February 06, 2012

ചില വാര്‍ദ്ധക്യ ചിന്തകള്‍

                  വാര്‍ദ്ധക്യം ഒരു ഭീകരാവസ്ഥയായി കാണുന്ന ഒരു സുഹൃത്ത്‌ എനിക്കുണ്ട്. യൌവനം മുഴുവന്‍ നശിച്ചു കഴിഞ്ഞാല്‍ പിന്നെ എന്തിനു ജീവിക്കണം എന്നാണവര്‍ പറയുന്നത്. സത്യത്തില്‍ ഇത്രയും ഭീകരമാണോ വാര്‍ദ്ധക്യം? നമ്മുടെ സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. പക്ഷെ മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാന്‍ കഴിയാത്തവരാണ് ഏറെയും. പണ്ട് നമ്മള്‍ ഗോത്രങ്ങള്‍ ആയി താമസിച്ചു. കൃഷിയും വേട്ടയാടലും മാത്രമായിരുന്നു ഉപജീവനമാര്‍ഗ്ഗം. പിന്നീട് പതുക്കെ കൂട്ടുകുടുംബവ്യവസ്ഥിതി  വന്നു.അപ്പോഴും പ്രധാന ഉപജീവനമാര്‍ഗ്ഗം കൃഷി തന്നെയായിരുന്നു. കൃഷി എന്ന് പറയുമ്പോള്‍, ആരോഗ്യമുള്ളവര്‍ പ്രധാന പണികള്‍ എടുക്കുമ്പോള്‍ ആരോഗ്യം കുറഞ്ഞവരും, വയസായവരും  കൃഷിയോടനുബന്ധിച്ചുള്ള ഉപജോലികള്‍ ചെയ്തുവന്നു. കാലം മാറിയപ്പോള്‍ കൂട്ടുകുടുംബം അണുകുടുംബം ആയി മാറി. സ്ത്രീയും, പുരുഷനും ഒരുപോലെ ജോലിക്ക് പോകേണ്ടതായി വന്നു. പഠിക്കാന്‍ പ്രായമാവാത്ത കുട്ടികളും, വൃദ്ധരായ മാതാപിതാക്കളും ഒരു പ്രശ്നമായി.  ഇത്തരം പരിതസ്ഥിതികളില്‍ പലപ്പോഴും  പണം മാത്രമല്ല പ്രശ്നമാവുന്നത്. മക്കള്‍ക്ക്‌ നേരിട്ട് മാതാപിതാക്കളെ നോക്കാന്‍ കഴിയാത്ത സാഹചര്യങ്ങളാണ്. അത്തരം അവസരങ്ങളില്‍ മാതാപിതാക്കളെ വൃദ്ധസദനം പോലുള്ള സ്ഥാപനങ്ങളില്‍ ആക്കുന്ന മക്കള്‍ ക്രൂരതയുടെ പര്യായമായി മാറി. ഒരു വയസു പോലും തികയാത്ത കുഞ്ഞുങ്ങളെ ക്രഷിലാക്കുന്ന അമ്മമാരെ ആരും ക്രൂരകളെന്നു പറയാറില്ല. അതും ഒരു സാഹചര്യമാണ്.                                                         
                           മക്കളെ വളര്‍ത്തി, പഠിപ്പിച്ചു, ജോലിയാക്കി, ഇപ്പോള്‍ അവന്‍ തിരിഞ്ഞു നോക്കുന്നില്ല, എന്ന് എത്രയോ നമ്മള്‍ കേട്ടിരിക്കുന്നു. ചിലപ്പോഴെങ്കിലും ഇതിനൊരു മറുവശമില്ലേ ? മക്കളെ വളര്‍ത്തുന്നതും, പഠിപ്പിക്കുന്നതും അവരോടു അച്ഛനമ്മമാര്‍ ചെയ്യുന്ന ത്യാഗമാണോ? എല്ലാ ജീവികളിലും ജന്മം നല്‍കുന്ന കുഞ്ഞുങ്ങളോട് കരുതലും, വാല്സല്യവും ഉണ്ട്.മനുഷ്യരില്‍ നീണ്ടു നില്‍ക്കുന്ന ഈ സ്നേഹമാണ് ബന്ധങ്ങളെ നില നിര്‍ത്തുന്നത്. തന്റെ യൌവനത്തില്‍ ഒരു ജീവിതപങ്കാളിയെ ആഗ്രഹിക്കുകയും, കുടുംബമായി ജീവിക്കുകയും മക്കളുണ്ടാവുകയും ചെയ്യുന്നു. തനിക്കുണ്ടാവുന്ന മക്കള്‍, അവരുടെ ജനനം മുതല്‍ വിവിധഘട്ടങ്ങളിലൂടെ കടന്നു പോകുന്ന അവരുടെ വളര്‍ച്ച തരുന്ന സന്തോഷമല്ലേ യഥാര്‍ത്ഥത്തില്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ ഉണ്ടാവുന്ന സംതൃപ്തി ?  കുട്ടികള്‍ വളര്‍ന്നു പ്രാപ്തിയാവുമ്പോള്‍, വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളോട് സ്നേഹം തോന്നേണ്ടതുണ്ട്. മാതാപിതാക്കളോട് മാത്രമോ... തന്റെ സഹജീവിയോട്, തന്റെ സമൂഹത്തോട്, തന്റെ രാജ്യത്തോട്, ഈ ഭൂമിയോട്...  എന്നാല്‍ നിന്നെയൊക്കെ വളര്‍ത്തിയത്‌ നാളെ എന്നെ നോക്കാനാണ് എന്ന നിലയില്‍ പിടിച്ചുവാങ്ങേണ്ടതാണോ സ്നേഹം? തന്റെ വാര്‍ദ്ധക്യജീവിതം  സുരക്ഷിതമാക്കാനുള്ള "പെന്ഷന്‍സ്കീം " ആണോ മക്കള്‍? പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളെ  ആഗ്രഹിക്കുന്നവരുടെ മാനസികവികാരം ഇത് തന്നെയാണ്.                                                                               
                                  എവിടെ കണക്കുകളും, കടപ്പാടും തുടങ്ങുന്നോ അവിടെ സ്നേഹം മരിക്കുന്നു. പിന്നെയുള്ളത് വാങ്ങിയത് തിരിച്ചു കൊടുക്കാനുള്ള ഒരുതരം തത്രപ്പാടാണ്. നൊന്തു പ്രസവിച്ചതിന്റെ കണക്ക്, മുലപ്പാലൂട്ടിയതിന്റെ കണക്ക്, വളര്‍ത്തിയതിന്റെ കണക്ക്,... പഠിക്കാന്‍ ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുക്കുമ്പോള്‍ മുതല്‍ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ വരെ ഈ കണക്കുകള്‍ തല പൊക്കുന്നു. മകന്റെ അച്ഛന്‍ എന്ന സിനിമയില്‍  മകനെ പഠിപ്പിച്ചതിന്റെ കണക്ക് നിരത്തുന്ന ശ്രീനിവാസനോട് മകന്‍ ചോദിക്കുന്ന ചോദ്യമുണ്ട് " എന്നെ കോച്ചിങ്ങിനു അയയ്കാനും ഇത്ര പണം ചെലവാക്കാനും ഞാന്‍ പറഞ്ഞോ" എന്ന്. എത്ര പ്രസക്തം ആണത്. അച്ഛനമ്മമാരുടെ നിര്‍ബന്ധത്തിനു വഴങ്ങി എഞ്ചിനീയറിങ്ങിനു പോയി, ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്ന വിരക്തിയോടെ ഒരു പാലമോ, കെട്ടിടമോ കെട്ടിയാല്‍... അങ്ങനെ ഒരു മാനസികാവസ്ഥയില്‍ ഡോക്ടര്‍ ആയി ഓപ്പറേഷന്‍ നടത്തിയാല്‍.... അച്ഛനമ്മമാര്‍ക് വേണ്ടി ഇഷ്ടമില്ലാത്ത ജീവിതപങ്കാളിയോടൊത്ത് അസംതൃപ്തമായ വിവാഹജീവിതം നയിക്കേണ്ടി വരുന്നവരുടെ കാര്യമോ?
                    ഈ ലോകത്ത്  തനിക്ക് വേണ്ടി മാത്രം ജീവിക്കുന്നവര്‍ എത്ര പേരുണ്ട്? തനിക്ക് പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ജീവിക്കുമ്പോള്‍, അവരെ സ്നേഹിക്കുമ്പോള്‍, അവര്‍ക്ക് സന്തോഷം ഉണ്ടാവുമ്പോള്‍,അതിനു ചിലപ്പോഴൊക്കെ താനും കാരണമാവുമ്പോള്‍, നമുക്ക് സന്തോഷം ഉണ്ടാവുന്നില്ലേ.. അങ്ങനെ ചിന്തിക്കുമ്പോള്‍ എല്ലാവരും ജീവിക്കുന്നത് അവനവന് വേണ്ടി തന്നെയാണ്. സ്വന്തമായി വസ്ത്രം വാങ്ങി ധരിക്കുമ്പോള്‍  തോന്നുന്ന സന്തോഷതെക്കാള്‍ വലുതായിരിക്കും, ചിലപ്പോള്‍ തനിക്ക് പ്രിയപ്പെട്ടവര്‍ക്ക് വാങ്ങികൊടുക്കുമ്പോള്‍ ഉണ്ടാവുന്നത്. അച്ഛനമ്മമാര്‍ തനിക്ക് തന്ന സംസ്കാരം എന്തെന്ന് മനസ്സിലാക്കേണ്ടത് മക്കളാണ്. അത്തരം നല്ല സംസ്കാരം പകര്‍ന്നു നല്‍കപ്പെട്ട മക്കള്‍ അച്ഛനമ്മമാരോടെന്നല്ല, ആരോടും നീതികേട്‌ കാണിക്കുകയില്ല.
                               സമൂഹം മാറുകയാണ്. തലമുറകളുടെ വിടവ് കൂടുന്നു. അമ്പത്തഞ്ചോ അറുപതോ വയസില്‍ ജീവിതം അവസാനിക്കുന്നില്ല. എന്നാല്‍ സ്വന്തം മക്കള്കൊപ്പം പാഞ്ഞെത്താന്‍ കഴിഞ്ഞില്ലെന്നിരിക്കും. ജീവിതത്തില്‍ ചെയ്യനാഗ്രഹിച്ചതും, സമയം കിട്ടാത്തതിന്റെ പേരില്‍ മാറ്റി വെയ്ക്കപ്പെട്ടതുമായ പലതും കാണില്ലേ അപ്പോഴും. നമുക്ക് സ്നേഹിക്കാം... ആരോടും കണക്ക് പറയാതെ. ജീവിക്കാന്‍ മണ്ണ് തന്നതിന് ഭൂമി ആരോടും കണക്ക് പറയുന്നില്ല, ശുദ്ധവായുവും, തണലും, ഭക്ഷണവും തന്നതിന് മരങ്ങള്‍ ആരോടും കണക്കുകള്‍ പറയുന്നില്ല, വെളിച്ചം തന്നതിന് സൂര്യന്‍ ആരോടും കണക്ക് പറയുന്നില്ല... സ്നേഹിക്കുമ്പോള്‍,നമുക്ക് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോള്‍ നമുക്ക് കിട്ടുന്ന ആത്മസംതൃപ്തി തന്നെയാണ് ഏറ്റവും വലിയ പ്രതിഫലം. അത് തിരിച്ചറിയപ്പെടുന്നെങ്കില്‍ തിരിച്ചറിയപ്പെടട്ടെ... ഇല്ലെങ്കിലും നമുക്ക് സ്നേഹിക്കാം, നമ്മുടെ മക്കളെ, അച്ഛനമ്മമാരെ, ഈ സമൂഹത്തെ, പ്രകൃതിയെ, ഭൂമിയെ, നമ്മളെ തന്നെ.