Follow by Email

April 08, 2012

ഹൃദയപ്പച്ചകള്‍

                 എന്‍റെ മനസ്, മണലെടുത്തു പോയ കുഴികളില്‍ നിന്ന് പുറത്തുചാടാനാവാതെ വീര്‍പ്പുമുട്ടുന്ന പുഴ പോലെ  ഉഴറിനിന്നപ്പോഴാണ്, ആ നിയോഗം എന്നിലേക്ക് സമയമായി എന്ന് പറഞ്ഞുകൊണ്ട് കടന്നുവന്നത്. സത്യത്തില്‍ അതിനു വേണ്ടിയുള്ള ഒരുക്കങ്ങളിലായിരുന്നു  ഏറെക്കാലമായി എന്‍റെ ജീവിതം എന്ന് പിന്നീട് എനിക്ക് തോന്നിപ്പോയിട്ടുണ്ട്. ഭാവനയും, ഭ്രമവും, വിഡ്ഢിത്തവും നിറഞ്ഞ സങ്കല്‍പ്പലോകത്ത് കുരുങ്ങി മരിച്ചു പോവുമായിരുന്ന സര്‍ഗാത്മകത പൊടിച്ചുവന്നു. എനിക്കറിയാം, മഹാവൃക്ഷങ്ങള്‍ക്കിടയില്‍ അതൊരു പുല്‍നാമ്പ് മാത്രമാണെന്ന്. എങ്കിലും പരാതിയില്ല, അപകര്‍ഷതബോധവുമില്ല. പുല്‍നാമ്പിനും  അതിന്‍റെതായ പച്ചപ്പും, ചന്തവുമുണ്ടല്ലോ.
                       ജീവിതത്തില്‍ രണ്ടു തരം മനുഷ്യരുണ്ടെന്നു എനിക്ക് തോന്നിയിട്ടുണ്ട്. സ്വയം ലോകത്തിന്‍റെ കേന്ദ്രമാണെന്ന് കരുതി, ഈ ലോകം മുഴുവന്‍ തനിക്കായി സൃഷ്ടിക്കപ്പെട്ടതാണ് എന്ന മട്ടില്‍ കഴിയുന്നവര്‍. തന്‍റെ ശരിയാവണം ലോകത്തിന്‍റെ ശരി എന്ന് ശാട്യം പിടിച്ച്, ലോകത്തോട് മുഴുവന്‍ പരാതിയും, പരിഭവവുമായി കഴിയും ഇവര്‍. താനൊഴിച്ച് മറ്റുള്ളവര്‍ എല്ലാവരും ശത്രുക്കള്‍ ആണെന്ന് ഇവര്‍ ധരിക്കും. ഏറ്റവും ദുര്‍ബലരായിരിക്കും ഇവര്‍. അടുത്ത കൂട്ടര്‍ ലോകത്ത് താനാരുമല്ല എന്ന മട്ടില്‍ നടക്കുന്നവരാണ്. അവരെ സംബന്ധിച്ചിടത്തോളം  ലോകം എങ്ങനെ ആയാലും ഒന്നുമില്ല. പരാതിയും, കുറ്റപ്പെടുത്തലും,പരിഭവവുമില്ലാതെ ലോകത്തെ മനസ്സിലാക്കും അവര്‍. അവര്‍ ചെയ്യുന്നത് മറ്റുള്ളവര്‍ തിരിച്ചറിയണമെന്ന നിര്‍ബന്ധവുമില്ല. മാനസികമായി ഏറ്റവും ശക്തരായിരിക്കും ഇവര്‍. ആദ്യത്തെ കൂട്ടര്‍ അഹങ്കാരികള്‍ ആണെങ്കില്‍, അഹംബോധം കൂടുതല്‍  രണ്ടാമത്തെ കൂട്ടര്‍ക്കായിരിക്കും. എന്തിനാണ് ഞാന്‍ മനുഷ്യരെ ഇങ്ങനെ വിലയിരുത്തുന്നത്? ഞാനും നീയും ഏതു വിഭാഗത്തില്‍ പെടുമെന്ന് തിരിച്ചറിയുകയാവാം. ജീവിതം മടുത്തു എന്നും എനിക്ക് എന്നോട് പുച്ഛമാണെന്നും ഞാനിപ്പോള്‍ പറയാറില്ല. ബാലിശമായ എന്‍റെ ചപലതകളും, ദുര്‍വാശികളും, അപകര്‍ഷതാബോധത്തില്‍ നിന്നുണ്ടായ അഹങ്കാരവും കണ്ണാടിയില്‍ നിന്നെന്ന പോലെ നിന്നില്‍ നിന്നും ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. ഞാന്‍ നാണിച്ചുപോയി അപ്പോഴൊക്കെ. എന്നാലും ഞാന്‍ എന്നെ വെറുത്തില്ല. കാരണം ഏറ്റവും സാധാരണ സാഹചര്യങ്ങളുള്ള, അസാധാരണമെന്നു പറയാന്‍ ഒന്നുമില്ലാത്ത ഒരു മനുഷ്യജീവിയായിരുന്നു ഞാന്‍. എന്നിട്ടും ഞാന്‍ എന്നെ സ്വയം പരിഹസിച്ചില്ല. എന്തൊക്കെ പറഞ്ഞാലും ഞാന്‍ ഞാനാണ്. അത് അംഗീകരിച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് ലോകത്തോടോ, ജീവിതത്തോടോ ഒരു പരാതിയും തോന്നിയില്ല. എന്നെ ഞാന്‍ തിരിച്ചറിഞ്ഞപ്പോള്‍, ഞാന്‍ ഒന്നുമല്ലെന്ന് മനസ്സിലാക്കിയപ്പോള്‍ നിന്‍റെ ലോകത്ത് നിന്ന് ഓടിയൊളിക്കാന്‍ ഞാന്‍ കൊതിച്ചു. പക്ഷെ ഒരു സ്ഥലവും നിന്‍റെ ലോകമല്ലാത്തതായി ഉണ്ടായിരുന്നില്ല.
                             ഏപ്രില്‍ മാസത്തിലെ ഒരു തിളയ്ക്കുന്ന പകലില്‍, നമ്മള്‍ നഗരമധ്യത്തില്‍ വെച്ച് കണ്ടുമുട്ടി. എന്തൊരു തെളിച്ചമായിരുന്നു അപ്പോള്‍ ചുറ്റുമുള്ള ലോകത്തിനു! എന്‍റെ അഹങ്കാരം അഹംബോധത്തിലേക്ക് ഒരു ചുവടു വെച്ചു.നമുക്കിടയിലുള്ളതിനെ, പ്രണയമെന്നോ , പ്രേമമെന്നോ, സൌഹൃദമെന്നോ, സാഹോദര്യമെന്നോ ഒക്കെയുള്ള കേവലവാക്കുകളുടെ ചട്ടക്കൂടിനുള്ളില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന എന്‍റെ വിഡ്ഢിത്തം അറിയുകയായിരുന്നു ഞാനപ്പോള്‍. വേര്‍പിരിയലിനും, കണ്ടുമുട്ടലിനും നമുക്കിടയില്‍ ഒരു പ്രസക്തിയുമില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വിട്ടുകൊടുക്കലിനും, സ്വന്തമാക്കലിനും ഒരു സ്ഥാനവുമില്ല എന്നും. അനാവശ്യമായ ആകുലതകളും, സന്ദേഹങ്ങളും കൊണ്ട് സ്വയം തീര്‍ത്ത പ്യൂപ്പയില്‍ നിന്ന് ഒരു ശലഭമായി ഞാന്‍ ആഹ്ലാദിച്ചുപറന്നുയര്‍ന്നു. തീവണ്ടിപ്പാത പോലെ സമാന്തരമായിക്കൊള്ളട്ടെ നമ്മുടെ ജീവിതങ്ങള്‍. പക്ഷെ മലയും പുഴയും, മണലാരണ്യവും താണ്ടുന്നത് നാം ഒരുമിച്ചായിരിക്കുമല്ലോ. ലോകത്തോടുള്ള നിലയ്ക്കാത്ത കൌതുകവുമായി നീ നടന്നുപോയി അന്ന്. ഞാന്‍ അത് ഏറെ നേരം നോക്കിനിന്നു. ഞാനങ്ങനെ നോക്കുന്നത് ഒരുപക്ഷെ നിനക്ക് ഇഷ്ടപ്പെടുകയില്ല എന്നെനിക്കറി യാമായിരുന്നു. ചിലപ്പോഴൊക്കെ നീ കടന്നുപോയിക്കഴിഞ്ഞാല്‍ എന്‍റെ ലോകം ശൂന്യമാവുമായിരുന്നു. എന്‍റെ കണ്ണ് നിറയുകയും ചെയ്യുമായിരുന്നു. എന്നാല്‍ നീ പോകുന്നുമില്ല, വരുന്നുമില്ല എന്ന് തിരിച്ചറിയാന്‍ ഞാനെത്ര വൈകി!നീ എപ്പോഴും അവിടെത്തന്നെ ഉണ്ടായിരുന്നു, ഞാനും, പിന്നെ നമ്മുടെ ലോകവും. നീ ഓര്‍ക്കുന്നുവോ ഒരു വിഷുത്തലേന്ന്  ഒരു കണിക്കൊന്നമരം ഒന്നാകെ, നമുക്ക് മുന്‍പില്‍ പെട്ടന്ന് പൂത്തുലഞ്ഞത്!!!