Follow by Email

March 28, 2012

ലാവ


                 അയാള്‍ മദ്യപിക്കാറുണ്ട്. ബീഡി ഇടയ്ക്കൊക്കെ വലിക്കും. ജീവിതത്തില്‍ വലിയ ധാര്മികബോധത്തിന്‍റെ ആവശ്യമുണ്ടെന്നു ഇന്നുവരെ തോന്നിയിട്ടില്ല. ഇരുമ്പ് കൊണ്ട് കത്തി, വാക്കത്തി എന്നിങ്ങനെയുള്ള സാധനങ്ങള്‍ ഉണ്ടാക്കുന്ന കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആണ്. ആ പേരില്‍ മാത്രമേ വലിപ്പത്തരം ഉള്ളു. പല ജോലികളും അയാള്‍ക്കെടുക്കേണ്ടി വന്നിട്ടുണ്ട്. ഇരുമ്പ് ഉരുക്കി തീ നിറത്തില്‍ കോരിയോഴിക്കുന്നത് കാണുമ്പോള്‍ ഉള്ള കൌതുകം ഇന്നും ഉണ്ടയാള്‍ക്ക്. എന്തൊരു നിറമാണത്! തീയും സ്വര്‍ണവും കൂടിച്ചേര്‍ന്ന നിറം.ഈ ഭൂമിയില്‍ അയാള്‍ക്ക്‌ ഏറ്റവും ആകര്‍ഷകമായി തോന്നിയ കാഴ്ച!
                                കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് അയാളെ ഭ്രമിപ്പിച്ച ഏറെ കാര്യങ്ങള്‍ ഉണ്ടായിരുന്നു. വെളുത്ത കൈത്തണ്ടയിലെ കരിവളകള്‍, വൈകുന്നേരം അഞ്ചു മണിക്ക് വീട്ടിനടുത്തെ ബസ്സ്‌സ്റ്റോപ്പില്‍ എത്തുന്ന രമബസ്സിന്റെ ഹോണ്‍, വാടിയ ജമന്തിയുടെയും, സ്ത്രീവിയര്‍പ്പിന്റെയും കൂടിക്കുഴഞ്ഞ മണം. അന്നയാളുടെ മനസ്സും ഉരുക്കിയൊഴിച്ച തീ നിറത്തിലുള്ള ലാവ പോലെ ആയിരുന്നു. എങ്ങനെ വേണമെങ്കിലും മാറാനും മാറ്റാനും തയ്യാറായിരുന്ന പുതുമനസ്സ്! ഇന്നത്‌ കറുത്ത് ദൃഡമായിരിക്കുന്നു. ഒരു പക്ഷെ  അതിന്‍റെ വക്കും മൂലയും തേഞ്ഞിരിക്കുകയും ചെയ്യുന്നു. ഇരുട്ടിയിട്ടും വീട്ടിലേക്കു പോകാന്‍ അയാള്‍ക്ക്‌ തോന്നിയില്ല. വിശ്വേട്ടന്റെ ടൈലര്‍ഷോപ്പിനു മുന്നില്‍ അങ്ങനെ ഏറെ നേരം നില്‍ക്കും. എട്ടുമണി എന്കിലുമാവാതെ വീട്ടില്‍ പോയി എന്ത് ചെയ്യാനാണ് ? പരാതിയും ചുമയും ഒരുപോലെ പുറത്തേയ്ക്ക് വമിക്കുന്ന ഭാര്യയെ ഓര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ ഓക്കാനം വന്നു. മുഷിഞ്ഞതും കരിമ്പുള്ളികള്‍ പറ്റിയതുമായ അടിപ്പാവാട കാണാവുന്ന വിധത്തില്‍ സാരി മുകളിലേക്ക്  കുത്തി വെച്ച് പാറിപ്പറന്ന തലമുടിയുമായി അവള്‍ വരുന്നത് കാണുമ്പോള്‍ തന്നെ അയാള്‍ക്ക്‌  താന്‍ കഴിച്ച മദ്യത്തിന്‍റെ ലഹരി നിശ്ശേഷം നഷ്ടപ്പെട്ടതായി തോന്നും.
                                      മുട്ടോളം എത്തുന്ന യുണിഫോം പാവാടയിട്ട് കോല്പോലെ കൈകാലുകളുള്ള മകള്‍ എവിടെയെങ്കിലും പുസ്തകവുമായി പതുങ്ങുന്നത് കാണാം. അവളോടും പ്രത്യേകിച്ച് ഒന്നും തോന്നിയിട്ടില്ല. അവളെ പ്രസവിച്ചു കണ്ടപ്പോള്‍, ആണ്കുട്ടിയാവാത്തതിനാല്‍  അയാള്‍ സങ്കടപ്പെട്ടിട്ടുണ്ട്. അതെന്തിനായിരുന്നു ആ സങ്കടമെന്ന് ഇന്നാലോചിക്കുമ്പോള്‍ അതിനു യാതൊരു ഉത്തരവുമില്ല.
                                           ചുമ, തുമ്മല്‍, ശ്വാസംമുട്ടല്‍ , മരുന്നുകളുടെ മണം, മഴക്കാലത്തെ വലിവ്,പിന്നെ കുറെ പ്രാകല്‍- അതാണയാള്‍ക്ക് ഭാര്യ. അതായതുകൊണ്ടാണ് അയാള്‍ക്ക്‌ അഞ്ചു സെന്റ്‌ സ്ഥലം കിട്ടിയത്. അതില്‍ വീട് പണിയാനും ഭാര്യവീട്ടുകാര്‍ നിര്‍ലോഭം സഹായിച്ചിട്ടുണ്ട്. കുടിച്ചുവന്ന രാത്രികളിലെ ബോധംകെട്ട ചെയ്തികളുടെ ഫലം, ഭാര്യയുടെ തനിപ്പകര്‍പ്പായ മകള്‍. ഇടയ്ക്കവള്‍ ചുമയ്ക്കുമ്പോള്‍ മാത്രം അയാളൊന്നു ഞെട്ടും.
                        വിശ്വേട്ടന്റെ ടൈലര്‍ഷോപ്പിനു മുമ്പില്‍ അയാളെ പോലെ കഠിനമായ ജോലികള്‍ ചെയ്തു തളര്‍ന്നവര്‍ ഒരുപാട് വരും. നാട്ടിലെയും, രാഷ്ട്രീയത്തിലെയും എല്ലാ മാറ്റങ്ങളും വിശേഷങ്ങളും അയാള്‍ക്ക്‌ അവിടെ വെച്ച് കിട്ടും. അതൊരു ആശ്വാസനേരമാണ്. അതും കഴിഞ്ഞാണ് വീട്ടിലേക്കു മടക്കം. അയാള്‍ ബീഡി ആഞ്ഞുവലിച്ചു .
    "രഘൂ.... നീ ഇപ്പോഴും ഇവിടെ നിക്ക്വാ... ? എടാ.. ആ പെണ്‍കുട്ടി വീട്ടില്‍ തനിച്ചല്ലെട.. ഭാര്യ മരിച്ചിട്ട് ഇത്രയല്ലേ ആയുള്ളൂ... മതി.. പോ..പോ.."
വിശ്വേട്ടനാണ്. മറുത്തുപറയാന്‍ തോന്നിയില്ല.ഭാര്യ മരിച്ചിട്ട് ഒരു മാസം ആകുന്നേയുള്ളൂ. മനംപിരട്ടുന്ന ആ ഓര്‍മ്മ ഇല്ലെങ്കിലും അയാള്‍ക്ക്‌ വീട്ടിലേക്കു പോകാന്‍ തോന്നുന്നില്ല. മകള്‍ തനിച്ചാണ് എന്നോര്‍ക്കാതെയല്ല. അവളോട്‌ അയാള്‍ക്ക്‌ ഒരു ദയവ് തോന്നുന്നുണ്ട്. പതിനാലു തികയാത്ത ആ മെലിഞ്ഞ പെണ്‍കുട്ടി എന്തുചെയ്യുമെന്നോര്‍ത്ത്.
                        അയാള്‍ ഇരുട്ടത്ത്‌ നടന്നു. ഭാര്യ ഉള്ളപ്പോള്‍ ഉമ്മറവാതില്‍ അടയ്ക്കാറില്ല. ഗേറ്റില്‍ നിന്നേ ചുമ കേള്‍ക്കാം. അയാള്‍ അടച്ച വാതിലില്‍ തട്ടി. മകള്‍ വാതില്‍ തുറന്നു. ഏതോ അപരിചിതനെ നോക്കുംപോലെയാണ് അവള്‍ അയാളെ നോക്കുന്നത്. മകള്‍ വിളമ്പിവെച്ച ഭക്ഷണം അയാള്‍ കഴിച്ചു. ഭാര്യ ഉള്ളപ്പോഴും അവള്‍ക്കു ധാരാളം പണികള്‍ ഉണ്ടായിരുന്നു.
                         അയാള്‍ കട്ടിലില്‍ കയറി കിടന്നു. മകളും ഭാര്യയും വേറെ മുറിയിലാണ് കിടകാറ്. ഭാര്യയുടെ ചുമ ഇടയ്ക്കിടയ്ക്ക് കേള്‍ക്കാമായിരുന്നു. ഉറക്കത്തില്‍ നിന്ന് ഇടയ്ക്കുണരുമ്പോള്‍ അയാള്‍ പല്ല് കടിയ്ക്കും.
                     "പണ്ടാരം.... ചാവുന്നൂല്ല.."
ഇപ്പോള്‍ ഈ നിശബ്ദതയില്‍ അയാള്‍ക്ക്‌ ഉറങ്ങാന്‍ കഴിയാതെ വരുന്നു. എണീറ്റിരുന്ന് ബീഡി വലിച്ചു. മകള്‍ മുന്‍വാതില്‍ അടച്ചു കിടന്നു കാണണം. അയാള്‍ക്ക്‌ വല്ലാത്ത വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു. മകള്‍ കിടന്നിരുന്ന മുറിയില്‍ നിന്ന് അവളുടെ ചുമ കേട്ടു. അയാള്‍ മുറിയുടെ വാതില്‍ക്കല്‍ നിന്ന് മകളെ നോക്കി. അവള്‍ കിടക്ക വിരിച്ചു ശരിയാക്കുകയാണ്. മകളുടെ മെലിഞ്ഞ മുഖം കണ്ടപ്പോള്‍ അയാള്‍ക്ക്‌ അലിവ് തോന്നി.
                          " തങ്കം"    അയാള്‍ അവളുടെ തോളില്‍ കൈവെച്ച് വിളിച്ചു. പിച്ചവെച്ചു നടക്കുമ്പോള്‍ എന്നോ അയാള്‍ വിളിച്ച വിളി. പിന്നെയൊക്കെ പെണ്ണെന്നായിരുന്നു അയാള്‍ വിളിച്ചു കൊണ്ടിരുന്നത്. മകള്‍ തിരിഞ്ഞ് അയാളെ നോക്കി. അച്ഛന്‍റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ബീഡി വലിച്ചിട്ടാണ് എന്നവള്‍ക്ക് തോന്നി. മദ്യത്തിന്‍റെ മണമില്ലാഞ്ഞിട്ടും, അവളുടെ കണ്ണുകളില്‍ നിന്നുതിര്‍ന്ന സംശയത്തിന്‍റെ മൊട്ടുസൂചികള്‍ അയാളില്‍ വന്നു തറച്ചു. മുഖം താഴ്ത്തി അയാള്‍ മുറിയിലേക്ക് തിരിച്ചു വന്ന് തന്‍റെ കട്ടിലില്‍ ഇരുന്നു. മകള്‍ മുറിയുടെ വാതില്‍ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ടപ്പോള്‍ അയാള്‍ മുഖമുയര്‍ത്തി. തന്‍റെ ഉള്ളില്‍ നിന്ന് ഉരുകിയൊലിച്ച എന്തോ ഒന്നില്‍ അയാള്‍ അകംപുറം പൊള്ളിപ്പിടയുമ്പോള്‍ അടച്ചിട്ട മകളുടെ മുറിയില്‍ നിന്ന്, തേങ്ങല്‍ പോലെ ചുമ ഉയരുന്നുണ്ടായിരുന്നു.

41 comments:

 1. സാധാരണക്കാരന്‍റെ ജീവിതത്തിന്‍റെ പരിഛേദം...!!!
  മനോഹരമായിരിക്കുന്നു രചന.
  ആശംസകള്‍

  ReplyDelete
 2. നന്നായിട്ടുണ്ടൂ...

  keep writing ...

  Sabina

  ReplyDelete
 3. വളരെ തന്മയത്തോടെ അവതരിപ്പിച്ചിരിക്കുന്നു ....

  ജനയുകത്തില്‍ വന്നത് അല്ലെ ...അവസാന പരഗ്രാഫ് മൂന്ന് നാല് വട്ടം വായിച്ചപ്പോള്‍ ആണ് മനസിലായത് .....:)

  ReplyDelete
 4. ഇതേ വിഷയം കൈകാര്യം ചെയുന്ന നാലഞ്ചു കഥകള്‍ മജീദ്‌ അല്ലൂരിന്റെ സഹയാത്രികന്‍ എന്നാ ബ്ലോഗില്‍ വായിച്ചിട്ടുണ്ട് .നാലഞ്ചു അധമന്മാര്‍ കാട്ടിയ അപരാധത്തിന് പെണ്‍കുട്ടികളുടെ അച്ഛന്മാരെ ഇങ്ങനെ അപമാനിക്കരുത് എന്നെ പറയാനുള്ളൂ ..

  ReplyDelete
 5. മദ്യത്തിന്‍റെ മണമില്ലാഞ്ഞിട്ടും, അവളുടെ കണ്ണുകളില്‍ നിന്നുതിര്‍ന്ന സംശയത്തിന്‍റെ മൊട്ടുസൂചികള്‍ അയാളില്‍ വന്നു തറച്ചു.

  പറയാതെ പറഞ്ഞ നല്ല കഥ. സംശയം കൂടാതെ ഒന്നിനും കഴിയാതായിരിക്കുന്നു. എന്തും സംശയത്തോടെ മാത്രം കാണേണ്ട അവസ്ഥ.
  വളരെ ഭംഗിയോടെ ഒതുക്കത്തോടെ തഴുകി പോകുന്ന അനുഭവം വായനയില്‍ ലഭിച്ചു.

  ReplyDelete
 6. ഹൃദയസ്പര്‍ശമായി കഥ അവതരിപ്പിച്ചു.ഒരു സാധാരണക്കാരന്റെ ദുരിതപൂര്‍ണ്ണമായ ജീവിത ദൃശ്യങ്ങള്‍ വാക്കുകളില്‍ സുവ്യക്തം.മകളുടെ ഭയന്ന മനസ്സിലെ സംശയത്തിന് മാത്രം കഥയില്‍ ഒരിടം കണ്ടില്ല

  ReplyDelete
 7. യഥാർഥസ്നേഹത്തെ പോലും സംശയത്തിന്റെ മുൾമുനയിലേക്ക് മാറ്റി സ്ഥാപിക്കുന്ന രചന.

  ReplyDelete
 8. സിയാഫ്‌,ഇതൊരു കഥയാണ്‌. കാപട്യം നിറഞ്ഞ ലോകത്തില്‍ നല്ലതും ചീത്തയും തിരിച്ചറിയാനാവാതെ കുഴങ്ങുന്ന സാധാരണക്കാരുണ്ടിവിടെ. മനസ്സിലെ സ്നേഹം പ്രകടിപ്പിക്കാനാവാതെ പോയ ഒരു നിസ്സഹായനായ ഒരച്ഛന്‍...! അവതരിപ്പിക്കാന്‍ ശ്രമിച്ചു. വിജയിച്ചോ എന്നറിയില്ല.

  ReplyDelete
 9. സ്നേഹം ആവശ്യമുള്ളപ്പോൾ വേണ്ട രീതിയിൽ പ്രകടിപ്പിയ്ക്കാൻ അറിയണമെന്നത് ജീവിതത്തിന്റെ ഒരു പരമാർഥമാണ്. ന്യായങ്ങൾ ഒരുപാട് ചൂണ്ടിക്കാണിയ്ക്കാമെങ്കിലും പ്രകടിപ്പിയ്ക്കാൻ മറന്നു പോകുന്ന സ്നേഹം താക്കോൽ കളഞ്ഞു പോയ അലമാരിയിൽ വെച്ചു പൂട്ടിയ സ്വർണ്ണം പോലെയാണ്. അലമാരി തല്ലിപ്പൊളിയ്ക്കാൻ ഒരുപാട് പ്രയത്നിക്കേണ്ടി വരും.

  കഥ നന്നായിട്ടുണ്ട്. ആ ജീവിതപരിസരത്തിന് നല്ല മിഴിവുണ്ട്. അഭിനന്ദനങ്ങൾ.

  ReplyDelete
 10. ഇരിങ്ങാട്ടിരി മാഷിന്റെ ഒരു കഥ ഈയിടെ വായിച്ചു. ഇടി മിന്നലില്‍ ഞെട്ടി ഉണരുന്ന മകളെ ആശ്വസിപ്പിക്കാന്‍ അച്ഛന്‍ തലോടിയപ്പോള്‍ കുട്ടി പേടിച്ചു അമ്മയുടെ മുറിയില്‍ കയറി വാതില്‍ അടക്കുന്നു. സ്നേഹം യഥാതഥമായി നല്‍കേണ്ട സമയത്ത് നല്‍കണം. അല്ലെങ്കില്‍ ചില സമയത്ത് മനസ്സ് തുറന്നു സ്നേഹം വാരി കോരി നല്‍കിയാലും അതിനു അര്‍ത്ഥമില്ലാതാകും. ഇവിടെ ഈ അച്ഛനും നിസ്സഹായന്‍.. കഥ നന്നായി ടീച്ചറെ. ആശംസകള്‍

  ReplyDelete
 11. മനുഷ്യ മനസ്സിന്റെ നിഗൂഡതകള്‍ അനാവരണം ചെയ്യുന്നതില്‍ മിനിക്ക് അപാര പാടവമാണ്. "സ്വാതന്ത്ര്യത്തിന്റെ താക്കോല്‍", ലാവ" ഒക്കെ സത്യത്തില്‍ എന്നെ അതിശയിപ്പിച്ച രചനകള്‍ ആണ്. ഇപ്പോള്‍ ഞാന്‍ തേടിപ്പിടിച്ചു വായിക്കുന്ന എന്റെ പ്രിയപ്പെട്ട ബ്ലോഗ്‌ കഥാകൃത്തുകളില്‍ ഒരാളാണ് മിനി. ഈ കഥക്ക് നന്ദി.

  ReplyDelete
 12. മിനി വളരെ നല്ല കഥ.. ഞാനവസാനം വേറെ ഒക്കെയാണ് പ്രതീക്ഷിച്ചത്. അഭിനന്ദനങ്ങള്‍

  ReplyDelete
 13. സ്ത്രീ എഴുത്തുകാര്‍ പുരുഷ മനസ്സ് ഇത്ര ഭംഗിയായി വരച്ചു കണ്ടിട്ടില്ല.
  അയാളുടെ മനസ്സ് എന്തിനായിരിക്കണം കേഴുന്നത്. എച്ചുമു പറഞ്ഞതുപോലെ അയാള്‍ എവിടെയോ വെച്ചു പൂട്ടിയ സ്നേഹം എന്ന സ്വര്‍ണ്ണ താക്കോലിനോ?
  സംഭവ ബഹുലമല്ലാത്ത നിത്യജീവിതം മനോഹരമായി വരച്ചു. അഭിനന്ദനങ്ങള്‍.

  ReplyDelete
  Replies
  1. ഇത് ഞാന്‍ എഴുതാന്‍ മറന്ന വരികള്‍ ആണ്

   Delete
 14. പ്രിയ സുഹൃത്തുക്കളെ.. ഈ പ്രോത്സാഹനത്തിന് നന്ദി എന്നല്ലാതെ മറ്റെന്തു പറയാന്‍. ഒരുപാട് സന്തോഷം തോന്നുന്നു. ഇനിയും വന്ന് ക്രിയാത്മകമായി പ്രതികരിക്കുമല്ലോ.

  ReplyDelete
 15. അവസാനം ഒരു കണ്ഫ്യുഷന്‍ ഉണ്ടായതു ഒരു നേരാ.

  ReplyDelete
 16. ഇത്തരം കഥകള്‍ പലരും പറഞ്ഞിട്ടുണ്ട്...എങ്കിലും മനോഹരമായി പറഞ്ഞു... നല്ല കയ്യടക്കം... വലിച്ചു നീട്ടാതെ പറഞ്ഞു..
  എഴുത്ത് തുടരട്ടെ...

  നന്മകള്‍ നേരുന്നു...

  ReplyDelete
 17. പിതൃസ്നേഹത്തെ പോലും സംശയത്തോടെ മാത്രം നോക്കിക്കാണാന്‍ പെണ്മക്കളെ പ്രേരിപ്പിക്കുന്ന കാലത്തിന്റെ വേവുകള്‍ നമ്മള്‍ അനുഭവിക്കുകയാണല്ലോ! പലരും പറഞ്ഞ വിഷയമാണെങ്കിലും ഇക്കഥയില്‍ എഴുത്തുകാരിയുടെ വാക്കുകള്‍ ലാവയായി വായനക്കാരന്റെ മനസ്സിനെ പൊള്ളിക്കുന്നുണ്ട്.

  ReplyDelete
 18. മിനി ചേച്ചി, കഥ വായിച്ചു.. പറയേണ്‌ടതെല്ലാം മറ്റുള്ളവര്‍ പറഞ്ഞ്‌ കഴിഞ്ഞു... കഥ ഒരു കഥയെന്ന നിലയില്‍ മികച്ച്‌ നില്‍ക്കുമ്പോഴും കഥയിലെ ത്രെഡ്‌ ഉസ്മാന്‍ ഇരിങ്ങാട്ടിരിയുടെ "മിന്നല്‍ പിണര്‍ " എന്ന കഥയിലും, ഷബീറിന്‌റെ തിരിച്ചിലാന്‍ എന്ന ബ്ളോഗിലെ "അരികിലെ അകലം" എന്ന കഥയിലും, മജീദിന്‌റെ സഹയാത്രികനിലെ "അച്ഛന്‍" എന്ന കഥയിലും പ്രതി പാദിച്ചിട്ടുണ്‌ട്‌. അതിനിടയിലേക്ക്‌ ഈ ലാവയും.. കഥ പറഞ്ഞ രീതിയില്‍ ഇത്‌ മികച്ച്‌ നില്‍ക്കുന്നു എന്ന് കൂടി പറഞ്ഞ്‌ കൊള്ളട്ടെ ആശംസകള്‍

  ReplyDelete
 19. മൊഹിയുദ്ദീൻ പറഞ്ഞതു പോലെ ഇതും ഒരു സ്ഥിരം പ്രമേയമാവുകയാണോ ? ( ഒരു ത്രെഡ് എന്റെ മനസ്സിലുമുണ്ട്..മറ്റുള്ളവർ എഴുതി എന്നു കരുതി എഴുതാതിരിക്കാനുമാവില്ല.. :) ).

  കൈയ്യൊതുക്കത്തോടെ മനോഹരമായി കഥ പറഞ്ഞു..ആശംസകൾ ..

  ReplyDelete
 20. ഉസ്മാന്‍ ഇരിങ്ങാട്ടിരിയുടെ കഥ ഞാന്‍ വായിച്ചിട്ടില്ല. പിന്നെ ആരും സ്പര്‍ശിക്കാത്ത ഒരു വിഷയം എന്നൊന്ന് ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്. അതിന്റെ പറഞ്ഞുപോകുന്ന രീതി, ക്രാഫ്റ്റ്‌ ഇതൊക്കെയാണ് കഥയെ വ്യത്യസ്തമാക്കുന്നത്. ഈ കഥ ആ തരത്തില്‍ വിജയിച്ചുവോ? അത് പറയേണ്ടത് വായനക്കാരാണ്.

  ReplyDelete
 21. ഒരു നാടന്‍ കാഴ്ച
  സസുക്ഷ്മം വാക്കുകളാല്‍ വരച്ച ചിത്രം മിനിയെ

  ReplyDelete
 22. സാധാരണക്കാരന്‍റെ ജീവിതത്തിന്‍റെ പരിഛേദം...!!!
  ഇത് ഈ പോസ്റ്റിന്റെ ആദ്യ കമന്റാണ്. ഇതിൽ എവിടെയാണ് സാധാരണക്കാരന്റെ ജീവിതം എന്ന് എനിക്കെത്രയാലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ചിലപ്പോൾ എന്റെ മനസ്സിന്റെ കുഴപ്പമായിരിക്കും. ആവോ ?

  പിന്നെ ഇരിങ്ങാട്ടിരി മാഷിന്റെ കഥയും ഇതും തമ്മിൽ യാതൊരു ബന്ധവുമില്ല.

  'സ്നേഹം യഥാതഥമായി നല്‍കേണ്ട സമയത്ത് നല്‍കണം. അല്ലെങ്കില്‍ ചില സമയത്ത് മനസ്സ് തുറന്നു സ്നേഹം വാരി കോരി നല്‍കിയാലും അതിനു അര്‍ത്ഥമില്ലാതാകും.' അവിടെ ആഅച്ഛൻ നിസ്സഹായനാണ്. അത് അനുഭവപ്പെടുന്നുണ്ട് അത് വായിക്കുമ്പോൾ തന്നെ. പക്ഷെ ഇവിടെ അങ്ങനൊരു മൂഡ് സൃഷ്ടിക്കാൻ കഥാകാരിക്ക് കഴിഞ്ഞിട്ടില്ല,അല്ലെങ്കിൽ അങ്ങനൊരു മൂഡല്ല കഥാകാരി ഉദ്ദേശിച്ചത്. ഇതൊരുമാതിരി വല്ലാത്ത കഥയായിപ്പോയി. സിയാഫിക്ക പറഞ്ഞ പോലെയാണ് കാര്യങ്ങൾ. എല്ലാവരുമിപ്പോൾ ഇതിൽ കയറിപ്പിടിചിരിക്കുകയാ.! എന്നിട്ട് സാധാരണക്കാരന്റെ കഥയാണത്രേ ?! സാധാരണക്കാരന്റെ കഥ,...! ആശംസകൾ.

  ReplyDelete
 23. ഇതൊന്നും ആരുടെയും കുറ്റമല്ല.കുറ്റവാളി കാലം മാത്രം.
  നല്ലൊരു ക്രാഫ്റ്റില്‍ കഥ വായിക്കാനായതില്‍ സന്തോഷം.
  ഇനിയും വരാം.

  ReplyDelete
 24. കഥയുടെ ക്രാഫ്റ്റ് , ആഖ്യാന രീതി എല്ലാം വളരെ നന്നായിരിക്കുന്നു. >>>കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് അയാളെ ഭ്രമിപ്പിച്ച ഏറെ കാര്യങ്ങള്‍ ................അന്നയാളുടെ മനസ്സും ഉരുക്കിയൊഴിച്ച തീ നിറത്തിലുള്ള ലാവ പോലെ ആയിരുന്നു. എങ്ങനെ വേണമെങ്കിലും മാറാനും മാറ്റാനും തയ്യാറായിരുന്ന പുതുമനസ്സ്! ഇന്നത്‌ കറുത്ത് ദൃഡമായിരിക്കുന്നു. ഒരു പക്ഷെ അതിന്‍റെ വക്കും മൂലയും തേഞ്ഞിരിക്കുകയും ചെയ്യുന്നു <<<

  ജീവിതത്തിന്റെ അവസ്താന്തരങ്ങളിലൂടെ, വിഭിന്ന സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോള്‍ മനുഷ്യ മനസ്സിനുണ്ടാകുന്ന വ്യതിയാനത്തെ കഥാകാരി ഇങ്ങിനെ പറഞ്ഞു വെക്കുന്നു. ഇതു സത്യമാണ്. ചിലരെ കുറിച്ച് "അയാളുടെ മനസ്സ് കല്ലാണ്, ദയയില്ലാത്തവനാണ്" എന്നൊക്കെ പറയാറില്ലേ.

  യവ്വനാരംഭത്തിലെ നല്ല രസക്കൂട്ടുള്‍ക്ക് പിന്നീട് ജീവിത യാഥാര്‍ത്ഥ്യങ്ങളോട് പൊരുതി ജയിക്കാനാവാതെ വരുമ്പോള്‍ വിവര്ണ ജീവിതത്തിന്റെ ഊഷര ഭൂമിയിലെ ഉണക്കമരമായി, അഥവാ പാഴ്ജന്മങ്ങളായി പരിണമിക്കുന്നു ചിലര്‍.... അത്തരം ഒരു കഥാപാത്രത്തോട് തീര്‍ത്തും നീതി പുലര്‍ത്തി എഴുതാന്‍ കഥാകാരിക്ക് കഴിഞ്ഞു എന്നു നിസ്സംശയം പറയാം.

  അയാളുടെ ആശ്രിതരിലേക്കും ഈ നിസ്സംഗത പടരുക എന്നതും സ്വാഭാവികം. അപ്പോഴും മനസ്സിന്റെ ഉള്ളറകളിലെവിടെയോ കരുണയുടെ, സഹാനുഭൂതിയുടെ, സ്നേഹത്തിന്റെ, ആര്‍ദ്രതയുടെ നനവ്‌ ബാക്കി ഉണ്ടാകും. ഇവിടെ അമ്മ നഷ്ടപ്പെട്ട മകളുടെ ദൈന്യതയിലേക്ക്‌ അയാളില്‍ നിന്നും വാത്സല്യത്തിന്റെ ഉറവ പൊടിയുന്നതും അങ്ങിനെയാണ്.

  ആ സ്നേഹത്തെ മകള്‍ തെറ്റിദ്ധരിക്കുന്നതിനും മതിയായ കാരണങ്ങള്‍ ഉണ്ട്. ഒരിക്കലും സ്വയം സൃഷ്ടിച്ച അകലത്തില്‍ നിന്നും അമ്മയുടെയോ മകളുടെയോ സ്നേഹ വലയത്തിലേക്ക് കടന്നു കയറിയിട്ടില്ലാത്ത അയാളിലെ ക്ഷണിക സ്നേഹത്തെ മകള്‍ സംശയത്തോടെ വീക്ഷിച്ചു എങ്കില്‍ അതില്‍ അസ്വാഭാവികത ഉണ്ട് എന്നു തോന്നുന്നില്ല. പരിസര വായനയിലെ സമാന വാര്‍ത്തകളുടെ ആധിഖ്യവും അവളുടെ ഭയത്തെ സ്വാധീനിച്ചിരിക്കാം.

  മനുഷ്യ മനസ്സിന്റെ വിഭിന്ന ഭാവങ്ങളെ കുറിച്ചുള്ള പഠനം തന്നെ കഥാകാരി ഇവിടെ നടത്തിയിരിക്കുന്നു. അഭിനന്ദനങ്ങള്‍. ., . എങ്കിലും ഒരു പിതാവ് എന്ന നിലക്ക് ഈ വിഷയം ഇനിയും കഥകളിലൂടെ സാമാന്യ വല്ക്കരിക്കരുതെ എന്നു ഇനിയും ഇതേ വിഷയം എഴുതുന്നവരോട് എനിക്ക് വ്യക്തിപരമായ ഒരു അപേക്ഷ ഉണ്ട്.

  ReplyDelete
 25. ഈ പോസ്റ്റിനു ലഭിച്ച പ്രതികരണങ്ങള്‍, വളരെ അത്ഭുതത്തോടെ കാണുകയാണ് ഞാന്‍. അഭിനന്ദനങ്ങളും, വിമര്‍ശനങ്ങളും ഒരു പോലെ കിട്ടിയിരിക്കുന്നു. പക്ഷെ ഈ വിഷയം എന്തിനെഴുതുന്നു എന്ന് ചോദിച്ചാല്‍ എന്ത് മറുപടി പറയാന്‍? നാം ഇഷ്ടപ്പെടുന്നത് മാത്രം സംഭവിക്കുന്ന ലോകമാണോ ഇത്? മകളോട് സ്നേഹം ഒരിക്കലും പ്രകടിപ്പിക്കാത്ത ഒരച്ഛന്‍. അമ്മയുടെ മരണശേഷം മകളോട് തോന്നിയ അലിവ് പോലും തെറ്റിധരിക്കപ്പെടുമ്പോള്‍ ഉണ്ടാവുന്ന ഒരു മാനസികാവസ്ഥ ചിത്രീകരിക്കാന്‍ ശ്രമിച്ചു. വിമര്‍ശിക്കുന്നവരുടെ ഉള്ളിലെ മനുഷ്യത്വം ആണ് ഞാനിവിടെ കാണുന്നത്. കഥയിലൂടെ പോലും ഇത്തരമൊന്ന് കേള്‍ക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. അത് അവരെ അസ്വസ്ഥരാക്കുന്നു. ഇതും എന്റെ കഥയുടെ വിജയമല്ലേ? ഇത്തരമൊന്ന് ഒരിക്കലും സംഭവിക്കരുതേ എന്ന് തന്നെയാണ് എന്റെയും പ്രാര്‍ത്ഥന.

  ReplyDelete
 26. കഥ വായിച്ചു.കൈയടക്കം വന്ന രചന.അഭിനന്ദനങ്ങള്‍ .
  വായനക്കാരുടെ വ്യത്യസ്തമായ പ്രതികരണങ്ങളില്‍ അടിപതറാതിരിക്കാന്‍ സ്വയം പക്വതപ്പെടുക.ആശംസകള്‍ .

  ReplyDelete
 27. സാധാരണക്കാരന്റെ പച്ചയായ ജീവിതത്തിന്റെ നേര്‍കാഴ്ച...
  അഭിനന്ദനങ്ങള്‍ ടീച്ചര്‍..

  www.ettavattam.blogspot.com

  ReplyDelete
 28. അടിപൊളി ആയി പറഞ്ഞ കഥ കാലം വരുത്തിയ മാറ്റം

  ReplyDelete
 29. മാധ്യമങ്ങളിലൂടെ ഞങ്ങളെ തേടിയെത്തുന്ന വാര്ത്തകളുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ ഇതൊരു സാമൂഹ്യപ്രസക്തിയുള്ള കഥയാണ്. വാര്ത്തകളിളൂടെ കേള്‍ക്കുന്ന ഒന്നോ രണ്ടോ സംഭവങ്ങളെ മുന്‍നിര്‍ത്തി കേരളത്തിലെ കോടിക്കണക്കിന് പിതൃ-പുത്രി ബന്ധത്തെ ഇങ്ങനെ കാണാന്‍ സാധിക്കുമോ? എന്തോ ഒരസ്വാഭാവികത.

  ReplyDelete
 30. സുസ്മേഷ് ചന്ത്രോത്തിന്റെ അഭിപ്രായം എനിക്കുമുണ്ട്.

  ReplyDelete
 31. ഞാന്‍ എഴുത്തുകാരനോ നല്ല വായനക്കാരനോ അല്ല. പിന്നെ ഇവിടെ എന്തിനെഴുതുന്നു എന്ന ചോദ്യം പ്രസ്ക്തമെങ്കിലും മുകളിലെ അഭിപ്രായ പ്രകടനങ്ങള്‍ കണ്ടപ്പോള്‍ എനിക്കും നിരൂപക മോഹം... വായനക്കാര്‍ പലരും പറഞ്ഞ കഥകളൊന്നും ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ അഞ്ചു വര്ഷം മുമ്പ് അംബികാസുതന്‍ മങ്ങാട് എഴുതിയ "ആര്‍ത്തു പെയ്യുന്ന മഴയില്‍ ഒരു ജുമൈലത് " എന്ന കഥ മനസ്സില്‍ നില്ക്കുന്നു. മിനി അവശേഷിപിച്ച സംശയ്തിന്റെ ഉത്തരമായിരുന്നു ആ കഥ. വഴികളില്‍ ഒളിഞ്ഞിരിക്കുന്ന ഇരുടിലേക്ക് ലാവ വിരല്‍ ചൂണ്ടിയപോള്‍ പതിയിരിക്കുന്ന ഇരുട്ടുകളെ ഭയക്കുന്ന നമുക്ക് വെളിച്ചതിന്ടെ ചൂട്ടു വീശുന്നതായിരുന്നു അംബികാസുതന്‍ കഥ. ഇതൊരു താരതമ്യം അല്ല; സൃഷ്ടികള്‍ താരതമ്യത്തിന് വിധേയമാക്കല്‍ ശെരിയായ പഠനവുമല്ല. രണ്ടു കാഴച്ചപാടുകള്‍ ചൂന്ടികാനിചതാനു. മിനിയുടെ ഭാഷ എനിക്കിഷ്ടമാണ്. അതുകൊണ്ട് സൃഷ്ടിക്കുന്ന ലോകം അക്കാരണം കൊണ്ട് തന്നെ ഞാന്‍ ഇഷ്ടപ്പെടുന്നു. വെര്‍ജിനിയ വുള്‍ഫ് പറഞ്ഞത് പോലെ " A room of one's own and five hundred pounds a year" ലഭിക്കുന്ന മികച്ച ഒരു കഥയെഴുതുകാരിയെ മിനിയില്‍ കാണുന്നു.

  ReplyDelete
 32. പ്രിയ സുസ്മേഷ്, വ്യത്യസ്ത പ്രതികരണങ്ങളെ, വിമര്‍ശനങ്ങളെ ഒക്കെ പോസിറ്റീവ് ആയി തന്നെ കാണുന്നുണ്ട്. ഈ നല്ല വാക്കുകള്‍ എനിക്ക് ഒരുപാട് ഊര്‍ജ്ജം തരുന്നു. ഹൃദയം നിറഞ്ഞ നന്ദി. കനകാംബരന്‍, എന്‍റെ ഒരു ധാരണ വെച്ച്, ഏതൊരു സൃഷ്ടിയും, എഴുത്തിലൂടെ ഒരു കനല്‍ അവശേഷിപ്പിക്കണം. അത് ചിന്തയിലൂടെ ഊതിയൂതി ഒരു തീയായി തീരേണ്ടത് വായനക്കാരന്‍റെ മനസ്സിലാണ്. കരിമ്പന, വളരെ നന്ദി. വീണ്ടും വന്നു തെറ്റുകളും കുറവുകളും ചൂണ്ടിക്കാട്ടിതരണം. നിങ്ങളെ പോലുള്ളവരുടെ വാക്കുകളാണ് വീണ്ടും എഴുതാനുള്ള പ്രചോദനം.

  ReplyDelete
 33. ഇത്തരം കഥകള്‍ ഞാനും വായിച്ചിരിക്കനൂ.. എന്നാലും വളരെ നല്ല കഥ.. ആഖ്യാന രീതി നന്നായിരിക്കുന്നു മിനി ...!!

  ReplyDelete
 34. രചനാരീതി അഭിനന്ദനം അര്‍ഹിക്കുന്നു.
  സാമൂഹികാവസ്ഥയുടെ ഒരു നിഴല്‍ ഇതില്‍ വരച്ചിട്ടത് നല്ല അനുഭവമായി.
  എങ്കിലും അവസാന ഖണ്ഡിക അല്പം ആയാസം ഉണ്ടാക്കിയതതായി തോന്നി.
  ഇനിയും ഇത്തരം നല്ല രചനകള്‍ പിറക്കട്ടെ.

  ReplyDelete
 35. നന്നായിരിക്കുന്നൂ,,,,,അയാളുടെ ഉള്ളിലെ മൃഗത്തെ അനായാസമായി ആവിഷ്കരിച്ചിട്ടുണ്ട്.....അഭിനന്ദനങ്ങള്‍......

  ReplyDelete
 36. പ്രിയ മിനി,വൈകി എത്തിയതിനു ക്ഷമ ചോദിക്കുന്നു.

  ഒറ്റ വാക്കില്‍ നല്ല കഥ.
  പ്രമേയത്തിനു പുതുമയില്ല എന്നോ..? സമൂഹത്തില്‍ പുതുമ നശിക്കാതെ നിലനില്‍ക്കുന്ന പ്രമേയം ഇത് മാത്രമാണെന്നു തോന്നുന്നു.
  മിനി 'അയാളെ' വിശദീകരിക്കുന്നില്ല. അയാളുടെ മാനസിക വ്യാപാരങ്ങള്‍ വായനക്കാരന്റെ ഭാവനയാണ്. എങ്ങിനെയും വ്യാഖ്യാനിക്കാം. അതിനു എഴുത്തുകാരിക്ക് പങ്കില്ല.
  അയാളുടേത് ഒരുപക്ഷെ കുറ്റബോധത്തില്‍ നിന്നുണ്ടായ സ്നേഹമായിരിക്കാം. ജീവിതത്തിലൊരിക്കലും അനുഭവപ്പെടാതിരുന്ന സ്നേഹപ്രകടനം കുട്ടിയെ ഭയപ്പെടത്തിയതും തികച്ചും സ്വാഭാവികം.

  ബ്ലോഗുകളില്‍ ഈയിടെ വായിച്ചവയില്‍ ഏറെ മികച്ച രചന.

  ReplyDelete
 37. വാതിൽ വലിച്ചടയ്ക്കുന്ന കൗമാരമനസ്സ്‌ ഇന്നത്തെ സമൂഹസൃഷ്ടിയാണ്‌.
  നല്ല ചിന്തിപ്പിക്കുന്ന കഥ.
  ഇനിയും എഴുതുവാൻ കഴിയട്ടെ
  ആശം സകൾ

  ReplyDelete
 38. എല്ലാവര്‍ക്കും ഹൃദയപൂര്‍വം നന്ദി പറയുന്നു.

  ReplyDelete
 39. നന്നായി ഈ കഥ.
  മനസ്സിന്റെ വിചിത്രമായ ഇത്തരം സങ്കീര്‍ണ്ണതകള്‍ വായിക്കുമ്പോള്‍ നോവുന്നത് ആവാഹിക്കപ്പെട്ട ഒരു പെണ്‍മനസ്സാണ് .

  ReplyDelete
 40. വെറുപ്പായിരുന്നെങ്കിലും സ്വന്തമായത് നഷ്ട്ടപ്പെടുമ്പോള്‍ ഒരു ശൂന്യത ഉണ്ടാകുന്നു.... ആ ശൂന്യതയില്‍ നിന്നുമുണ്ടായ സ്നേഹത്തെ കൂട്ടി തെറ്റു ധരിച്ചതാകാം....നല്ല രചന ...ആശംസകള്‍....

  ReplyDelete