Follow by Email

October 01, 2011

രാത്രികള്‍ എന്നോട് പറഞ്ഞത്

                          മഴയില്ലാത്ത രാത്രികളില്‍ എനിക്ക് ടെറസില്‍ കൂടി നടക്കാനിഷ്ടമാണ്. ചെറു കാറ്റ് വീശും അപ്പോള്‍. നിലാവില്ലെങ്കിലും നാട്ടു വെളിച്ചമുണ്ടാവും. വീടിനു  ചുറ്റുമുള്ള വാഴയുടെ ഇലകള്‍ എനിക്കടുത്തു എത്താന്‍ ഒന്ന് തല നീട്ടും. ആടുന്ന തെങ്ങോലകള്‍ ! അവയ്ക്കിടയിലൂടെ അമ്പിളിയെ കാണാം. വെളുത്തതും കറുത്തതുമായ മേഘങ്ങള്‍ ചാന്ദ്രവെളിച്ചതില്‍ കാണുമ്പോള്‍  പ്രകൃതി വരച്ച ഏറ്റവും മനോഹരചിത്രം  എന്ന് മനസ് പറയും. നടക്കാന്‍ മറന്നു നില്‍ക്കുമ്പോള്‍ ഞാനും ആ രാത്രിയില്‍ അലിഞ്ഞിരിക്കുന്നതായി തോന്നും.  ഓരോ രാത്രിയ്കും ഓരോ ഭാവമാണ്. പരിഭവത്തിന്റെ, പിണക്കത്തിന്റെ, പ്രണയത്തിന്റെ, വിരഹത്തിന്റെ, ചിലപ്പോള്‍ ശൂന്യതയുടെയും. രാത്രികളില്‍ ആകാശം നോക്കി യിരിക്കുമ്പോള്‍ മനസ് ശാന്തമാവും. ചില സങ്കടങ്ങള്‍ തന്നില്‍ തന്നെ അലിഞ്ഞില്ലാതായതായി  തോന്നും. ചില ആഹ്ലാദങ്ങള്‍ സമചിത്തതയോടെ നോക്കി കാണാനുമാവും.  ഞാന്‍ മാത്രമോര്‍ക്കുന്ന ചില ഓര്മതുണ്ടുകള്‍ മനസിലൂടെ കടന്നു പോകുന്നതും അപ്പോഴാണ്‌. 
                  എന്റെ ചെമ്പകം പൂത്ത കാര്യം ഞാനറിഞ്ഞത് അത്തരമൊരു രാത്രിയിലാണ്. എവിടെ നിന്നാണീ മണം വരുന്നത് എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു. സൂര്യവെളിച്ചത്തില്‍ ഇലകള്‍ക്കിടയില്‍ ഒളിച്ചിരിക്കുകയായിരുന്ന വെള്ളചെമ്പകങ്ങള്‍ ഞാനിവിടെയുണ്ടേ എന്ന് വിളിച്ചുകൂവി. അപ്പോള്‍ ഞാന്‍ നിന്നെ ഓര്‍ത്തു... നിനക്കിഷ്ടമാണല്ലോ ചെമ്പകങ്ങള്‍! ആ മണത്തിലും, ഓര്‍മ്മയിലും  സന്തുഷ്ടയായ ഞാന്‍ മുകളിലേക്ക് നോക്കി.എത്ര നോക്കിയാലും മതി വരാത്ത കാഴ്ച! നടത്തം നിര്‍ത്തി ഞാന്‍ ഒരു മൂലയിലിരുന്നു. അങ്ങനെ നോക്കിയാല്‍  ഏതെങ്കിലും നക്ഷത്രത്തെ ആവാഹിച്ചു വരുത്താന്‍ എനിക്ക് കഴിഞ്ഞേക്കുമെന്ന് പോലും  ഞാന്‍ കരുതി. പക്ഷെ ഞാന്‍ ആകാശത്തേയ്ക് ഉയരുന്നത് പോലെ... 
                        ചിലപ്പോള്‍ ഇരുട്ടുന്നതിനു മുന്‍പ് തന്നെ ഞാനെത്തും. എനിക്ക് മുന്നിലൂടെയാണ്‌ ഇരുളിന്റെ ചായം കലങ്ങുന്നത്‌. അങ്ങനൊരു സന്ധ്യാനേരതാണ് അടുത്ത വീടിന്റെ ടാങ്കില്‍ ഒരു കുഞ്ഞിപ്പക്ഷിയെ കണ്ടത്. അത് എനിക്ക് അറിയാത്ത ഭാഷയില്‍ കലപില പറയുന്നുണ്ടായിരുന്നു. ഇടയ്ക് ആധി കയറിയത് പോലെ തിരിഞ്ഞും മറിഞ്ഞും നോക്കുന്നുമുണ്ടായിരുന്നു. എല്ലാ പക്ഷികളും കൂടണയാന്‍ പോകുന്ന ഈ നേരത്ത് അത് ഇവിടെ എന്ത് ചെയ്യുകയാണെന്ന് ഞാന്‍ ആലോചിച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ മറ്റൊരു പക്ഷി പറന്നു വന്നു. അപ്പോള്‍ ആദ്യത്തെ പക്ഷി അല്‍പ്പമൊന്നു ശാന്തയായത് പോലെ തോന്നി.  ഇപ്പോള്‍ ആ കുഞ്ഞിപ്പക്ഷിയുടെ ഭാഷ എന്റെ മുന്നില്‍ ചുരുളഴിഞ്ഞു. ദിവസം മുഴുവന്‍ നീ  വിളിക്കാതെയും, നിന്നെ  കാണാതെയും ഇരിക്കുമ്പോള്‍  ഞാന്‍ കാണിക്കുന്ന വെപ്രാളമല്ലേ അവള്‍ കാണിച്ചത്. താമസിയാതെ അത് രണ്ടും എങ്ങോട്ടോ പറന്നു പോയി. ഈ രാത്രി സുഖമായി ഉറങ്ങാന്‍ ഈ കാഴ്ച മതി എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ ഭൂമിയിലേക്ക്‌ മടങ്ങി.    

19 comments:

 1. രാത്രികള്‍ എന്നോട് പറഞ്ഞത് നല്ല പോസ്റ്റാണ്.രസകരമായ വായന തന്നു.നന്ദി.

  ReplyDelete
 2. അവസ്ഥകള്‍ കാഴ്ച്ചയിലെക്കും താരതമ്യത്തിലേക്കും പിന്നെ തിരിച്ചറിവിലേക്കും
  നല്ല എഴുത്ത് ...

  ReplyDelete
 3. നന്ദി, സുസ്മേഷ്.. ഈ വാക്കുകള്‍ കൂടുതല്‍ എഴുതാനും നന്നാക്കാനുമുള്ള ഊര്‍ജമാണ്. നാരദന്‍, നന്ദി , ഈ പ്രോത്സാഹനത്തിന്.

  ReplyDelete
 4. രാത്രികള്‍ ക്ക് പല ഭാവങ്ങള്‍ ആണ് ചെമ്പകം മണം രാത്ത്രിയില്‍ എത്തിയാല്‍ അതിനൊരു വശ്യത ഉണ്ട് ആ വശ്യത ഈ ആഖ്യാനത്തിലും ഉണ്ട്
  ഇനി പോസ്റ്റിടുമ്പോള്‍iylaseri@gmail.com ഇതിലേക്ക് ഒന്ന് മെയില്‍ ചെയ്യുമല്ലോ

  ReplyDelete
 5. കൊമ്പന്‍ നന്ദി. തീര്‍ച്ചയായും അറിയിക്കാം .

  ReplyDelete
 6. ശരിയാണ്. ഓരോ രാത്രിയും ഓരോ ഭാവമാണ്.നല്ല പോസ്റ്റ്

  ReplyDelete
 7. "അങ്ങനെ നോക്കിയാല്‍ ഏതെങ്കിലും നക്ഷത്രത്തെ ആവാഹിച്ചു വരുത്താന്‍ എനിക്ക് കഴിഞ്ഞേക്കുമെന്ന് പോലും ഞാന്‍ കരുതി."
  വാക്കുകളിലേക്ക് നക്ഷത്രങ്ങളെ ആവാഹിക്കാനും ചമ്പകപ്പൂവിന്റെ സുഗന്ധം പടർത്താനും കഴിയട്ടെ എന്നാശംസിക്കുന്നു.
  നല്ല രചന.
  "ഈ രാത്രി സുഖമായി ഉറങ്ങാന്‍ ഈ കാഴ്ച മതി"
  "ഞാന്‍ ഭൂമിയിലേക്ക്‌ മടങ്ങി."
  ഈ വരികൾക്ക് ഒരുപാടു നന്ദി

  ReplyDelete
 8. രാത്രിയുടെ ചന്തം പറഞ്ഞാല്‍ തീരില്ല. നന്ദി കുസുമം, നന്ദി ഷാജി.

  ReplyDelete
 9. പോസ്റ്റ്‌ ഇഷ്ടായി...
  (ഇവിടെ ഫോളോവര്‍ ഗാഡ്ജറ്റ് കണ്ടില്ലല്ലോ ! ഞാന്‍ മുന്‍പ് ഒരു മെയില്‍ അയച്ചിരുന്നു... കിട്ടിയില്ലെന്ന് തോന്നുന്നു !)

  ReplyDelete
 10. പ്രിയപ്പെട്ട മിനി,
  വളരെ മനോഹരമായി രാത്രിയുടെ ചന്തവും ചമ്പകപൂക്കളുടെ സൌരഭ്യവും നിലാവിന്റെ കുളിര്‍മയും നല്‍കിയതില്‍ നന്ദി !അഭിനന്ദനങ്ങള്‍!

  സസ്നേഹം,
  അനു

  ReplyDelete
 11. ലിപി, അനു, വന്നതിനു നന്ദി, സന്തോഷം, വീണ്ടും കാണാം.

  ReplyDelete
 12. Teachere...., Valare manoharamayi ezhuthi....

  ReplyDelete
 13. ആഹാ..!ടീച്ചറ് മേളിലേക്കു പറന്നു തുടങ്ങിയല്ലോ..!!

  “...ഓരോ രാത്രിയ്കും ഓരോ ഭാവമാണ്. പരിഭവത്തിന്റെ, പിണക്കത്തിന്റെ, പ്രണയത്തിന്റെ, വിരഹത്തിന്റെ, ചിലപ്പോള്‍ ശൂന്യതയുടെയും....!”

  അസ്സലായി എഴുതീട്ടോ..
  ഇനിയും ഇങ്ങനെ പറന്നു കളിക്കട്ടെ മനസ്സ്..!

  ഒത്തിരിയാശംസകളോടെ...പുലരി

  ReplyDelete
 14. വളരെ കാല്പ്പനികമായി ഒരു പക്ഷിയെ കാണിച്ചു തന്നു.അതിലൂടെ എഴുത്തു കാരിയുടെ മാനസിക വ്യഥകളുടെ സുഖവും , ദുഖവും വായനക്കാരിലേക്ക് നിറച്ചു.കൊച്ചു മലയാളത്തില്‍ തൊടികളില്‍ കൂട് കൂട്ടുന്ന കിളികളെ ഞാന്‍ കണ്ടിട്ടുണ്ട്.അതിനും ഉണ്ട് ഒരു കാല്‍പ്പനിക പരിവേഷം. എന്നാല്‍ ഒരു വ്യവസായ നഗരത്തില്‍ കമ്പിയും ,പ്ളാസ്റിക് വസ്തുക്കളും കൊണ്ട് വലിയ ഇരുമ്പ് സ്തൂപത്തില്‍ കൂട് കൂട്ടുന്ന ഒരു പക്ഷിയെ ഞാന്‍ കണ്ടു. മനസ്സില്‍ വേദന തോന്നി.

  ReplyDelete
 15. ഓര്‍മ്മകള്‍ നന്ദി. പ്രഭന്‍ കൃഷ്ണന്‍ , മനസ് കൊണ്ടെങ്കിലും ഒന്ന് പറന്നു നോക്കട്ടെ. അബ്ദുല്‍ നിസ്സാര്‍ , ആധുനികയുഗത്തില്‍ പക്ഷികള്‍ക്ക് അങ്ങനെയും കൂടുണ്ടാക്കേണ്ടി വരും അല്ലെ.

  ReplyDelete
 16. "ഓരോ രാത്രിയ്കും ഓരോ ഭാവമാണ്. പരിഭവത്തിന്റെ, പിണക്കത്തിന്റെ, പ്രണയത്തിന്റെ, വിരഹത്തിന്റെ, ചിലപ്പോള്‍ ശൂന്യതയുടെയും. രാത്രികളില്‍ ആകാശം നോക്കി യിരിക്കുമ്പോള്‍ മനസ് ശാന്തമാവും. ചില സങ്കടങ്ങള്‍ തന്നില്‍ തന്നെ അലിഞ്ഞില്ലാതായതായി തോന്നും. ചില ആഹ്ലാദങ്ങള്‍ സമചിത്തതയോടെ നോക്കി കാണാനുമാവും...."

  ഇത്ര ഭംഗിയില്‍,ഇത്ര ലളിതമായി എങ്ങനെ എഴുതുന്നു.ഞാനൊക്കെ ഭാഷയില്‍ മുടന്തുകയാണ്.
  എന്നും നന്മകള്‍.

  ReplyDelete
 17. വളരെ ലളിതസുന്ദരമായി പറഞ്ഞിരിക്കുന്നൂ..

  പിന്നെ ഈ വാക്ക് തിട്ടപ്പെടുത്തൽ അഭിപ്രായപ്പെട്ടിയിൽ നിന്നും എടുത്തുകളയൂ..കേട്ടൊ മിനി

  ReplyDelete
 18. ചെറിയ ഒരു കാര്യം എഴുത്ത് കൊണ്ട് ഭംഗിയാക്കി...

  അഭിനന്ദനങ്ങള്‍..

  ReplyDelete
 19. എന്തൊക്കെയോ നഷ്ടമായതുപോലെ....

  ReplyDelete