Follow by Email

June 17, 2012

പച്ചവീട്

 പൊടിയും പുകയും കൊണ്ട് കാളിമയാര്‍ന്ന വര്‍ത്തമാനത്തിന്റെ പകലിലേക്ക് അമേയ കണ്ണുകള്‍ തുറന്നു.
                                "അമ്മാ......"
അവള്‍ പതുക്കെ വിളിച്ചു. രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചതിന്റെ ക്ഷീണത്തില്‍ അറിയാതെ ഒന്നു മയങ്ങിയ ശൈലജ ഞെട്ടിയുണര്‍ന്നു.
                                 "അമ്മൂ...."
ശൈലജ നെറ്റിയില്‍ തൊട്ടുനോക്കി. ചൂട് കുറവുണ്ട്. മകളുടെ വാടിയ മുഖവും പരിക്ഷീണിതമായ നോട്ടവും അവളുടെ നെഞ്ചില്‍ കല്ലിപ്പായി വീണുവെങ്കിലും പനി കുറഞ്ഞത് അവളെ ആശ്വസിപ്പിച്ചു.
           "അമ്മാ... ഞാന്‍ സ്വപ്നം കണ്ടു."
ശൈലജ ആധിയുടെ ലോകത്തു നിന്ന് അമ്മുവിന്‍റെ അരികത്തെത്തി.
  "എന്താ എന്‍റെ അമ്മു കണ്ടത്? ഇനി ചേരാന്‍ പോണ പുതിയ സ്കൂളാണോ?"
ആ അഞ്ചു വയസ്സുകാരിയുടെ കണ്ണുകള്‍ ശൈലജയില്‍ തറഞ്ഞുനിന്നു.
                                         "നമ്മടെ പച്ചവീട്"

ശൈലജയെ ബധിരയാക്കിക്കൊണ്ട് ഒരു മുഴക്കമുള്ള ശബ്ദം ചെവിയില്‍ മുഴങ്ങി.അവള്‍ ഒരു നിമിഷം ചലനമറ്റ് നിന്നു. ജീവനില്ലാത്ത ഒരു സങ്കല്‍പ്പത്തിലാണ് മകളുടെ മനസ്സത്രയും. അവള്‍ പുറത്തേയ്ക്കുള്ള ജനല്‍ തുറന്നു. എന്നും കറുത്തിട്ടാണ് ഇവിടെ ആകാശം. കരിയും പുകയും കൊണ്ട് മേനി മിനുപ്പിക്കുന്ന നഗരപ്രാന്തപ്രദേശം. വേരൊന്നുറപ്പിക്കാന്‍ പാടുപെടുകയാണ് പറിച്ചുനടപ്പെട്ട ജീവിതങ്ങള്‍. വാതില്‍ക്കല്‍ കേട്ട ശബ്ദം ശൈലജയെ ഉണര്‍ത്തി. അവള്‍ വാതില്‍ തുറന്നു . അനിരുദ്ധനാണ്. അമ്മുവിന്‍റെ പനി കുറഞ്ഞെന്നു പറയാതെ, അനിയേട്ടാ എന്നുവിളിച്ച് ആ നെഞ്ചില്‍ വീഴാതെ ശൈലജ നോക്കിയ നനഞ്ഞ ഒരു നോട്ടം അയാളുടെ ഹൃദയത്തില്‍ ചെന്ന് പതിച്ചു. അവളുടെ ഉള്ളിലെ വേവുകളത്രയും അയാള്‍ സ്വന്തം നെഞ്ചിലേക്ക് ഏറ്റുവാങ്ങി.

                     "എങ്ങനുണ്ട് അമ്മൂന്?"
മറുപടിയ്ക്ക് കാത്തുനില്‍ക്കാതെ അയാള്‍ മകളുടെ അരികില്‍ ഇരുന്നു. മകളുടെ കണ്ണിലെ തിളക്കത്തിനു പോലും കരിവാളിപ്പ് ബാധിച്ചിരിക്കുന്നതായി അനിരുദ്ധന് തോന്നി.
       "അച്ഛന്‍റെ അമ്മുക്കുട്ടിയ്ക്ക് സുഖായല്ലോ...."
സ്നിഗ്ദ്ധത നഷ്ടപ്പെട്ട അവളുടെ തലമുടി അയാള്‍ കൈ കൊണ്ട് ഒതുക്കിവെച്ചു.
"അച്ഛാ.... അമ്മുക്കുട്ടി പച്ചവീട് സ്വപ്നം കണ്ടു. സ്വപ്നത്തില് ഹാച്ചിയുമുണ്ടായിരുന്നു. ഓടിപ്പോയില്ലേ..... അവനുമുണ്ടായിരുന്നു."

         അസുഖകരമായ ഒരു നിശബ്ദത ആ അണുകുടുംബത്തില്‍ പറന്നു. ഒരു ദീര്‍ഘനിശ്വാസത്തില്‍ ആ അന്തരീക്ഷത്തിന് അയവു വരുത്തിക്കൊണ്ട് ശൈലജ അടുക്കളയിലേക്ക് നടന്നു. അടുക്കള എന്ന് പറയാനില്ല. ഒരാള്‍ക്ക്‌ കഷ്ടി നിന്നുതിരിയാം. അവിടെ ആദ്യം വന്നപ്പോള്‍ ദിക്കറിയാത്തവളെ പോലെ ശൈലജ വട്ടം കരങ്ങിയിരുന്നു. മൂന്നംഗകുടുംബത്തിന് അത് മതിയെന്നുവെയ്ക്കാം. പക്ഷെ കറുത്തുമൂടപ്പെട്ട ആകാശം അവരുടെ ലോകത്തെ ഒന്നാകെ ഞെരുക്കികളഞ്ഞു.ഫാക്ടറിയില്‍ നിന്നുയരുന്ന സൈറന്‍ അമേയയെന്ന അഞ്ചുവയസ്സുകാരിയെ വല്ലാതെ ഭയപ്പെടുത്തി. തന്‍റെ പച്ചവീട്ടിലേക്ക് പോകണമെന്ന വാശി, കരച്ചില്‍, പിന്നെ അത് പനിയായി. പനിയുടെ ഒഴുക്കില്‍ ഒരു സ്വപ്നത്തോണിയുണ്ടാക്കി പച്ചവീട്ടിലേക്ക് പോകുകതന്നെ ചെയ്തു, അമേയ. അവളുടെ പച്ചവീട് സ്വപ്നങ്ങളില്‍ മാത്രമാണ് അവശേഷിക്കുന്നത് എന്ന സത്യം ശൈലജ പറഞ്ഞില്ല, അനിരുദ്ധനും. സത്യത്തില്‍ അവരുടെ വീടിന് പച്ചനിറമായിരുന്നില്ല. മുഷിഞ്ഞ മഞ്ഞനിറമായിരുന്നു. ബോഗന്‍വില്ലകള്‍ കൊണ്ട് മതില്‍ മൂടുകയും അവരുടെ വീടിന്‍റെ നിറം പുറത്തേയ്ക്ക് കാണാതാവുകയും ചെയ്തതോടെ പുറത്തുള്ളവര്‍ പറഞ്ഞുതുടങ്ങി, ആ പാടത്തെ പച്ചവീട്.

     ഭാര്യ മരിച്ച ശേഷം പത്തുവയസ്സുകരനായ അനിരുദ്ധന്‍റെ കയ്യും പിടിച്ച് അനിരുദ്ധന്‍റെ അച്ഛന്‍ കയറിവന്നത് ഇവിടേക്കാണ്. അച്ഛന്‍റെ മരണശേഷം അനിരുദ്ധന്‍ ശൈലജയെ വിവാഹം കഴിച്ചുകൊണ്ടുവന്നതും ഇവിടേയ്ക്കു തന്നെ. നീലടര്‍ക്കിയില്‍ പൊതിഞ്ഞ് ചോരക്കുഞ്ഞായ അമേയയേയും കൊണ്ട് ശൈലജയും അനിരുദ്ധനും വന്നുകയറിയപ്പോള്‍ ഒരു അമ്മയെപ്പോലെ ഈ വീട് സഹര്‍ഷം സ്വാഗതം ചെയ്തത് പോലും അനിരുദ്ധന്‍റെ ഓര്‍മ്മയിലുണ്ട്. അമേയ പിച്ചവെച്ചു നടന്നു തുടങ്ങിയപ്പോള്‍ കൂടെ നടക്കാന്‍ ഹാച്ചിയുമുണ്ടായിരുന്നു. അമേയയുടെ ഒന്നാംപിറന്നാളിന് അനിരുദ്ധന്‍റെ സുഹൃത്ത് സമ്മാനമായി കൊടുത്ത ഹാച്ചി എന്ന പട്ടിക്കുഞ്ഞ്. ശൈലജ അടുക്കളയില്‍ പണിയെടുക്കുമ്പോള്‍ അമേയയ്ക്ക് കാവലായി ഹാച്ചിയുമുണ്ടായിരുന്നു. അമേയ ഗേറ്റിനു പുറത്തേയ്ക്ക് കാലെടുത്തുവെച്ചാല്‍ ഹാച്ചി ഉറക്കെ കുരച്ചു ബഹളം വെയ്ക്കും.എക്സ്പ്രസ്സ്‌ ഹൈവേ വീടിന് മുന്നിലൂടെയാണ് പോകുന്നതെന്ന അഭിമാനം ശൈലജയോടു പങ്കുവെയ്ക്കും മുന്‍പുതന്നെ സ്വന്തം വീടിന്‍റെ മുറ്റവും പൂമുഖവും ഹൈവെയായി മാറുമെന്ന സത്യം അനിരുദ്ധനെ തകര്‍ത്തുകളഞ്ഞിരുന്നു.വീടിനടുത്തുള്ള മണ്‍തിട്ട ഇടിയ്ക്കാന്‍ മണ്ണുമാന്തിയന്ത്രം വന്നത് ഹാച്ചിയും അമേയയും ഒന്നിച്ചാണ് കണ്ടത്. മണ്‍തിട്ട ഇടിക്കുന്ന യന്ത്രത്തെ അമേയ കൌതുകത്തോടെയും ഹാച്ചി അമര്‍ഷത്തോടെയും നോക്കി. അതിന്‍റെ ഭീകരശബ്ദം കേട്ട് ഗേറ്റ് കടന്നോടിയ ഹാച്ചി പിന്നെ തിരിച്ചുവന്നില്ല. അന്നാണ് അമേയയ്ക്ക് ആദ്യമായി പനി വന്നത്. അധികം വൈകാതെ സര്‍ക്കാര്‍ കൊടുത്ത പൈസയും വാങ്ങി, അനിരുദ്ധനും കുടുംബത്തിനും അവിടം വിടേണ്ടിയും വന്നു. ഓടിപ്പോയ ഹാച്ചി പച്ചവീട്ടില്‍ തിരിച്ചെത്തിക്കാണുമെന്ന് തന്നെ അമേയ ഉറച്ചു വിശ്വസിച്ചു. ഫാക്ടറിക്കടുത്ത ക്വാര്‍ട്ടെഴ്സിലെ പൊടിയും പുകയും തട്ടി അമേയയുടെ ഓര്‍മ്മകള്‍ കൂടി കരിവാളിക്കാന്‍ തുടങ്ങിയിരുന്നു. അവള്‍ ചുമയ്ക്കാന്‍ തുടങ്ങി. അവളുടെ ശരീരം പച്ചവീടിന്റെ കുളിര്‍മയ്ക്കായി കൊതിച്ചു. പാടത്തു നിന്നടിക്കുന്ന ഊഷ്മളമായ കാറ്റ് കിട്ടാതെ അവളുടെ ശ്വാസകോശങ്ങള്‍ പിടയാന്‍ തുടങ്ങി. പണിയും ശ്വാസംമുട്ടലുംകൊണ്ട് നാലുദിവസം ഹോസ്പിറ്റലില്‍ കിടന്ന് തിരിച്ചുവന്ന അമേയ വീണ്ടും സ്വപ്നം കണ്ടു, പച്ചവീടിനെ, ഹാച്ചിയെ...

                  ശൈലജ അനിരുദ്ധന് ചോറ് വിളമ്പി . പിന്നെ ഒരല്‍പം കഞ്ഞി ഒരു പാത്രത്തില്‍ എടുത്ത് മകള്‍ക്കരികിലേക്ക്  നടന്നു. സ്വന്തം വിധി സ്വീകരിച്ചതു പോലെ അമേയ അപ്പോള്‍ തീര്‍ത്തും ശാന്തയായിരുന്നു. അവള്‍ ചേരാന്‍ പോകുന്ന സ്കൂളിനെ കുറിച്ച് ശൈലജ വെറുതെ പറഞ്ഞു  തുടങ്ങി. അമേയ അമ്മയെ ആര്‍ദ്രഭാവത്തില്‍ നോക്കി. അവളുടെ ആഴ്ന്നിറങ്ങുന്ന നോട്ടത്തില്‍ ഒളിപ്പിച്ചതെല്ലാം അനാവൃതമായ പോലെ ശൈലജ  തല താഴ്ത്തി. പെട്ടന്ന്‍ താന്‍ സ്വയം ഒരു വിഡ്ഢി ആയതായി ശൈലജക്ക് തോന്നി. മരുന്ന് വായിലൊഴിച്ച് വെള്ളം കൊണ്ട് മകളുടെ മുഖം കഴുകി, സാരിത്തുമ്പ് കൊണ്ട് തുടച്ച് ശൈലജ അടുക്കളയിലേക്ക് നടന്നു. പാത്രങ്ങള്‍ കഴുകി തിരിച്ചുവരുമ്പോള്‍ അനിരുദ്ധന്‍ പോകാനൊരുങ്ങുകയായിരുന്നു. വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിയ അനിരുദ്ധനെ പെട്ടന്ന് ഒരു ഇരുള്‍ വന്ന് മൂടുന്നത് ശൈലജ കണ്ടു. ആകാശം മൂടിയ കരിനിഴല്‍ ഭൂമിയിലേക്കിറങ്ങി തന്‍റെ ലോകം മുഴുവന്‍ കവര്‍ന്നെടുക്കുന്നത് കണ്ട് ശൈലജ നിലവിളിയോടെ നിലത്ത് വീണു. ഒരു പട്ടിക്കുഞ്ഞിന്റെ ദീനദീനമുള്ള കരച്ചില്‍ മാത്രം അവിടമെങ്ങും മുഴങ്ങി.


27 comments:

 1. വേദനകള്‍ നിറഞ്ഞ തെടലുകളോടെ കടന്നകലുന്ന സ്വപ്നങ്ങളുടെ ലോകത്തിലേക്ക് കൂട്ടി കൊണ്ട് പോയി മനസ്സില്‍ ഒരു നീറ്റല്‍ മാത്രം അവശേഷിക്കുന്നു പച്ചവീടിനുള്ള കാത്തിരിപ്പുകള്‍

  ReplyDelete
 2. വളരെ നല്ല കഥ ലയ്ചിരുന്നു പോയി അല്‍പനേരം ,

  സ്നേഹാശംസകളോടെ @ PUNYAVAALAN

  ReplyDelete
 3. നൊമ്പരപ്പെടുത്തുന്ന കഥ.
  അണുകുടുംബങ്ങളുടെ ഒറ്റപ്പെടലുകളുടെ,വിങ്ങലുകളുടെ,വേദനകളുടെ
  ചിത്രം ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 4. കുഞ്ഞുമനസ്സിന്റെ വേദന നന്നായി വരച്ചിട്ടു.
  ആശംസകള്‍ ടീച്ചര്‍.

  ReplyDelete
 5. നല്ല കഥ. മനസ്സിനെ നല്ലവണ്ണം തൊട്ടു.

  ReplyDelete
 6. പച്ചവീടിണ്റ്റെ ഭംഗിയില്‍ നിന്നും ജീവിതം പറിച്ചുനടപ്പെടുമ്പോഴുണ്ടാകുന്ന വേദന വളരെ ഭംഗിയായി കഥയിലൂടെ പറഞ്ഞിരിക്കുന്നു.

  എപ്പോഴും കറുത്ത അന്തരീക്ഷമുള്ള നഗരത്തെ നന്നായി വരച്ചു കാണിച്ചിരിക്കുന്നു.

  ആശംസകള്‍.

  രാജേഷ്‌. സി

  ReplyDelete
 7. സ്വപ്നങ്ങളില്‍ അവശേഷിക്കുന്ന പച്ചവീടുകള്‍....
  അഭിനന്ദനങ്ങള്‍.

  ReplyDelete
 8. അസ്സലായി പറഞ്ഞു ...
  അമേയയും ഹാചിയും മനസ്സ് വേദനിപ്പിച്ചു
  നല്ല കഥ
  ആശസകള്‍ ടീച്ചറെ ....

  ReplyDelete
 9. എക്സ് പ്രസ്‌ ഹൈവേകള്‍ പച്ച വീടുകളെ ഇല്ലാതാക്കുക മാത്രമല്ല, വഴിനടക്കാനുള്ള അവകാശവും എടുത്തുകളയുന്നു. വില കൂടിയ വീട്ടു സാധനങ്ങളായി അടുക്കളയില്‍ വരുന്നു. ആരോഗ്യവും വിദ്യാഭ്യാസവും കച്ചവടവത്ക്കരിച്ചതുപോലെ വഴികളും വില കൊടുത്താല്‍ മാത്രം കിട്ടാവുന്ന ഒന്നായി മാറുന്നു. അപ്പോള്‍ എക്സ് പ്രസ് ഹൈവേകള്‍ ഗൃഹാതുരമായ പച്ച വീടുകളുടെ പ്രശ്നം മാത്രമല്ല. കാലിക വിഷയങ്ങളെ കഥയിലേക്ക്‌ ആനയിക്കാനുള്ള ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.

  ReplyDelete
 10. നല്ല കഥ. നാടിന്‍ പുറം നന്മകളാല്‍ സമൃദ്ധം തന്നെ. കുഞ്ഞു മനസ്സില്‍ പതിഞ്ഞ നന്മ വരികളില്‍ തെളിഞ്ഞപ്പോള്‍, വായനക്കൊടുവില്‍ അതൊരു വേദനയാകുന്നു. അവസാന ഭാഗം വായനക്കാര്‍ക്ക് വിട്ടു കൊടുത്തതാണോ..

  ReplyDelete
 11. കഥക്ക് ചേരുന്ന കൊച്ചു കൊച്ചു വാചകങ്ങള്‍ മനോഹരമായി അടുക്കിയൊതുക്കി നല്ലൊരു കൊച്ചു കഥ.

  ReplyDelete
 12. കഥ മനോഹരമായി...
  ആശംസകള്‍ ..

  ReplyDelete
 13. ആദ്യമായി കുര്‍ള (ബോംബെ ) ട്രെയിന്‍ ഇറങ്ങിയപ്പോള്‍ അവിടെത്തെ കറുത്ത ആകാശവും കരി പുരണ്ട വീടുകളും കണ്ടപ്പോള്‍ ആണ് എന്റെ വീടും പച്ചയാണ് എന്ന തോന്നല്‍ ഉണ്ടായത് ...അങ്ങനെയുള്ളവരുടെ ജീവിതം വരച്ചു വെച്ചിരിക്കുന്നു ഈ ചെറിയ കഥയിലുടെ ....നന്നായിരിക്കുന്നു ....

  ReplyDelete
 14. പച്ചവീട് ഇഷ്ടായി ...!
  മനോഹരമായി പറഞ്ഞ കുഞ്ഞു കഥ ...!

  ReplyDelete
 15. കഥ വായിച്ചു.ഭാവുകങ്ങള്‍ .

  ReplyDelete
 16. നാഗരിക ജീവിതവും ഗ്രാമീണ ജീവിതവും വരച്ച്‌ കാട്ടി, നഷ്ടബോധത്തിന്‌റെ വേര്‍പ്പാടില്‍ നൊമ്പരപ്പെടുന്ന ഒരഞ്ചു വയസ്സുകാരിയുടെ മനോ വ്യാപാരങ്ങളും നായ്ക്കുട്ടിയുടെ വേര്‍പ്പാടുമെല്ലാം അപാരമായി വിവരിച്ചിരിക്കുന്നു,,,, നല്ല ഒരു ചെറുകഥ വായിച്ച പ്രതീതി... ആശംസകള്‍

  ReplyDelete
 17. മനസ്സില്‍ തട്ടിയ കൊച്ചു നൊമ്പരങ്ങള്‍...
  നന്നായി പറഞ്ഞു..അഭിനന്ദനങ്ങള്‍
  ടീച്ചര്‍...

  ReplyDelete
 18. പച്ച വീട്. കൊള്ളാം നല്ല കഥ.

  ReplyDelete
 19. കൊള്ളാം, വളരെ നല്ല രചനകള്‍! ഇപ്പോഴാണ് ഞാന്‍ വായിക്കുന്നത്. വളരെ ഇഷ്ടപ്പെട്ടു.

  ReplyDelete
 20. കള്ളമില്ലാത്ത പിള്ള മനസ്സിന്‍റെ കഥ ,,തുടക്കം മുതല്‍ നന്നായി പറഞ്ഞു വന്നു അവസാനമാകുമ്പോള്‍ ആ ശൈലി കൈവിട്ടത് പോലെ തോന്നി ,,,ഇഷ്ടമായി ഈ കഥയും !!
  ---------------------------------
  വര്‍ത്തമാനത്തില്‍ വെളിച്ചം കണ്ടുവല്ലേ ആശംസകള്‍

  ReplyDelete
 21. കഥ വായിച്ചു കേട്ടൊ.

  ReplyDelete
 22. എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 23. നേരത്തെ ഇവിടെ ഒന്ന് വന്ന് പോയെങ്കിലും ഒരു കമന്റു പാസ്സാക്കാന്‍ കഴിഞ്ഞില്ല
  വളരെ സരളമായ ഭാഷയില്‍ ഒരു നല്ല കഥ പറഞ്ഞിരിക്കുന്നു ഇവിടെ
  വീണ്ടും വരാം ഒപ്പം എന്റെ ബ്ലോഗില്‍ വന്ന് കുറിപ്പ് തന്നു പോയതിലും വലിയ സന്തോഷം
  വീണ്ടും കാണാം
  നന്ദി നമസ്കാരം

  ReplyDelete
 24. കൊള്ളാം നല്ല കഥ.

  ReplyDelete
 25. ലളിതമായ ഭാഷയിൽ പറഞ്ഞ കഥ. ഭാവുകങ്ങൾ.

  ReplyDelete
 26. പ്രിയപ്പെട്ട മിനി,

  വളരെ നല്ല കഥ......പച്ചവീട് ശരിക്കും ഹൃദയസ്പര്‍ശിയായി.........!

  അഭിനന്ദനങ്ങള്‍....!

  സസ്നേഹം,

  അനു

  ReplyDelete