്കുന്നു. മുറിപ്പെടാന്‍ ഇനിയൊരു ഇടമില്ലാത്ത പോലെ നൊന്തു തളര്‍ന്നിരിക്കുന്നു എന്റെ മനസ്.അവനാകുന്ന തീയിലേക്ക് എന്റെ ചിറകു കരിഞ്ഞു വീഴും മുന്‍പ് ഞാന്‍ കേഴുന്നു.എന്റെ അവശേഷിച്ച ബോധത്തിന്റെ കാഴ്ചയെ   നിന്റെ മായജാലതിന്റെ കറുത്ത തുണിയാല്‍ മറയ്കു, അല്ലെങ്കില്‍ എന്റെ നഷ്ടപ്പെട്ട ലോകം എനിക്ക് തിരിച്ചു നല്‍കു ....

May 28, 2011

nashtappettavayude kanakkupusthakam

നഷ്ടങ്ങളുടെ കണക്കെഴുതാന്‍ എനിക്കൊരു പുസ്തകം വേണം.    
പൂരപ്പറമ്പില്‍ നഷ്‌ടമായ പാവ 
പുഴയോഴുക്കില്‍ നഷ്‌ടമായ പീലിത്തുണ്ട്    
മാവിന്‍കൊമ്പില്‍ നിന്ന് താഴെ വീണ പകുതി കടിച്ച മാമ്പഴം  
അമ്പലവഴിയില്‍ വീണുപോയ ചന്ദനപൂവിതല്‍
രണ്ടാമതൊന്നു തിരിഞ്ഞു നോക്കാതെ നഷ്ടപ്പെടുത്തിയ സ്നേഹം  
നഷ്ടങ്ങളുടെ കണക്കു കുറിക്കാന്‍ എനിക്കൊരു താളെങ്കിലും വേണം  
ഹൃദയമലിയുമ്പോള്‍ വീഴാത്ത കണ്ണുനീര്‍  
വാക്കുകള്കിടയില്‍ ഒതുങ്ങാത്ത മൌനം  
കണ്ണുകള്‍ മാത്രം തിരിച്ചറിയുന്ന മൊഴി  
ഒരു നോട്ടത്തില്‍ കല്ലില്‍ നിന്ന് സ്ത്രീയായ ശാപമോക്ഷത്തിന്റെ സാഫല്യം  
എന്റെ നഷ്ടങ്ങളുടെ കണക്കു കുറിക്കാന്‍ എനിക്ക് നിന്റെ മനസ് വേണം  
നഷ്ടപ്പെട്ടവയോര്‍ത്തു പൊട്ടിക്കരയനൊരു ചുമല്‍
വാക്കിലോതുങ്ങാത്തത് കേള്‍ക്കാനൊരു ചെവി
കാഴ്ചക്കപ്പുറം കാണാനൊരു കണ്ണ്
എനിക്ക് നഷ്ടങ്ങള്‍ മാത്രം സ്വന്തം എന്ന് എന്നും ഓര്‍മ്മിപ്പിക്കുന്ന നീയും.