Follow by Email

December 11, 2011

ജീവിതം പറഞ്ഞ ചില തമാശകള്‍

                                വലതു  കയ്യിലെ കവര്‍ ഇടത്തെ കയ്യിലേക്ക് മാറ്റിപ്പിടിച്ചു കൊണ്ട് ശിവരഞ്ജിനി ഗേറ്റ് തുറന്നു. ഗേറ്റിന്റെ കരകര ശബ്ദം കേട്ടിട്ടാവണം അമ്മ വാതില്‍ തുറന്നു. മക്കള്‍ ഇനിയും സ്കൂളില്‍ നിന്നെത്തിയിട്ടില്ല. പച്ചക്കറി അടുക്കളയില്‍ വെച്ച് ശിവരഞ്ജിനി മേല്‍ കഴുകാന്‍ പോയി. ഒരു ദിവസത്തെ അധ്വാനം മുഴുവന്‍ കഴുകിക്കളഞ്ഞ് സോഫയില്‍ ഇരുന്നു ടിവി ഓണ്‍ ചെയ്തു. അമ്മ കൊണ്ടുവന്ന ചായ കുടിക്കുമ്പോള്‍ അല്‍പനേരം കണ്ണുകളടച്ചു. ഭര്‍ത്താവിന്റെ അകാലത്തിലുള്ള മരണം സങ്കടതെക്കാള്‍ ഏറെ ശൂന്യതയാണ് ശിവരന്ജിനിയില്‍ നിറച്ചത്. കുറെ കാലമായി കൂടെയുണ്ടായിരുന്ന എന്തോ ഒന്നിന്റെ അഭാവം. എന്നാല്‍ അത് ഇപ്പോള്‍ ആവിയായി  അലിഞ്ഞു പോയിരിക്കുന്നു. മറ്റുള്ളവര്‍ പൊഴിക്കുന്ന സഹതാപക്കണ്ണീര്‍ ഒട്ടും അരോചകത്വം കൂടാതെ കാണാന്‍ കഴിയുന്നുമുണ്ട്. വല്ലാത്ത ഒരു സ്വാര്‍ഥത ആയിരുന്നു അദ്ദേഹത്തിന്. ആരോടും ചിരിക്കുന്നതോ സംസാരിക്കുന്നതോ ഇഷ്ടമല്ലാത്ത പ്രകൃതം. ശബ്ദങ്ങളും ബഹളവും ഇഷ്ടമില്ലാതെ മൌനതിനുള്ളില്‍ കുടിയിരിക്കുന്ന സ്വഭാവം. അദ്ദേഹം ജോലിക്ക് പോയാല്‍ ശിവരന്ജിനിയ്കു ചിരിക്കാം.. അയല്പക്കതുള്ളവരോട് സംസാരിക്കാം. . മക്കള്കായി എന്തെങ്കിലും ഉണ്ടാക്കാം. ടിവി കാണാം. അങ്ങനെ കഴിഞ്ഞുപോയ പതിമൂന്നു വര്‍ഷങ്ങള്‍!                        
                                                വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ചപ്പോള്‍ ശിവരന്ജിനിയ്കു കരഞ്ഞു തളര്ന്നിരിക്കാന്‍ സമയം കിട്ടിയില്ല. സമയം കിട്ടിയപ്പോഴാകട്ടെ കരച്ചില്‍ വന്നുമില്ല. ഭര്‍ത്താവിന്റെ ,മരണശേഷം സര്‍ക്കാര്‍ സര്‍വിസില്‍ ജോലിക്ക് കയറാനായി ഒരുപാട് അലഞ്ഞു. നേരത്തെ കയ്യിലുള്ള ബി എഡ് ബിരുദം അവളെ  ബഹളം കൊണ്ട് വിശാലമായ മറ്റൊരു ലോകത്ത് എത്തിച്ചു..ഒരുപാട് നാളത്തെ ഓഫീസ് കയറി ഇറങ്ങല്‍, മക്കളുടെ സ്കൂള്‍  സൌകര്യത്തിനു വേണ്ടി നഗരത്തിലേക്കുള്ള വീടുമാറ്റം, പുതിയ ജോലിയില്‍ പ്രവേശിക്കല്‍, എല്ലാം കഴിഞ്ഞു ജീവിതം ഒട്ടൊരു ശാന്തതയോടെ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ ഭര്‍ത്താവിന്റെ മരണമെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അവള്‍ വല്ലാതെ അകന്നു പോയിരുന്നു.
                                                            ഉമ്മറത്ത്‌ നിന്ന് കലപില ശബ്ദം കേട്ടപ്പോള്‍ ശിവ കണ്ണ് തുറന്നു. മക്കള്‍ എത്തിയിരിക്കുന്നു. അമ്മാ എന്ന് വിളിച്ചുകൊണ്ടു അവര്‍ ഉള്ളിലേക്ക് പോയി. സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തിയായി കുട്ടികള്‍ക്ക്. ഈ രണ്ടു വര്‍ഷങ്ങള്‍ ഒരുപാട് പക്വമാകിയിരിക്കുന്നു, രണ്ടു പെണ്‍കുട്ടികളെയും. അവര്‍ അനാവശ്യമായി സ്വൈര്യം കെടുതാറില്ല, ആശ്രയിക്കാറുമില്ല.
                           " ശിവാ... ഉമ്മറത്താരോ വന്നിരിക്കുന്നു." അമ്മാ വിളിച്ചു പറഞ്ഞു.  സോഫയില്‍ കയറ്റി വെച്ചിരുന്ന കാല്‍ നിവര്‍ത്തി, നൈറ്റി കുടഞ്ഞ്‌ ശിവ ഉമ്മറത്ത്‌ വന്നു. വെളുത്ത മുണ്ടും ഷര്‍ട്ടും ധരിച്ച ഒരാള്‍. മുഖത്ത് ഒരു വല്ലാത്ത ശാന്തഭാവം. അയാള്‍ ഒന്ന് പുഞ്ചിരിച്ചു.
                       " വരൂ... ഇരികു...."        മനസിലായില്ല എന്ന് പറയണോ എന്ന് ശിവ ഒരു നിമിഷം ശങ്കിച്ചു.
               " ഞാന്‍ ജഗദീഷാണ്. എന്നെ മനസിലാവാന്‍ വഴിയില്ല. രഘുനാഥന്റെ കൂടെ പഠിച്ചതാണ്. യു എസില്‍ നിന്ന് ഇപോ വന്നതെയുള്ളു. നാട്ടില്‍ വന്നപ്പോ, രഘുനാഥന്റെ കാര്യം അറിഞ്ഞപ്പോ, ഒന്ന് വന്നു കാണണമെന്ന് തോന്നി."
അയാള്‍ മുറ്റത്തെ മാവിലെയ്കു നോക്കി. നേരം സന്ധ്യയാവുന്നു. ശിവ ഓര്‍ത്തു. അയാള്‍ക് ചായ വെക്കാന്‍ അമ്മ അകത്തു പോയിരിക്കുന്നു. അമ്മ കൂടെയുള്ളത് കൊണ്ട് ഇങ്ങനെയൊക്കെ ചില ആശ്വാസമുണ്ട്.
                    " രഘുനാഥന്‍ പറഞ്ഞിട്ടുണ്ടാവും.. ലെ .."    അയാള്‍ പ്രതീക്ഷയോടെ ശിവയെ നോക്കി. അവള്‍ വെറുതെ ഒന്ന് ചിരിച്ചു. അയാളെ കുറിചെന്നല്ല, ഒരു കൂട്ടുകാരനെ കുറിച്ചും ഭര്‍ത്താവ് ഇന്ന് വരെ പറഞ്ഞിട്ടില്ല. ഇയാള്‍ പോയിട്ട് വേണം വിളക്ക് കൊളുത്താന്‍.പിന്നെ ടിവിയുടെ മുന്‍പില്‍ അല്‍പനേരം ഇരിക്കാം. .

     " കോളേജില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ ക്രിക്കറ്റ്‌ ടീമില്‍ ഉണ്ടായിരുന്നു."   എന്തോ ഓര്‍ത്തിട്ടെന്ന വണ്ണം അയാള്‍ പുഞ്ചിരിച്ചു. ശിവ അപരിചിതത്വത്തോടെ അയാളെ നോക്കി. കുട്ടികള്‍ കളിച്ചു ബഹളം വെക്കുമ്പോള്‍ ശാസിക്കുന്ന ഭര്‍ത്താവിനെ അവള്‍ക്കു ഓര്‍മ്മ വന്നു. കുറച്ചു നേരം അയാള്‍ മൌനമായി ഇരുന്നു.
     " അന്ന് ഊടിയിലേക്ക് പോയ ടൂറ് മറക്കാന്‍ കഴിയില്ല. രഘുനാഥനായിരുന്നു ഞങ്ങടെ ടീമിന്റെ രസം മുഴുവന്‍.... "                  അയാള്‍ അമ്മ കൊണ്ട് വന്ന ചായ പതുക്കെ കുടിക്കാന്‍ തുടങ്ങി. ശിവയ്കു എന്തിനോ അസഹ്യത തോന്നി. എന്തൊക്കെയാണ് ഇയാള്‍ പറയുന്നത്? ചോദ്യങ്ങള്‍ പുറത്തു വരാതെ ഉള്ളില്‍ തന്നെ വറ്റി വരണ്ടു. വല്ലാത്ത ഒരു വിഷാദം അനുഭവപ്പെട്ടു ശിവയ്ക്. അങ്ങനെ രണ്ടു പ്രാവശ്യമേ അവള്‍ക് തോന്നിയിട്ടുള്ളൂ. ഭര്‍ത്താവിന്റെ മരണം കഴിഞ്ഞ് രണ്ടാം ദിവസം ഉമ്മറത്ത്‌ അനാഥമായി കിടക്കുന്ന ഇംഗ്ലീഷ് പത്രം കണ്ടപ്പോഴും,  ഒരിക്കല്‍ ഒരു സഹപ്രവര്‍ത്തക രണ്ടൊപ്പില്‍ തീര്‍ന്നു നമ്മുടെ ഒരു ദിവസത്തെ ജീവിതം എന്ന് പറഞ്ഞപോഴും. ഇപ്പോള്‍ വീണ്ടും അവള്‍ അങ്ങനെ ഒരു മാനസികാവസ്ഥയില്‍ എത്തിച്ചേര്‍ന്നു.
                 " രഘു നന്നായി പാടുമായിരുന്നു. അയാള്കൊരുപാട് ആരാധികമാരുണ്ടായിരുന്നു , കോളേജില്‍."                  
ഇരുള്‍ മൂടാന്‍ തുടങ്ങിയ മാനം നോക്കി അയാള്‍ ഒന്ന് നിശ്വസിച്ചു. മൂളിപ്പാട്ട് പാടുമ്പോള്‍ കടുത്ത നോട്ടത്തോടെ വിലക്കുന്ന ഭര്‍ത്താവിനെ ശിവയ്കോര്‍മ്മ വന്നു. അയാള്‍ കസേരയില്‍ നിന്ന് എണീറ്റു. ശിവയ്കു ഒന്നും മനസ്സിലായില്ല. ഇയാള്‍ ആരെയാണ് തേടി വന്നത്? എന്നവള്‍ ചിന്തിക്കുമ്പോള്‍ അയാളുടെ വെള്ളവസ്ത്രത്തിന്റെ നിറം പടിക്ക് പുറത്തെ ഇരുളില്‍ അലിയാന്‍ തുടങ്ങിയിരുന്നു. അപ്പോള്‍ മുറ്റത്തെ മാവിന്റെ ചില്ലകള്‍ സാരമില്ല, സാരമില്ല എന്ന് പറഞ്ഞ്‌ അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.


35 comments:

 1. ഞാനും അതാണ്‌ ആലോചിക്കുന്നത്... ഇയാള്‍ ആരെയാണ് തേടി വന്നത് ? ...
  അയാള്‍ പറഞ്ഞത് ശരിയായിരിക്കും അല്ലെ... അയാള്‍ വഴി തെറ്റി വന്നതായിരിക്കില്ല...

  എന്തായാലും ബാക്കി വായനക്കാരന് വിട്ടു അല്ലെ...

  ഇനിയും എഴുതുക... ആശംസകള്‍..

  ReplyDelete
 2. ശബ്ദകോലാഹലമില്ലാതെ നല്ലൊരു കഥ ഒതുക്കത്തോടെ
  പറഞ്ഞിരിക്കുന്നു.അഭിനന്ദനം.
  ഒരു ദുരൂഹതപോലെ....സമസ്യപോലെ.....
  ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ആഗമനം.അയാളില്‍
  നിന്നുള്ള ഭര്‍ത്താവിനെ കുറിച്ചുള്ള വിവരങ്ങള്‍
  അവള്‍ക്ക്‌ മൂന്നാമത്തെ വിഷാദമായി.
  നന്നായി കഥ.
  അക്ഷരപിശകുകള്‍ കടന്നു കൂടിയിട്ടുണ്ട്.
  ശ്രദ്ധിക്കുക.
  ആശംസകളോടെ
  സി.വി.തങ്കപ്പന്‍

  ReplyDelete
 3. മിനി പറഞ്ഞുവച്ചത് ഒരു വല്യ സത്യമാണ്. ഇതേ കഥാതന്തുവില്‍ ഒരു സ്പാര്‍ക്ക് എന്റെ മനസ്സില്‍ കടന്നു കൂടിയിട്ട് കുറെ നാളായി.

  സുഹൃത്തുകളിലൂടെ, നാട്ടുകാരിലൂടെ ഭാര്യ അറിയുന്ന വ്യക്തിയോടൊപ്പം അല്ല അവള്‍ ജീവിക്കുന്നത് എന്ന് ഇപ്പോഴും തോന്നും.

  നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും വളരെ പ്രിയങ്കരന്‍. വീട്ടില്‍......????

  എഴുത്തിന്റെ കയ്യടക്കവും മനോഹരമായ ക്രാഫ്റ്റും അസൂയ ഉളവാക്കുന്നു.

  എത്ര നന്നായി തുടങ്ങി!!!!
  മനോഹരമായി അവസാനിപ്പിച്ചു!!!!

  ഈ കഥ ഞാന്‍ മറക്കില്ല.

  ReplyDelete
 4. സത്യത്തില്‍ എന്തിനാണ് ഇങ്ങനെയൊരു വിവാഹ ജീവിതം! പതിമൂന്നു വര്‍ഷങ്ങള്‍ ഒരുമിച്ചു ജീവിച്ചിട്ടും ഭാര്യയ്ക്കറിയാത്ത കാര്യങ്ങള്‍!! പരസ്പരം മനസിലാക്കാതെയുള്ള ഇത്തരം ജീവിതങ്ങള്‍ കുറെ കണ്ടിട്ടുണ്ട്.. ആര്‍ക്കോ വേണ്ടി ജീവിതം ജീവിച്ചു തീര്‍ക്കുന്നവര്‍..

  ഈ കഥ ഇഷ്ടായി മിനി. (കുറെ അക്ഷരതെറ്റുകള്‍ വന്നിട്ടുണ്ട്ട്ടോ.. നോക്കണേ..)

  ReplyDelete
 5. മനോഹരമായ കൊച്ചു കഥ. അയാളെ അത്തരത്തില്‍ മാറ്റിമറിച്ചത് എന്തായിരിക്കും. കീഴ്മേല്‍ മറിഞ്ഞ ഇത്തരം വ്യക്തിത്ത്വങ്ങള്‍ ഉണ്ട്.

  ReplyDelete
 6. വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ചിട്ടും പിടി തരാതെ വഴുതി മാറി ഒരു തരം സര്‍ക്കസ്സ്‌ അഭ്യാസിയെപ്പോലെ ആടുന്ന ചില ജന്മങ്ങള്‍. വിശ്വാസം അവസാനം വെറും തോന്നല്‍ എന്ന നിലയിലേക്ക്‌ തിരിച്ചറിയുമ്പോള്‍ അനുഭവിച്ചതിനേക്കാള്‍ കൂടുതല്‍ പ്രയാസം മനസ്സിന് താങ്ങേണ്ടി വരുന്നു.
  ഒരു തലോടല്‍ പോലെയുള്ള അവതരണം.
  ഇഷ്ടപ്പെട്ടു.

  ReplyDelete
 7. ഇരട്ടമുഖമുള്ളവര്‍ സമൂഹത്തില്‍ ധാരാളമുണ്ട്.
  അവരിലെ ഒരാളെ പറിച്ചെടുത്തു നന്നായി പരിചയപ്പെടുത്തിയ ഈ രചന അഭിനന്ദനം അര്‍ഹിക്കുന്നു.
  ആശംസകള്‍

  ReplyDelete
 8. ഇനിയും എഴുതുക ആശംസകള്‍

  ReplyDelete
 9. വായിച്ചു ഇഷ്ടപ്പെട്ടു
  വലിച്ചു നീട്ടാതെ നല്ലരൂപത്തില്‍ പറഞ്ഞു
  അവസാനം വരെ യാതൊരു കെട്ടിക്കുടുക്കും ഇല്ലാതെ എഴുതി,
  ആശംസ്കല്‍
  ഇനിയും എഴുതുക

  ReplyDelete
 10. മോളെ കഥ വളരെ നന്നായിട്ടുണ്ട് .ജീവിതത്തിന്‍റെനേര്‍കാഴ്ച്ച.ഇങ്ങിനെ ജീവിച്ചുതീര്‍ക്കുന്നവര്‍ നമുക്കുചുറ്റും ഒത്തിരിയുണ്ട് .

  സമയം കിട്ടുമ്പോള്‍ എന്‍റെ മറ്റുരണ്ടു ബ്ലോഗ്‌ കൂടി വായിക്കുമല്ലോ ..ഒന്നിന്‍റെ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു .മറ്റു ലിങ്കുകള്‍ ബ്ലോഗില്‍ കിട്ടും . http://mashitthullikal.blogspot.com/2010/11/blog-post.html

  ReplyDelete
 11. വായിച്ചു രഘു നാതിന്ന്റെ മാറ്റം അയാള്‍ അറിഞ്ഞില്ല നല്ല കഥ

  ReplyDelete
 12. നേരത്തെ കയ്യിലുള്ള ബി എഡ് ബിരുദം അവളെ ബഹളം കൊണ്ട് വിശാലമായ മറ്റൊരു ലോകത്ത് എത്തിച്ചു.

  നന്നായിട്ടുണ്ട്

  ReplyDelete
 13. നല്ല കഥ, നന്നായി പറഞ്ഞു. ഒരായിരം അഭിനന്ദനങ്ങള്‍

  ReplyDelete
 14. കഥയുടെ തുടക്കത്തിലെ വാചകങ്ങള്‍ തമ്മില്‍ ഒരു ചേര്‍ച്ചയില്ലായ്മ തോന്നി കൂടെ കുറച്ചു അക്ഷരതെറ്റുകളും ഉണ്ട് എന്നാലും കഥ പറയാന്‍ തിരഞ്ഞെടുത്ത രീതിയും ക്ലൈമാക്സ് വായനക്കാര്‍ക്ക് വിട്ടുകൊടുക്കുന്ന ശൈലിയും അഭിനന്ദിക്കാതെ വയ്യ ...എല്ലാ വിധ ആശംസകളും!!!

  ReplyDelete
 15. ഹെന്ത്!
  ഞാനിത് വായിച്ചതാണല്ലോ..
  ഞാനിവിടെ കമന്റ് ഇട്ടതാണല്ലോ..
  ആരാ കണ്ണൂരാന്റെ കമന്റ് മുക്കിയത്!

  (ഒന്നൂടെ പറയട്ടെ, നല്ല ഒതുക്കത്തില്‍ പറഞ്ഞിരിക്കുന്നു. ഇനിയം വരും)

  ReplyDelete
 16. കഥ വളരെ നന്നായിട്ടുണ്ട് . അഭിനന്ദനങ്ങള്‍

  ReplyDelete
 17. വീട്ടില്‍ ഒരു മുഖവും .. സമൂഹത്തില്‍ മറ്റൊരു മുഖവും ..
  ഇത്തരം വിഭിന്ന മുഖക്കാര്‍ ധാരാളം .
  അപ്പോള്‍ സുഹൃത്ത് പറഞ്ഞു വന്ന കാര്യങ്ങള്‍
  സ്വന്തം ഭര്‍ത്താവിന്റെത് തന്നെ ആകണം .

  കഥ നന്നായി . ഇവിടെ ആദ്യമാണ് . ഇനിയും വരാം

  ReplyDelete
 18. കഥ നന്നായിട്ടോ ടീച്ചര്‍.കഥ വിജയിക്കുന്നത് പലപ്പോഴും ക്രാഫ്റ്റിന്‍റെ വിജയത്തിലാണ്.ക്രാഫ്റ്റ് മാത്രം കഥയെ വിജയിപ്പിക്കുകയുമില്ല.ഈ കഥയില്‍ ശില്പഭദ്രത മാത്രമല്ല വിഷയവുമുണ്ട്.ഇനിയുമിനിയും എഴുതൂ..
  വായിക്കാന്‍ വൈകിയതിന് ക്ഷമാപണം.

  ReplyDelete
 19. പറയാനുള്ളതും മനസിലുള്ളതും നന്ദി മാത്രം. ഈ നല്ല വാക്കുകളാണ് തളരാതെ എഴുതാന്‍ പ്രചോദനം ആവുന്നത്. എല്ലാവര്ക്കും നന്ദി.

  ReplyDelete
 20. കഥ നന്നായിട്ടുണ്ടെന്ന് ഞാൻ പറയേണ്ടതില്ല. സുസ്മേഷിനെപ്പൊലെയുള്ള വലിയ എഴുത്തുകാർ അഭിനന്ദിയ്ക്കുന്നതു വായിച്ചാൽ അറിയാമല്ലോ.
  അഭിനന്ദനങ്ങൾ....ഇനിയും ധാരാളം എഴുതു.

  ReplyDelete
 21. വര്‍ഷങ്ങളോളം ഒരുമിച്ചു ജീവിച്ചിട്ടും സന്തോഷം അനുഭവിക്കാതെ കാര്യങ്ങള്‍!! പരസ്പരം മനസിലാക്കാതെയുള്ള ഇതേപോലുള്ള ജീവിതങ്ങള്‍ കുറെ കണ്ടിട്ടുണ്ട് ഞാനും .. ആര്‍ക്കോ വേണ്ടി ജീവിതം ജീവിച്ചു തീര്‍ക്കുന്നവര്‍. എന്തിനിങ്ങനെ ജീവിക്കണം .... നല്ല കഥ മിനി ... നന്നായി പറഞ്ഞു...

  ReplyDelete
 22. കഥയും കഥ പറഞ്ഞ രീതിയും വളരെ നന്നായി...

  ReplyDelete
 23. പുതുവത്സരാശംസകള്‍

  ReplyDelete
 24. നല്ല അവതരണം, നല്ല കഥ. അവസാനം നിർത്തിയത് ഇത്തിരി വേഗം കൂടിപ്പോയോന്നൊരു സംശയം.

  ReplyDelete
 25. നല്ല കഥ എന്ന് പറയാം. പക്ഷെ ശക്തി കുറഞ്ഞു പോയി എന്ന് ഒരു പരാതിയുണ്ട് . കഥയുടെ പകുതി വരെ വന്ന ഒഴുക്ക് മര്‍മ്മസ്ഥാനത്ത് വന്നപ്പോള്‍ കൈവിട്ടു. ജഗദീഷ് എന്നയാള്‍ വന്നു കഴിയുമ്പോള്‍ മൊത്തത്തില്‍ വിഭ്രമം സൃഷ്ട്ടിക്കുന്ന ഒരവസ്ഥ കൊണ്ടുവന്നിരുന്നെങ്കില്‍ ! പ്ലോട്ട് വളരെ നല്ലതായത്‌ കൊണ്ടാണ് ഇത്രയും പറഞ്ഞത്. അടുത്ത കഥ എഴുതുമ്പോള്‍ അറിയിക്കണേ.

  ReplyDelete
 26. നന്നായി പറഞ്ഞു..
  നന്‍മകള്‍ നീരുന്നു.. പുതുവത്സരാശംസകളും..

  ReplyDelete
 27. എന്തോ എവിടെയോ കൊളുത്തി വലിച്ച പോലെ....ഏകാന്തമായ ഒരു സ്ത്രീ ജീവിതത്തിന്റെ കാല്‍പനിക നിറമാര്‍ന്ന വിവരണം....

  ReplyDelete
 28. ഒരു കഥയുടെ ഒരു രംഗം സുന്ദരമായി കാണിച്ചു. അയാൾ വന്നപ്പോൾ എന്തൊക്കെയോ പ്രതീക്ഷിച്ചു. ഒരു ചോദ്യം കൊടുത്ത് ഒരു രംഗംകൂടി കാണിക്കാമായിരുന്നു എന്ന തോന്നൽ. kanakkoor
  പറഞ്ഞതുപോലെ...... ‘...അന്ന് ശിവയ്ക്ക് കരയാൻ സമയം കിട്ടിയില്ല, സമയം കിട്ടിയപ്പോൾ കരച്ചിൽ വന്നതുമില്ല....’ ആ മനസ്സിനെ ഭാവം സ്ഫുടതയാർന്നതാക്കി.

  ReplyDelete
 29. കണക്കൂര്‍, ഇനി ശ്രദ്ധിക്കാം. നന്ദി.. നന്നാക്കാന്‍ ശ്രമിക്കാം.

  ReplyDelete
 30. കഥ ഒഴുക്കോടെ പറഞ്ഞിരിക്കുന്നു .ഇനിയും പുതിയ കഥകള്‍ പ്രതീക്ഷിക്കുന്നു .

  ReplyDelete
 31. വളരെ നന്നായിട്ടുണ്ട് കേട്ടോ ... ഇനിയും പുതിയ ആശയങ്ങള്‍ വരട്ടെ എന്ന് ആശംസിക്കുന്നു

  ReplyDelete
 32. കഥാപാത്രങ്ങളെ കുറിച്ചു എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. അങ്ങിനെതന്നെയല്ലേ ഈ കഥ നിര്‍ത്തിയത്. അഭിനന്ദനങ്ങള്‍ ഈ നല്ല കഥക്ക്..

  ReplyDelete
 33. അയാള്‍ ആരെ തേടിയാണ് വന്നത്?
  പൂര്‍ണതക്ക് കഥയെ വായനക്കാര്‍ക്ക് വിട്ടുകൊടുക്കുന്നതാണ് നല്ലത്.

  ReplyDelete
 34. എല്ലാവര്ക്കും നന്ദി.

  ReplyDelete